ദേശീയ പാര്‍ട്ടി നിര്‍വചിക്കപ്പെടുന്നത് എങ്ങനെ?

രാജ്യത്തെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പദവി റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കാണ് ദേശീയ പദവി നഷ്ടമായത്. അതേസമയം, ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കുകയും ചെയ്തു. സിപിഐയ്ക്ക് ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവിയും നഷ്ടമായിട്ടുണ്ട്.  കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പൂരിലും മാത്രമായി സിപിഐയ്ക്ക് സംസ്ഥാന പാര്‍ട്ടി പദവി. ഇതോടെ ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), എഎപി എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയിലെ ദേശീയ പാര്‍ട്ടികള്‍. ഡല്‍ഹിയിലും പഞ്ചാബിലും ഭരിക്കുന്ന എഎപിക്ക് ഗോവയിലും ഗുജറാത്തിലുമടക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ കാരണമായത്.

എന്താണ് ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം, പരിശോധിക്കാം. 

ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടി ആയി അംഗീകരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനം കൈക്കൊള്ളുന്നത്.

എന്താണ് ദേശീയ പാര്‍ട്ടി ?

ഒരു പ്രത്യേക സംസ്ഥാനത്തോ, പ്രദേശത്തോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിക്ക് വിപരീതമായി ദേശീയമായി സാന്നിധ്യമുള്ള ഒരു പാര്‍ട്ടിയാകും ‘ദേശീയ പാര്‍ട്ടി’ എന്നറിയപ്പെടുക. ഇങ്ങനെ ദേശീയ പാര്‍ട്ടിയാകാനുള്ള സ്വാധീനം നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ട് വിഹിതവും സീറ്റ് എണ്ണവും കണക്കാക്കിയാണ്. അതായത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇവയ്ക്ക് പ്രാതിനിധ്യം വേണമെന്നില്ല. മറിച്ച് ഒരു സംസ്ഥാനത്ത് സമ്പൂര്‍ണ ആധിപത്യം ഉണ്ടെങ്കിലും അവിടുത്തെ മുഴുവന്‍ സീറ്റിലും ജയിച്ചാലും ആ പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കണമെന്നില്ല. തമിഴ്നാട്ടിലെ ഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് വലിയ ആധിപത്യം ഉണ്ടെങ്കിലും ഇവയൊക്കെ ഇപ്പോഴും പ്രാദേശിക പാര്‍ട്ടികളാണ്.

ദേശീയ പാര്‍ട്ടി നിര്‍വചിക്കപ്പെടുന്നത് എങ്ങനെ?

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച് ഒരു പാര്‍ട്ടിയെ ‘ദേശീയ പാര്‍ട്ടി’യായി അംഗീകരിക്കണമെങ്കില്‍ താഴെ പറയുന്ന 3 നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കണം.

  1. കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ അംഗീകൃത സംസ്ഥാന പാര്‍ട്ടിയായിരിക്കണം.
  2. തൊട്ട് മുന്‍പത്തെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറ് ശതമാനമെങ്കിലും വോട്ട് വിഹിതമുണ്ടാകണം. ഒപ്പം ലോക്‌സഭയില്‍ കുറഞ്ഞത് നാല് എംപിമാരെങ്കിലും ഉണ്ടാകണം.
  3. ലോക്‌സഭയിലെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും സീറ്റുകളില്‍, മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ നിന്നായി, വിജയിക്കണം.

സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍

  1. അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 6 ശതമാനം വോട്ട് വിഹിതവും രണ്ട് എംഎല്‍എമാരും ഉണ്ടാകണം. അല്ലെങ്കില്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ സംസ്ഥാനത്ത് നിന്ന് ആറ് ശതമാനം വോട്ട് വിഹിതവും ആ സംസ്ഥാനത്ത് നിന്ന് കുറഞ്ഞത് ഒരു എംപിയും ഉണ്ടായിരിക്കണം.
  2. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ കുറഞ്ഞത് മൂന്ന് ശതമാനം അല്ലെങ്കില്‍ മൂന്ന് സീറ്റുകള്‍ നേടിയിരിക്കണം. (ഏതാണോ കൂടുതല്‍ അത്.)
  3. ഓരോ 25 അംഗങ്ങള്‍ക്കും കുറഞ്ഞത് ഒരു എംപി ഉണ്ടായിരിക്കണം.
  4. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാനത്ത് നിന്നുള്ള മൊത്തം സാധുതയുള്ള വോട്ടിന്റെ കുറഞ്ഞത് എട്ട് ശതമാനമെങ്കിലും നേടിയിരിക്കണം.

വോട്ട് വിഹിതവും സീറ്റും സംബന്ധിച്ച മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് പുറമെ, ദേശീയ-സംസ്ഥാന പദവി ലഭിക്കാന്‍ മറ്റുചില കാര്യങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും.

  • സാമ്പത്തിക നില- പാര്‍ട്ടിക്ക് സ്ഥിരം ഓഫീസും രജിസ്റ്റര്‍ ചെയ്ത ഭരണഘടനയും വേണം. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.
  • രാഷ്ട്രീയ പ്രവര്‍ത്തനം- ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കണം
  • സംഘടനാ സംവിധാനം- കൃത്യമായ സംഘടനാ സംവിധാനം ഉണ്ടായിരിക്കണം. നേതൃത്വത്തിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കണം
  • ദേശീയ പാര്‍ട്ടിയായാലുള്ള ഗുണങ്ങള്‍?

ദേശീയ പദവി ലഭിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പല ഗുണങ്ങളുണ്ട്. സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ ചിഹ്നം പാര്‍ട്ടിക്ക് ഉപയോഗിക്കാം. മറ്റാര്‍ക്കും ഈ ചിഹ്നം ഉപയോഗിക്കാനുമാകില്ല. ഒപ്പം തിരഞ്ഞെടുപ്പ് സമയത്ത് റേഡിയോയിലും ടെലിവിഷനിലും പ്രചാരണത്തിനായി കൂടുതല്‍ സമയം അനുവദിക്കപ്പെടും. ഒരു ദേശീയ പാര്‍ട്ടിക്ക് രാജ്യത്ത് എവിടെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതുവഴി കൂടുതല്‍ ഇടങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാം. മറ്റൊരു പ്രധാന ഗുണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 40 സ്റ്റാര്‍ പ്രചാരകരെ ഉപയോഗിക്കാമെന്നതാണ്. അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് 20 പേരെ വരെയേ ഉള്‍പ്പെടുത്താനാകൂ. പ്രചാരണവുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ മൊത്തം ചെലവില്‍ സ്റ്റാര്‍ പ്രചാരകരുടെ ചെലവ് ഉള്‍പ്പെടില്ല എന്നതാണ് പ്രത്യേകത. ദേശീയ പദവിയുള്ള പാര്‍ട്ടികള്‍ക്ക് ദേശീയ ആസ്ഥാനം പണിയാന്‍ സര്‍ക്കാര്‍ സ്ഥലമനുവദിക്കും എന്നതും ശ്രദ്ധേയമാണ്.

One thought on “ദേശീയ പാര്‍ട്ടി നിര്‍വചിക്കപ്പെടുന്നത് എങ്ങനെ?

  • April 11, 2023 at 8:49 pm
    Permalink

    Nicely explained and very informative.

    Reply

Leave a Reply

Your email address will not be published. Required fields are marked *