പോടാ കാൻസറേ എനിക്കിനിയും കളിക്കണം !!

പ്രായം 46 …., രണ്ട് കാൻസർ ശസ്‌ത്രക്രിയകൾ.
പ്രായപൂർത്തിയായ രണ്ട് പെണ്മക്കൾ. എന്നിട്ടും കളിക്കളത്തിലെ കൊടുങ്കാറ്റാണ് മീർണ !
ബോസ്നിയ ഹെർസേഗോവിനയിൽ ജനിച്ച മിർണ പൗനോവിച്ചിന് വയസു 46 കഴിഞ്ഞിരിക്കുന്നു.
ഒപ്പം ബാസ്സ്കറ്റ് ബാൾ കളിച്ചവരൊക്കെ അമ്മൂമ്മമാരായി വീട്ടിലിരിക്കുമ്പോഴും മിർണ ഇന്നും കോർട്ടിൽ വിജയങ്ങൾ ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു..!
ഏറ്റവും ഒടുവിൽ ജർമനിയിലെ വനിതാ നാഷണൽ ബാസ്കറ്റുബാൾ ലീഗിൽ കിരീടം നേടിയ ഫ്രയ്ബുർഗ്
ടീമിന്റെ നായികയും ഫൈനൽ മത്സരത്തിലെ ടോപ് സ്ക്കോററും അവരായിരുന്നു. 26 പോയിന്റ്. ആറു റീബൌണ്ടുകൾ..!
അതിനു മുൻപ് 40 നു മുകളിലുള്ളവർക്കുള്ള ഇന്റർ കൊണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ സ്വന്തം രാജ്യമായ ബോസ്നിയയെ കിരീടം ചൂടിപ്പിച്ച പ്രകടനം. അവിടെയും ടോപ് സ്‌കോറർ മറ്റാരും ആയിരുന്നില്ല

2015 ൽ സ്തനാർബുദം ബാധിച്ചു ശസ്ത്രക്രിയ്ക്ക് വിധേയയായപ്പോൾ എല്ലാവരും കരുതി മിർണയുടെ ” കളി അതോടെ കഴിഞ്ഞെന്നു “.
എന്നാൽ മൂന്നു മാസം കഴിഞ്ഞപ്പോൾ ഒന്നും സംഭവിച്ചിട്ടിട്ടില്ലാത്തത് പോലെ അവർ തിരിച്ചത്തി കോർട്ടിലെ പുലിയായി.
2017 ൽ വീണ്ടും രോഗം. സർജറിയും കീമോ തെറാപ്പിയും കഴിഞ്ഞപ്പോൾ സുന്ദരമായ നീണ്ട മുടി കൊഴിഞ്ഞു പോയി
മൊട്ടത്തലയായി. ബാസ്കറ്റ് ബാൾ കോർട്ടിൽ തിരിച്ചെത്തിയിട്ടു നമ്മുടെ ഇന്നസെന്റ് ചേട്ടന്റെ ശൈലിയിൽ പറഞ്ഞു….,
നീ പോടാ കാൻസറെ, എനിക്ക് വേറെ പണിയുണ്ട്…
എന്നിട്ട് നേരെ പോയി ദേശീയ ലീഗിൽ ഫൈനലിൽ കളിക്കാൻ. അതിനിടയിൽ ജർമനിയിലെ
തൊഴിൽ വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലിയും കിട്ടി.
1990 ൽ ക്രൊയേഷ്യൻ വനിതാ ലീഗിലാണ് കളി തുടങ്ങിയത്. തുടർന്ന് ആസ്ട്രീയ സെർബിയ ഇസ്രായേൽ ജർമനി തുടങ്ങി യൂറോപ്പിലെ എല്ലാ പ്രമുഖ ലീഗിലും കളിച്ചു ജയിച്ചു ടോപ് സ്കോററും ആയി.
യുഗോസ്ലെവ്യയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോഴാണ് 15 കാരിയായ മിർണ മാതാപിതാക്കൾക്കൊപ്പം അഭയാർഥിയായി ജർമനിയിൽ എത്തിയത്.
അവിടുന്നായിരുന്നു ബാസ്കറ്റ് ബാൾ കളിക്കാരിയായുള്ള ദേശാടനം. ഒടുവിൽ 2005 ൽ തിരിച്ചെത്തി യു എസ് സി ഫ്രയ്ബുർഗ് ടീമിൽ അംഗമായി. അന്നുമുതൽ ഇന്നുവരെ ആ ടീമിന്റെ എല്ലാ വിജയങ്ങളിലും പങ്കാളി.
സാർവ്വ ദേശീയ മത്സരങ്ങളിൽ സ്വന്തം രാജ്യമായ ബോസ്നിയക്കും കളിക്കുന്നു ഈ വയസാം കാലത്ത്.
അതിനിടയിൽ കാൻസറിന് എതിരെയുള്ള പോരാട്ടം. വിവാഹം രണ്ടു പെണ്മക്കളുടെ മാതാവ്…!
മിർണയുടെ കഥ എനിക്ക് പറഞ്ഞുതന്നത് ലൈ പ്സിഷ് യൂണിവേഴ്സിറ്റി ആശുപത്രിയുടെ ഭാഗമായ റീഹാ സെന്ററിലെ മാർക്കോ. അവിടുത്തെ ഫ്ലീഗ നഴ്സിങ് അസിസ്റ്റന്റ്. രണ്ടു ദിവസമായി ഞാൻ അവിടെയാണ്. ഇന്നലെ ലൈപ്സിഷ് / ഡോർട്മുണ്ട് മത്സരം കണ്ടത് അവിടുത്തെ വിശാലമായ സന്ദർശക ഹാളിലെ വലിയ സ്‌ക്രീനിൽ. ഞങ്ങൾ ഒരുമിച്ചായിരുന്നു
കളി കണ്ടത്. എനിക്ക് കളി എഴുത്തിന്റെ സൂക്കേട് ഉണ്ടന്നറിഞ്ഞപ്പോഴാണ് മിർണക്കൊപ്പം അഭയാർഥിയായിട്ടെത്തിയ മാർക്കോ അവളുടെ കഥ പറഞ്ഞത്.