ബിബിസിയും കേന്ദ്രവും, ഇഡി കേസിന് പിന്നിലെന്ത്?

അന്താരാഷ്ട്ര മാധ്യമമായ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കേസെടുത്തിരിക്കുകയാണ്. വിദേശ ഫണ്ട് സ്വീകരിച്ചതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് കേസ്. കമ്പനിയുടെ വിദേശ വിനിമയത്തിന്റെ എല്ലാ രേഖകളും ഹാജരാക്കണമെന്നും സ്ഥാപനത്തിലെ മേധാവികൾ മൊഴി നൽകണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണമുണ്ടാകുമെന്നും റിപ്പോ‍‍ർട്ടുണ്ട്. ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇഡി നടപടി. ഇത് തികച്ചും അപ്രതീക്ഷിതമായ ഒരു നടപടിയല്ല. കാരണം ബിബിസി എന്ന മാധ്യമസ്ഥാപനം മോദി സർക്കാരിന്റെ കണ്ണിലെ കരടായിട്ട് കുറച്ച് മാസങ്ങളായി. എന്നാൽ ഇതിന് പിന്നിൽ ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്നതാണ് യാഥാർഥ്യം. അവ എന്തൊക്കെയാണ്, പരിശോധിക്കാം. 

ജനുവരി 18നാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന അന്വേഷണാത്മക ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബിബിസി പുറത്തുവിട്ടത്. 2002ൽ നടന്ന ഗുജറാത്ത് കലാപത്തിലെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പങ്ക് വ്യക്തമായ തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്ററി. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടൻ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡോക്യുമെന്ററി. കലാപത്തിൽ മുസ്ലീങ്ങൾക്ക് നേരെ അക്രമം നടത്താനുള്ള സാഹചര്യമുണ്ടാക്കിയത് സർക്കാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് ബ്രിട്ടീഷ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത സഹായ അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയ ആക്രമണം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് കഴിയില്ലായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി മോദി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും, അക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്നും ഡോക്യുമെന്ററിയിൽ പറയുന്നു.  അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. റിപ്പോർട്ടിലുള്ള പല നിർണായക കാര്യങ്ങളും സംഘത്തിലുണ്ടായിരുന്നവർ തന്നെ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുകയാണ്. പുറത്തു വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡോക്യുമെന്ററി യൂട്യൂബിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ് സർക്കാർ അയച്ച സംഘം വളരെ വിശദമായ റിപ്പോർട്ടാണ് നല്കിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. ‘ഞാൻ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവർ വളരെ സമഗ്രമായ റിപ്പോർട്ടാണ് തയ്യാറാക്കിയത്.’ ജാക് സ്ട്രോ പറഞ്ഞു. അക്രമം രാഷ്ട്രീയ പ്രേരിതമാണെന്നും ഹിന്ദു ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് മുസ്ലീങ്ങളെ തുരത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.  ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് കരുതുന്ന ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ഉണ്ടായില്ലെങ്കിലും മുസ്ലീം വംശഹത്യയിലേക്ക് നയിച്ച കലാപം ഉണ്ടാകുമായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തുന്നു. ഡോക്യുമെന്ററി റിലീസായതിന് പുറമേ ‘കാരവൻ’ മാഗസിൻ ഈ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും പുറത്തുവിട്ടിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് അമേരിക്ക മോദിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. 2012ലാണ് വിലക്ക് നീക്കിയത്.

ഗുജറാത്തിലെ മാധ്യമങ്ങൾ കലാപം ആളിക്കത്തിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് റിപ്പോർട്ട് കണ്ടെത്തുന്നുണ്ട്. മുസ്ലീം വിരുദ്ധത ആളിക്കത്തിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. പ്രാദേശിക പത്രങ്ങൾ കലാപത്തിന് സഹായം ചെയ്തതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. കലാപത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 130 പേരിൽ പകുതിയിലേറെ മുസ്ലീങ്ങളായിരുന്നു. 2000 പേർ കലാപത്തിൽ മരിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിന്റെ നിഗമനം. ദുരിതാശ്വാസ നടപടികളിലും സർക്കാർ വീഴ്ച വരുത്തി- റിപ്പോർട്ട് പറയുന്നു. 

റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലാണ് ആക്രമണത്തിന്റെ വ്യാപ്തി. കുറഞ്ഞത് 2000 പേരെങ്കിലും കലാപത്തിൽ കൊല്ലപ്പെട്ടു. മുസ്ലീം സ്ത്രീകൾ വ്യാപകമായി ബലാത്സംഗത്തിനിരയായി. 138,000 പേരാണ് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തത്. കലാപം നടന്ന പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മനുഷ്യാവകാശ പ്രവർത്തകർ, സമുദായ നേതാക്കൾ, ഡിജിപി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെയെല്ലാം നേരിൽ കണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. മുസ്ലീങ്ങൾ നടത്തിയിരുന്ന വ്യാപാര സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലങ്ങളിൽ പോലും മുസ്ലീങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ മാത്രമായിരുന്നു അഗ്‌നിക്കിരയാക്കപ്പെട്ടതെന്ന് പോലീസ് അഡിഷണൽ കമ്മീഷണറെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് പുറമെ അഞ്ച് സംസ്ഥാന മന്ത്രിമാരും ആദ്യ ദിവസം കലാപത്തിൽ പങ്കെടുത്തതായുള്ള ദൃക്സാക്ഷികളുടെ മൊഴികളും റിപ്പോർട്ടിലുണ്ട്.  

രാജ്യത്ത് ഭരണത്തിലുള്ള പാർട്ടിയെയും പ്രധാനമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള അതീവ ഗുരുതര കണ്ടെത്തലുകളുമായി എത്തിയ ഡോക്യുമെന്ററി രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പിന്നാലെ ഡോക്യുമെന്ററിയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. വ്യക്തമായ അജണ്ടയുടെ ഭാഗമാണ് ഡോക്യുമെന്ററിയെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. ”അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ട് മാത്രം നിർമിച്ചതാണിത്. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും അതിൽ വ്യക്തമായി കാണാം”- ബാഗ്ചി പറഞ്ഞു. ഒപ്പം ഡോക്യുമെന്ററിയുടെ സംപ്രേഷണം സർക്കാർ തടഞ്ഞു. ജനുവരി 21 ന് വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ യുട്യൂബ്, ട്വിറ്റർ എന്നിവയിൽ നിന്ന് നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം നൽകി. ഐടി റൂൾസ് 2021ന് കീഴിലുള്ള അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ചായിരുന്നു ലിങ്കുകൾ നീക്കം ചെയ്യാനുള്ള നിർദേശം. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെയും വ്യാപക വിമർശനം ഉയർന്നു. 

ഡോക്യുമെന്ററി പ്രദ‍ർശിപ്പിക്കാനോ കാണാനോ അനുവദിക്കില്ലെന്ന് സർക്കാരും  പ്രദർശിപ്പിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും നിലപാടെടുത്തു. ഡോക്യുമെന്ററി പ്രദർശനത്തിനിടെ ജെഎൻയു ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ സംഘർഷമുണ്ടായി. പ്രദർശനത്തിന് തൊട്ടുമുൻപായി ക്യാമ്പസിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചതോടെ പ്രദർശനത്തിനായി ഒത്തുചേർന്ന വിദ്യാർഥികൾ ലാപ്‌ടോപിലും മൊബൈൽ ഫോണിലുമായി ഡോക്യുമെന്ററി കണ്ടു. ഡോക്യുമെന്ററി കണ്ടിറങ്ങിയ വിദ്യാർഥികൾക്ക് നേരെ കല്ലേറുമുണ്ടായി. ഇതേ തുടർന്ന് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ഡോക്യുമെന്ററി പ്രദർശനത്തിനെത്തിയ വിദ്യാർഥികൾ ആരോപിച്ചത്.

നിരോധനവും, നിയന്ത്രണങ്ങളും, പ്രതിഷേധവും നിലനിൽക്കെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി സംപ്രേഷണം ചെയ്തു. ഇന്ത്യയിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ സർക്കാരും, ന്യൂനപക്ഷമായ മുസ്ലീം വിഭാഗവും തമ്മിലുള്ള ബന്ധം, സമുദായിക അന്തരീക്ഷം എന്നിവയെ പരാമർശിക്കുന്നതാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം. ഒരു മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. ഇന്ത്യയിൽ ഏറെ വിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ആമുഖത്തോടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇതിനൊപ്പം രാജ്യത്ത് അരങ്ങേറിയ ആൾക്കൂട്ട ആക്രമണങ്ങളുടെ ഗ്രാഫിക്കൽ വീഡിയോകളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുന്നു. 2019 ലെ ബിജെപിയുടെ അഭൂതപൂർവമായ വിജയത്തെക്കുറിച്ച് പരാമർശിക്കുന്ന ഡോക്യുമെന്ററി, വലിയ ജനപിന്തുണയോടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടതിന് പിന്നിലെ പ്രവർത്തനങ്ങളെ കുറിച്ചും പരാമർശിക്കുന്നു. രാഷ്ട്രീയ നിരീക്ഷകനായ ക്രിസ് ഓഗ്ഡനാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്.

കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തെ കുറിച്ചും ഇതിൽ പരാമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ നടപ്പാക്കിയതിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങൾ, ഡൽഹി കലാപം എന്നിവയുടെ ദൃശ്യങ്ങളും ഡോക്യുമെന്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിച്ച് പ്രതിഷേധക്കാരെ സുരക്ഷാ സേന മർദ്ദിക്കുന്ന ദൃശ്യങ്ങൾ, എൻആർസി പ്രകാരം തടവിലാക്കപ്പെട്ട കുടുംബങ്ങൾ, 2020 ലെ ഡൽഹി അക്രമത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുമായുള്ള അഭിമുഖങ്ങൾ എന്നിവയ്ക്ക് ഒപ്പം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ മോദി നടത്തിയ റാലിയുടെ രംഗങ്ങളും ഡോക്യുമെന്റിയിൽ ഉണ്ട്. ‘നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഏങ്ങനെ മാറി, ഒരേസമയം അദ്ദേഹം ജനപ്രിയനും, വിഭാഗീയത ഉണ്ടാക്കുന്ന വ്യക്തിയായും തുടരുന്നതെങ്ങനെ’ എന്ന പരാമർശത്തോടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

തുടർന്ന് ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. 60 മണിക്കൂറിലധികം നീണ്ട പരിശോധനയായിരുന്നു നടന്നത്. പരിശോധനയിൽ രേഖകളും മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു. ഓഫീസുകൾ സീൽ ചെയ്യുകയും ജീവനക്കാരോട് വിവരങ്ങൾ മറ്റാരുമായി പങ്കുവെക്കരുതെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ നികുതി ഉദ്യോഗസ്ഥർ പിന്നീട് ബിബിസി ഓഫീസുകളിലേത് റെയ്ഡല്ലെന്നും സർവേയാണെന്നും പിടിച്ചെടുത്ത ഫോണുകൾ തിരിച്ചു നൽകുമെന്നും അറിയിച്ചു. നികുതി ഉദ്യോഗസ്ഥർ ബിബിസിയുടെ ധനകാര്യ വിഭാഗത്തോട് ബാലൻസ് ഷീറ്റുകളും അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടതായും അവർ കൂട്ടിചേർത്തു. മൂന്ന് ദിവസം നീണ്ടുനിന്ന ആദായ നികുതി പരിശോധനയ്ക്ക് പിന്നാലെ ഇന്ത്യയിലെ ജീവനക്കാർക്ക് പിന്തുണയറിയിച്ച് ബിബിസി ഡയറക്ടർ ടിം ഡേവി രം​ഗത്തെത്തിയിരുന്നു. ആരെയും പ്രീതിപ്പെടുത്താൻ താല്പര്യമില്ല, ഒട്ടും ഭയവുമില്ല, നിഷ്പക്ഷമായി റിപ്പോർട്ടിങ് തുടരുമെന്നും ബിബിസി ഡയറക്ടർ അറിയിച്ചു. ഇന്ത്യയിലെ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലായിരുന്നു ടിമ്മിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് വിശ്വസ്തത പുലർത്തും. വാർത്തകൾ സത്യസന്ധമായി നൽകും. ആ ചുമതലയിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിബിസിക്ക് ഒരു അജണ്ടയുമില്ല. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുക, നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്നതുമാണ് ബിബിസിയുടെ ലക്ഷ്യം. ജീവനക്കാർക്ക് ജോലി ചെയ്യാൻ വേണ്ട എല്ലാ സുരക്ഷയും ബിബിസി നൽകുമെന്നും ഡേവി വ്യക്തമാക്കി. 

പിന്നീട് ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തി. ബിബിസിയുടെ വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് ആരോപിച്ചു. ജീവനക്കാരുടെ മൊഴികൾ, ഡിജിറ്റൽ ഫയലുകൾ, രേഖകൾ തുടങ്ങി കണ്ടെടുത്ത തെളിവുകൾ പരിശോധിച്ചു വരികയാണെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇഡി നടപടി.

ഇതിനിടെ ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു എന്നതും ശ്രദ്ധേയമാണ്. വിലക്കേർപ്പടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് തള്ളിയത്. ഹർജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതിക്ക് സെസർഷിപ്പ് ഏർപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും എം എം സുന്ദരേശും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നാണോ ആവശ്യമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പിങ്കി ആനന്ദിനോട് കോടതി ആരാഞ്ഞു. കഴമ്പില്ലാത്തതാണ് ഹർജിയെന്നും കൂടുതൽ സമയം കളയാനില്ലെന്നും പറഞ്ഞാണ് കോടതി ഹർജി തള്ളിയത്.  ഇന്ത്യയിൽ രാജ്യ വിരുദ്ധ മനോഭാവം വളർത്താൻ ശ്രമിക്കുകയാണ് ബിബിസി എന്ന ആരോപണമുയർത്തിയായിരുന്നു ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണുഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. 

ഒപ്പം ബിബിസി ഡോക്യുമെന്ററി തടയാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ കേന്ദ്രസർക്കാരിന് പരമോന്നത കോടതി നോട്ടീസ് അയച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം എൽ ശർമ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഏപ്രിലിൽ നടക്കുന്ന അടുത്ത വാദത്തിൽ ഉത്തരവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് ഇഡി ബിബിസിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എതിർക്കുന്ന ശബ്ദങ്ങളെയൊക്കെ ഏതു വിധേനയും അടിച്ചമർത്തുന്ന ഏകാധിപത്യ നടപടിയാണിതെന്ന വിമർശനം ഉയരുന്നതിൽ തെറ്റ് പറയാനാവില്ല. നിയമത്തിന്റെ വഴിയിൽ കേസ് മുന്നോട്ടു പോകുമ്പോൾ എന്താണ് ഇനി സംഭവിക്കുകയെന്നും ബ്രിട്ടന്റെ നിലപാട് എന്തായിരിക്കുമെന്നും കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *