‘ഇത് അംഗീകരിക്കാനാവാത്തത്’; ആദിവാസികള്‍ക്ക് തിയറ്ററില്‍ പ്രവേശനം നിഷേധിച്ച സംഭവം, പ്രതികരിച്ച് കമല്‍ ഹാസനും വിജയ് സേതുപതിയും
സിനിമ കാണാന്‍ എത്തിയ ആദിവാസി കുടുംബത്തെ തിയറ്ററില്‍ കയറ്റാതിരുന്ന സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ചെന്നൈ രോഹിണി തിയറ്ററില്‍ എത്തിയ നരികുറവ വിഭാഗത്തില്‍പ്പെട്ടവരാണ് വിവേചനം നേരിടേണ്ടിവന്നത്. ഇതിന്റെ വിഡിയോ വൈറലായതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തമിഴ് സിനിമയിലെ പ്രമുഖര്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
കമല്‍ ഹാസന്‍, വിജയ് സേതുപതി, വെട്രിമാരന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് തിയറ്ററിന്റെ നടപടിയെ ചോദ്യം കൊണ്ട് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ആദിവാസി വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിയെ അപലപിച്ചുകൊണ്ടായിരുന്നു കമല്‍ഹാസന്റെ പോസ്റ്റ്.
ഇത്തരത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് വിജയ് സേതുപതിയും പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കണം എന്നാണ് താരം പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
പത്തു തല കാണാനായി മോണിങ് ഷോയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം ടിക്കറ്റെടുത്തത്. എന്നാല്‍ അകത്ത് കയറാന്‍ തിയറ്റര്‍ ജീവനക്കാര്‍ തയാറായില്ല. സിനിമ കാണാനെത്തിയ ഒരാളാണ് ഇതിന്റെ വിഡിയോ പകര്‍ത്തിയത്. ടിക്കറ്റ് ഉണ്ടല്ലോ അകത്തേക്ക് കയറ്റാത്തത് എന്തുകൊണ്ടാണെന്ന് ഇയാള്‍ ചോദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഈ വിഡിയോ വൈറലായതോടെയാണ് ആദിവാസി കുടുംബത്തെ തിയറ്ററിനുള്ളില്‍ കയറ്റാന്‍ മാനേജ്‌മെന്റ് തയാറായത്. ചിത്രം യു/എ സര്‍ട്ടിഫൈഡ് ആണെന്നും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നുമായിരുന്നു തിയറ്ററിന്റെ വാദം.