പതിറ്റാണ്ട് മുമ്പ് ശരീരം പറയും;
നിങ്ങൾ പ്രമേഹ വഴിയിലാണോ എന്ന്

നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം. പാൻക്രിയാസ് ഗ്രന്ഥിയുടെ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതുമൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നുനിൽക്കുന്ന അവസ്ഥയാണിത്.  ദീർഘകാലം നീണ്ടുനിൽക്കുന്ന ഈ അവസ്ഥ  ഹൃദ്രോഗം, വൃക്കരോഗങ്ങൾ, കാഴ്ച്ചക്കുറവ്, കൈകാൽതരിപ്പ്, ഉണങ്ങാത്ത വ്രണങ്ങൾ, ലൈംഗികശേഷി നഷ്ടമാവൽ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ ഗവേഷണങ്ങൾ നടക്കുന്ന ഒരു മേഖല കൂടിയാണിത്.
നിലവിൽ ശരീരഭാരം, പാരമ്പര്യം, ജീവിതശൈലി, മരുന്നുകളുടെ നിരന്തരമായ ഉപയോഗം എന്നിവമൂലം ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടാവാനുള്ള സാധ്യത നിർണ്ണയിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നുണ്ട്. എന്നാൽ ഈ അടുത്തു നടന്ന ഗവേഷണങ്ങളിൽ കണ്ടെത്തിയ ചില വസ്തുതകൾ പ്രമേഹരോഗികൾക്ക് ആശ്വാസം പകരുന്നവയാണ്.
ഒരു വ്യക്തിക്ക് പ്രമേഹം വരുന്നതിന് 10 വർഷങ്ങൾക്ക് മുമ്പ് തന്നെ രക്തപരിശോധനയിലൂടെ രോഗസാധ്യത പ്രവചിക്കാനാവും എന്നാണ് ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പറയുന്നത്. സ്കോട്ട്‍ലാന്റിലെ എഡിൻബർഗ് സർവ്വകലാശാലയിൽ (The University of Edinburgh)നടന്ന പഠനമാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
പ്രൊഫ. റിക്കാർഡോ മരിയോണി (Prof.Riccardo Marioni) യുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടന്നത്. 15 വർഷമായി 14,613 പേരിൽ നടത്തിയ പരീക്ഷണങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
രക്തപരിശോധന വഴി ഡി.എൻ.എയിലുണ്ടാവുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിക്ക് ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യതയെ കണ്ടെത്താൻ കഴിയുന്നത്. ഇതിന്  ഡി.എൻ.എ മെതിലേഷൻ (DNA methylation)എന്ന പ്രകൃയവഴി ലഭ്യമാകുന്ന വിവരങ്ങൾ വിശദമായി വിശകലനം ചെയ്യുന്നതിലൂടെയാണ് രോഗസാധ്യത നിർണ്ണയിക്കുന്നത്.
നിലവിൽ ഡോക്ടർമാർ പ്രമേഹസാധ്യത നിർണ്ണിയിക്കുന്നത് വ്യക്തിയുടെ  പ്രായം, ഭാരം, കുടുംബ ചരിത്രം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇതിന് വേണ്ടത്ര കൃത്യതയില്ലെന്നത് ഒരു പോരായ്മയാണ്.
ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തൽ പ്രമേഹരോഗ ചികിത്സയിൽ വഴിത്തിരിവാകുന്നത്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്ചർ ഏജിംഗ് ജേണിലി’ലാണ് പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *