നിലാവുള്ള രാത്രികളില്‍ ആത്മഹത്യകൂടുന്നത് എന്തുകൊണ്ട്?

പൂര്‍ണ ചന്ദ്രനുള്ള ദിവസം ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നുവെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍. രാത്രിയില്‍ പരക്കുന്ന നിലാവെളിച്ചം മനുഷ്യരില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.

സ്വന്തം ലേഖകന്‍

ന്യൂയോര്‍ക്ക്: നിലാവുള്ള രാത്രികളില്‍ പാടത്തിന്‍ കരയിലെ പ്ലാവില്‍ തൂങ്ങിമരിച്ച കാല്‍പ്പനിക ആത്മഹത്യകളെക്കുറിച്ചുള്ള കഥകള്‍ ചങ്ങമ്പുഴക്കാലം തൊട്ട് തന്നെ മലയാളി ഏറെ കേട്ടതാണ്. നിലാവും ആത്മഹത്യയും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് പണ്ടുമുതലേ കേട്ടുവരുന്ന കാര്യമാണ്. എന്നാല്‍ ഇതില്‍ അല്‍പ്പം കഴമ്പുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. പൂര്‍ണ ചന്ദ്രനുള്ള ദിവസം ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നുവെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍. രാത്രിയില്‍ പരക്കുന്ന നിലാവെളിച്ചം മനുഷ്യരില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.

നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരം ( ബയോളജിക്കല്‍ ക്ലോക്ക്) സാധാരണ നിലയില്‍ 24 മണിക്കൂറിലാണ് ഒരു ചക്രം പൂര്‍ത്തിയാക്കുന്നത്. രാത്രിയില്‍ ഇരുട്ടിന് പകരം നിലാവെളിച്ചം പരക്കുമ്പോള്‍ അത് നമ്മുടെ ജൈവഘടികാരത്തേയും പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുന്നു. ഇന്ത്യാനയില്‍ 2012-16 കാലയളവില്‍ സംഭവിച്ച ആത്മഹത്യകളുടെ കണക്കെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ നിന്നും പൂര്‍ണ ചന്ദ്രനുദിക്കുന്ന രാത്രികളില്‍ ആത്മഹത്യകള്‍ കൂടുന്നുവെന്നും അതില്‍ തന്നെ 55 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ കൂടുതല്‍ അപകട സാധ്യതയില്‍ പെടുന്നുവെന്നും കണ്ടെത്തി.

സാധാരണ ദിവസങ്ങളില്‍ ഏതുസമയത്താണ് കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നും സംഘം പരിശോധിച്ചു. ഉച്ചക്ക് ശേഷം മൂന്നു മുതല്‍ നാലു വരെയുള്ള സമയത്താണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നത്. പകല്‍ വെളിച്ചം കുറഞ്ഞു തുടങ്ങുന്ന സമയമാണിത്. സെപ്റ്റംബറാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിച്ച മാസമെന്നും ഡിസ്‌കവര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച അലക്സാണ്ടര്‍ നിക്കുളസ്‌കുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നു.

ഇവര്‍ നേരത്തേ തന്നെ മാനസിക പ്രശ്നങ്ങളെ രക്തപരിശോധനയിലൂടെ ബയോ മാര്‍ക്കറുകള്‍ തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന രീതി വികസിപ്പിച്ചെടുത്തിരുന്നു. അതുപോലെ ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരില്‍ കണ്ടുവരുന്ന പ്രത്യേകം ബയോമാര്‍ക്കറുകള്‍ തിരിച്ചറിയാനാവുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുണ്ടെന്ന് രക്തപരിശോധനയില്‍ തിരിച്ചറിയപ്പെടുന്നവരില്‍ തന്നെ മദ്യപാനാസക്തിയുള്ളവരും വിഷാദ രോഗമുള്ളവരുമാണ് കൂടുതല്‍ അപകടത്തിലുള്ളതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഉച്ചക്കു ശേഷം മൂന്നു മുതല്‍ നാലു വരെയുള്ള സമയത്ത് വെളിച്ചം കുറയുന്നതിനൊപ്പം ദിവസം മുഴുവന്‍ നീണ്ട മാനസിക സമ്മര്‍ദം പരമാവധിയിലേക്കെത്താനുള്ള സാധ്യതയുമുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ ഇന്ത്യാനയില്‍ അവധിക്കാലം അവസാനിക്കുന്ന മാസമാണ് സെപ്റ്റംബര്‍. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ തിരിച്ചുവരുന്നതും തെറ്റായ തീരുമാനങ്ങളിലേക്ക് പലരേയും നയിച്ചിട്ടുണ്ടാവാം എന്നും പഠനം പറയുന്നു.

എന്നാല്‍ ഈ പഠനത്തിന് പൂര്‍ണ്ണമായും ശാസ്ത്രീയ അടിത്തറയില്ലെന്നും സാമാന്യവത്ക്കരിക്കാന്‍ ആവില്ലെന്നും വിമര്‍ശനം ഉണ്ട്. സാധാരണക്കാരെ അല്ല വിഷാദരോഗികളെയാണ് ഈ പഠനം ലക്ഷ്യമിടുന്നത് എന്നും വിദഗ്ധര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *