Entertainments TalkWe Talk

ഒറ്റപ്പടത്തിന് 100 കോടി; അല്ലു ഇന്ത്യയില്‍ പ്രതിഫലത്തില്‍ രണ്ടാമന്‍; ഒന്നാമനാര്?

തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പുഷ്പ: ദി റൈസിന്’ പ്രതിഫലമായി അല്ലു വാങ്ങിയത് 32 കോടി രൂപയാണ്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2, ദ റൂളി’നായി താരം പ്രതിഫലം 100 കോടി രൂപയായി ഉയര്‍ത്തി എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. 

………

ചെന്നൈ: ഒറ്റപ്പടത്തിന് നൂറുകോടി രൂപ പ്രതിഫലം വാങ്ങുന്ന താരം. ശരിക്കും ഞെട്ടിക്കുകയാണ് അല്ലു അര്‍ജുന്‍ എന്ന തെലുങ്ക് താരം. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട അല്ലു, ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. പുഷ്പയുടെ ഗംഭീര വിജയമാണ് നടന്റെ പ്രശസ്തി വര്‍ധിപ്പിച്ചത്. അതിനു മുന്‍പും ഇറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ മിക്കതും വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളാണ്. 

തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘പുഷ്പ: ദി റൈസിന്’ പ്രതിഫലമായി അല്ലു വാങ്ങിയത് 32 കോടി രൂപയാണ്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2, ദ റൂളി’നായി താരം പ്രതിഫലം 100 കോടി രൂപയായി ഉയര്‍ത്തി എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രജനീകാന്തിനെയും, ചിരംഞ്ജീവിയെയും വെട്ടിച്ച് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം എന്ന  പദവിയും അല്ലുവിന് വന്നുചേര്‍ന്നിരിക്കയാണ്. 

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം അല്ലുവല്ല. 130 കോടി പ്രതിഫലം വാങ്ങിയ സല്‍മാന്‍ ഖാന്‍ ആണ് ഒന്നാമന്‍. 80 കോടി വീതം പ്രതിഫലം വാങ്ങിയ ആമിര്‍ഖാനും, അക്ഷയ്കുമാറും തൊട്ടുപിന്നിലുണ്ട്. സൗത്ത് ഇന്ത്യയില്‍ ആവട്ടെ 75 കോടി വീതം രജനിയും, ചിരഞ്ജീവിയും പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ലിക്വിഡ് കാഷിന് പകരം വിതരണവകാശം വാങ്ങുന്ന രജനീകാന്ത് ഒക്കെ ഇതിനേക്കാള്‍ എത്രയോ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. 

ആസ്തി 350 കോടി 

അതുപോലെ അത്യാഢംബര ജീവിതം നയിക്കുന്ന തെന്നിന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അല്ലു. താരത്തിന്റെ അസ്തി  47 മില്യണ്‍ ഡോളറാണ്, അതായത് 350 കോടി രൂപ. പരസ്യങ്ങള്‍ക്ക് ലഭിക്കുന്ന തുക മുതല്‍ സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം അടക്കമുണ്ട് ഈ 350 കോടിയില്‍. മാസത്തില്‍ കുറഞ്ഞത് രണ്ടു കോടി വരെയും വര്‍ഷത്തില്‍ 24 കോടി വരെയും സമ്പാദിക്കുന്ന നടനാണ് അല്ലു അര്‍ജുന്‍ എന്നാണ് ഇന്‍ഫിനിറ്റി നെറ്റ്വര്‍ത്ത് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫ്രൂട്ടി, റാപ്പിഡോ, ആഹാ വീഡിയോ, സൊമാറ്റോ തുടങ്ങി നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അല്ലു അര്‍ജുന്‍.

ഇന്‍ഫിനിറ്റി നെറ്റ്വര്‍ത്ത് പറയുന്നതനുസരിച്ച്, ഓരോ ബ്രാന്‍ഡുകളുടെയും പരസ്യങ്ങള്‍ക്ക് നാല് കോടി രൂപ വരെയാണ് നടന്‍ പ്രതിഫലമായി വാങ്ങുന്നത്. ഇതിനുപുറമെ, ഹൈദരാബാദ് ആസ്ഥാനമായുള്ള കോള്‍ഹെല്‍ത്ത് സര്‍വീസസ് എന്ന ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സേവനങ്ങള്‍, മെഡിസിന്‍ ഡെലിവറി, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍, നഴ്സിംഗ് കെയര്‍, ഫിസിയോതെറാപ്പി സൊല്യൂഷനുകള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ നല്‍കുന്ന ഒരു ഓണ്‍ലൈന്‍ കമ്പനിയാണ് ഇത്. ഒന്നിലധികം ആഢംബര വീടുകളും അല്ലു അര്‍ജുനുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആഡംബര വസതിയിലാണ് നടന്റെ താമസം. രണ്ട് ഏക്കര്‍ സ്ഥലത്ത് 8,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിനും സ്ഥലത്തിനും 100 കോടി മതിപ്പ് വില വരുമെന്നാണ്, ഹൗസിംഗ് ഡോട്ട് കോം പറയുന്നത്. ഇതിനുപുറമെ, 2015-ല്‍ മുംബൈയില്‍ ഒരു രണ്ടു ബെഡ്റൂം അപ്പാര്‍ട്‌മെന്റും അല്ലു അര്‍ജുന്‍ വാങ്ങിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *