ഉറക്കം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്

ഒരു വ്യക്തിയുടെ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുക ഉറക്കപ്രശ്നങ്ങളിലൂടെയാണ്. ഉറക്കവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾതന്നെ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഇന്‍സോമാനിയ'( Insomnia)അഥവാ ഉറക്കമില്ലാത്ത അവസ്ഥ. അത്രസാധാരണമല്ലെങ്കിലും അമിതമായി ഉറങ്ങുന്നതിനെയും വൈദ്യശാസ്ത്രം ഒരു രോഗമായാണ് കണക്കാക്കുന്നത്. ഇതിനെ ‘ഹൈപർസോമാനിയ’(Hypersomnia) എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ അടുത്ത ദിവസം പുറത്തുവന്ന ഒരു ഗവേഷണഫലം മുന്നറിപ്പുനൽകുന്നത് ഉറക്കം കുഞ്ഞാലും കൂടിയാലും പ്രശ്നമാണെന്നാണ്.
കിടപ്പുരോഗികളിൽ ഏറ്റവും കൂടുതൽ കാണ്ടുവരുന്ന ‘പക്ഷാഘാതം’അഥവാ സ്ട്രോക്ക് (Stroke)എതൊരു വ്യക്തിയുടെയും വാർധക്യകാല ആശങ്കകളിൽ ഒന്നാണ്. ധമനികളിൽ രക്തം കട്ടപിടിച്ച് മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും തുടർന്ന് മസ്തിഷ്കത്തിലെ കോശങ്ങൾ നിർജ്ജീവമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതുമൂലം ശരീരഭാഗങ്ങൾ ഭാഗികമായോ മുഴുവനായോ തളർന്നുപോകുന്നു.  ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരാളിൽ പക്ഷാഘാത സാധ്യത ഉയർത്തും എന്നാണ് പുതിയ കണ്ടെത്തൽ.
അയർലണ്ടിലെ ‘ഗാൽവേ സർവകലാശാല’(University of Galway) യിലെ ഡോ. ക്രിസ്റ്റിൻ ഇ. മക്കാർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകുന്നത്. ഭാഗികമായി പക്ഷാഘാതത്തിന് വിധേയരായ  1,799 പേരെയും മസ്തിഷ്കാഘാതം (cerebral hemorrhage) സംഭവിച്ച  439 പേരെയും പങ്കെടുപ്പിച്ചായിരുന്ന ഇതുസംബന്ധിച്ച പഠനം. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതിനിടയിലാണ് ഗവേഷകർക്ക് ഉറക്കവും പക്ഷാഘാതവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് സൂചനലഭിച്ചത്.


രോഗം ബാധിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമാസക്കാലത്തെ ഉറക്കശീലങ്ങൾ പ്രത്യേകം വിശകലനം ചെയ്തതിൽ നിന്ന് ഇവരിൽ 90 ശതമാനത്തിൽ കൂടുതൽ പേരും ഉറക്കക്കുറവോ ഉറക്കക്കൂടുതലോ അനുഭവിച്ചവരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഒരു ദിവസം നാലു മണിക്കൂറിൽ കുറവ് മാത്രം ഉറങ്ങുന്നവരെ ഉറക്കുറവുള്ളവരായും ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരെ ഉറക്കൂടുതലുള്ളവരായും പരിഗണിച്ചായിരുന്നു പഠനം. ശരാശരി ഏഴു മണിക്കൂർ ഉറങ്ങുന്നരിൽ കണ്ടുവരുന്ന പക്ഷാഘാത സാധ്യതയെ അപേക്ഷിച്ച് ഉറക്കക്കുറവുള്ളവരിൽ മുന്നിരട്ടിയും ഉറക്കക്കൂതലുള്ളവരിൽ രണ്ടിരട്ടിയും രോഗസാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
അതുപോലെത്തനെ സ്ലീപ്പ് അപ്നിയ (sleep apnea)എന്ന അവസ്ഥയുള്ളവരും പക്ഷാഘാതം ബാധിച്ചവരിലുണ്ടായിരുന്നു. പൊണ്ണത്തടിയുള്ളവരും ഉറക്കത്തിൽ ശ്വാസതടസ്സം മൂലം ഇടക്കിടെ ഉണർന്നുപേകുന്നവരുമാണ് ‘സ്ലീപ്പ് അപ്നിയ’ എന്ന രോഗം ബാധിച്ചവർ. ഇക്കൂട്ടരിൽ രോഗ സാധ്യത മൂന്നിരട്ടിയാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.  

Leave a Reply

Your email address will not be published. Required fields are marked *