B 32 മുതൽ 44 വരെ; സ്ത്രീയുടെ ശാരീരിക സ്വത്വത്തെ അടിസ്ഥാനമാക്കി സാമൂഹിക വിശകലനം നടത്തുന്ന ഒരു സെക്യുലർ സ്ത്രീ പക്ഷ സിനിമ
സമീപകാലത്ത് ഇറങ്ങിയ ഒരു ചെറിയ സിനിമ, ചെറുത് എന്നു പറഞ്ഞാൽ ഒരു സാധാരണ ഫീച്ചർ ഫിലിമിൻ്റെ ദൈർഘ്യമുണ്ടെങ്കിലും വലിയ താര പകിട്ടില്ലാത്ത, ഒരു വനിതാ സംവിധായകൻ്റെ – സംവിധായകൻ – ആദ്യ ചിത്രം ചർച്ച ചെയ്യപ്പെടുകയാണ്

പേരു കൊണ്ടും വിഷയം കൊണ്ടും ആ ചിത്രം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിരിക്കുകയാണ്
B 32 മുതൽ 44 വരെ
സംവിധാനം ശ്രുതി ശരണ്യം
ഇവിടെ ബി എന്നുദ്ദേശിക്കുന്നത് ബ്രായുടെ അളവാണ്
ബോൾഡ് നെസ്, ബ്യൂട്ടി എന്നിങ്ങനെ മയപ്പെടുത്തിപ്പറയാമെങ്കിലും അളവുകൾ സൂചിപ്പിക്കുന്നത് അടിവസ്ത്രത്തെ ത്തന്നെയാണ്.
സ്ത്രീയുടെ ശാരീരിക സ്വത്വത്തെ അടിസ്ഥാനമാക്കി സാമൂഹിക വിശകലനം നടത്തുന്ന ഒരു സെക്യുലർ സ്ത്രീ പക്ഷ സിനിമയാണ് B 32 മുതൽ 44 വരെ
സ്ത്രീ പക്ഷ സിനിമകൾ എന്ന പേരിൽ പലതും മലയാളത്തിൽ വളരെ മുമ്പേ ഇറങ്ങിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരത്തിൻ്റെ കഥ, ആണിനെ വെല്ലുവിളിക്കുന്ന പെണ്ണിൻ്റെ ചരിതം അങ്ങനെ പലതും
1983 ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ആദാമിൻ്റെ വാരിയെല്ല്’ ആണ് എൻ്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ.
അതിനു ശേഷം ചില സ്ത്രീപക്ഷ സിനിമകൾ വന്നെങ്കിലും അവയൊക്കെ ചില പ്രത്യേക മതങ്ങളിലെ കുടുംബ സാഹചര്യങ്ങളെയും അനാചാരങ്ങളെയും വിമർശിക്കുന്നവയായിരുന്നു.
ആദാമിൻ്റെ വാരിയെല്ലു റിലീസായി നാല്പതു വർഷത്തിനു ശേഷം മലയാളത്തിൽ ഒരു സെക്യുലർ സ്ത്രീപക്ഷ സിനിമ പിറക്കുന്നത് ഒരു ചരിത്ര സന്ധിയിലാണ്. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തന്നെ മുൻ കൈയെടക്കുന്ന സാഹചര്യത്തിൽ.. തികച്ചും അഭിനന്ദനീയമാണ് ഈ ഉദ്യമം

ഇനി B 32 ലേക്ക് വരാം
ഘടനാപരമായി ചിത്രത്തിന് ആദാമിൻ്റെ വാരിയെല്ലുമായി സാദൃശ്യം തോന്നാം.
ഒരു മഹനഗരത്തിൽ, അതായത് കൊച്ചിയിൽ വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആറു സ്ത്രീകളെ നാം പരിചയപ്പെടുന്നു. വ്യത്യസ്തമായ ബ്രാ അളവുകൾ ചേർത്ത് അവതരിപ്പിക്കപ്പെടുന്ന ഓരോരുത്തരും സ്ത്രീ സഹജമായ ശാരീരിക ഉൽക്കണ്ഠകൾ പേറുയാണ്.
സിയ, ഇമാൻ, മാലിനി, നിധി, റേച്ചൽ, ജയ എന്നിവർ
നമുക്ക് അവരെ പരിചയപ്പെടാം
ഒരു ട്രാൻസ് മാൻ ആണ് സിയ. അവൾക്ക് ഇനിയും ചുരുങ്ങിയിട്ടില്ലാത്ത സ്വന്തം മാറിടം ഒരു അസൗകര്യമാണ്.. അവളുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ബാലൻ്റെ ചാപല്യങ്ങളോട് അവൾ അസ്വസ്ഥതയോടെയാണ് പ്രതികരിക്കുന്നത്.. ലിംഗസ്വത്വത്തിൻ്റെ അനിശ്ചിതത്വം മാനസികമായി അവളിൽ തുടരുന്നതു പോലെ കാണപ്പെടുന്നു.
സ്തനങ്ങളുടെ വലുപ്പക്കുറവു കാരണം ഭർത്താവിൽ നിന്ന് അവജ്ഞയും ഹോസ്പിറ്റലാറ്റി രംഗത്തെ കരിയറിൽ പ്രതിസന്ധികളും നേരിടുകയാണ് ഇമാൻ……
സ്തനാർബുദം ബാധിച്ച് സർജറിക്ക് വിധേയയായിരിക്കുകയാണ് ശിശുക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന മാലിനി, കീമോ തെറോപ്പിയും മറ്റു ചികിത്സകളും തുടരുന്ന അവൾക്ക് സ്വന്തം ഭർത്താവിൻ്റെ സമീപനത്തിൽ വന്ന മാറ്റമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥിനിയായിരിക്കേ അമ്മയായ നിധിക്ക് പാൽ ചുരത്തുന്ന ശരീരവും സ്വന്തം കുഞ്ഞിനെ അവളിൽ നിന്ന് എടുത്തു മാറ്റുന്ന മാതാപിതാക്കളും പ്രതി സന്ധികൾ തീർക്കുന്നുണ്ട്.
ഫിലിം ഓഡിഷനു പോയി സംവിധായകനിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്ന റേച്ചലിനാകട്ടെ സ്തനങ്ങൾ സ്വന്തം സ്വത്വാഭിമാനമാണ്… കയ്യേറ്റത്തിലൂടെ വേദനയുണ്ടായോ എന്നതല്ല.. അനുവാദമില്ലാത്ത ഒരു പ്രവൃത്തിയിലൂടെ ആത്മാഭിമാനത്തെ മുറിവേല്പിച്ചത് ക്ഷമിക്കാൻ അവൾ തയ്യാറല്ല.
ഒരപകടത്തെ തുടർന്ന് കിടപ്പിലായ ഭർത്താവിന് പകരം കുടുംബം പുലർത്താനായി പല വീടുകളിൽ ജോലി ചെയ്യുന്ന ജയ ഭർത്താവിൻ്റെ കടം തീർക്കാനായി ബ്രാ കമ്പനിയുടെ മോഡലായതിനെ തുടർന്ന് ഗാർഹികമായും സാമൂഹികമായും ഇരയാക്കപ്പെടുകയാണ്.
കഥാപാത്രങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തുടക്കത്തിൽ തോന്നുമെങ്കിലും ആഖ്യാനം പുരോഗതിക്കേ, അവരുടെ ജീവിതങ്ങൾ പരസ്പരം ഇഴ ചേർക്കപ്പെടുന്നുവെന്നതാണ് തിരക്കഥയുടെ ചാരുത. ‘ ആദാമിൻ്റെ വാരിയെല്ല്’ നെ ഘടനാപരമായും ഈ ചിത്രം മാതൃകയാക്കുന്നുണ്ട്.
രോഗിണിയായ മാലിനി കൃത്യമായി ത്തന്നെ പരിചരിക്കുന്നുണ്ട് ഭർത്താവ് വിവേക് . എന്നാൽ അയാൾ ദാമ്പത്യസ്നേഹത്തിൻ്റെ, കരുതലിൻ്റെ ഭാഷ പ്രകടിപ്പിക്കാൻ അറച്ചു നില്ക്കുന്നത് മാലിനിക്ക് അസഹ്യമാകുന്നു..
പരസ്യ ചിത്രത്തിനായി വിവേക് ജയയെ ഉപയോഗിച്ചത് മാലിനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. പൊരുത്തക്കേടുകൾക്കിടെ അവളിൽ നിന്ന് മാറി ജീവിക്കുവാൻ അയാൾ താല്പര്യപ്പെടുന്നു. തീർത്തും ഒറ്റപ്പെട്ട മാലിനി നിധിക്കും അവളുടെ മാതാപിതാക്കൾ ഉപേക്ഷിച്ച അവളുടെ കുഞ്ഞിനും അമ്മയായി മാറുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം വിവേക് മാലിനിയെ തേടിയെത്തുന്നു. തനിക്ക് ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന് അവൾ ആവശ്യപ്പെടുന്നു.
സ്ത്രീ മനസ്സിൻ്റെ അടഞ്ഞു പോയ വാതായനങ്ങൾ വീണ്ടും തുറക്കപ്പെടാൻ പ്രയാസമാണെന്ന് ഈ സന്ദർഭം ധ്വനിപ്പിക്കുകയാണ്. ..
ജോസഫിൻ്റെ പൂർണ്ണസമ്മതത്തോടു കൂടിയാണ് ജയ മോഡലിങ്ങിലേക്ക് തിരിഞ്ഞത്. എങ്കിലും പിന്നീട് അത്തരം വിഷയങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്ത തൻ്റെ സമൂഹത്തിനൊപ്പം നില്ക്കുകയാണ് അയാൾ. ഭർത്താവിൽ നിന്ന് വ്യത്യസ്തമായി അമ്മായിയമ്മയാണ് അപ്പോൾ ജയയെ അനുകൂലിക്കുന്നത്.
ഫാഷൻ ഫോട്ടോഗ്രാഫിയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ സിയ ആ വഴിയിലൂടെ ജയയെ നയിക്കുന്നു. റേച്ചലിനേറ്റ അപമാനത്തിൽ അവളുടെ കൂട്ടുകാരൻ പോലും തുണയാകാതെ വന്നപ്പോൾ യാദൃച്ഛികമായി സംഭവത്തിന് സാക്ഷിയാകേണ്ടി വന്ന ഇമാനാണ് സഹായത്തിനെത്തുന്നത്.. അത് ഇമാൻ്റെ ജോലി നഷ്ടപ്പെടുന്നതിൽ അവസാനിക്കുന്നു.. ജീവിതം വഴിമുട്ടി നിന്ന ഇമാനെ ആശ്വസിപ്പിക്കുന്നതും സിയയാണ്. ലൈംഗികതയുടെ പരസ്പരമുള്ള കരുതലിൻ്റെ തലം അതിമനോഹരമായി ആവിഷ്കരിച്ച ആയൊരുസീനിലൂടെ, ഒരു സ്ത്രീയെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് മറ്റൊരു സ്ത്രീക്കാണെന്ന് അതുവരെ പറഞ്ഞു വന്നതിന് അടിവരയിടുകയാണ് സിനിമ.
ചിത്രത്തിൻ്റെ അവസാന ഭാഗത്ത് ഇമാൻ ഒരു ഹോസ്യറി ഷോപ്പ് സന്ദർശിക്കുന്നുണ്ട്. സ്വന്തം ബ്രായുടെ അളവുകളെ ചൊല്ലി ആശയക്കുഴപ്പത്തിലാവുന്ന ഇമാനോട് നമ്മുടെ അളവുകൾ ഫാക്ടറിക്കാരല്ലേ തീരുമാനിക്കുന്നത് എന്നഭിപ്രായപ്പെടുന്നൂ സെയിൽസ് ഗേൾ. മറുപടിയായി, എനിക്ക് കപ്പ് ശരിയാവുമ്പോൾ ബാൻ്റ് ശരിയാവില്ല, ബാൻ്റ് ശരിയാവുമ്പോൾ കപ്പും എന്ന് സങ്കടപ്പെടുന്ന ഇമാൻ.

ഒരിക്കലും ലഭ്യമല്ലാത്ത മറ്റൊരു സൈസ് (32 AA)ആവശ്യപ്പെട്ടുകൊണ്ട് അഴകളവുകളുടെ രാഷ്ടീയത്തിന് വെളിയിലാണ് തൻ്റെ സ്ഥാനമെന്ന് അറിയിക്കുകയാണ് ഇമാൻ
ശ്രുതി ശരണ്യത്തിൻ്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം സുദീപ് പാലനാട്. മഹേഷ് നാരായണൻ്റെ മേൽനോട്ടത്തിൽ രാഹുൽ രാധാകൃഷ്ണൻ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നു. ഹരീഷ് ഉത്തമൻ, സജിൻ ചെറുകയിൽ, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, രമ്യ സുവി, നീന ചെറിയാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കൃത്യമായി എഡിറ്റു ചെയ്ത തിരക്കഥയും സമർത്ഥമായി സന്നിവേശിപ്പിക്കപ്പെട്ട ദൃശ്യങ്ങളുമാണ് B 32 ൻ്റെ കരുത്ത്. ന്യൂ ജൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പെർഫെക്ട് ആംഗിളുകളിലുള്ള സ്റ്റാറ്റിക് ഷോട്ടുകളാണ് ഏറെയും ഉപയോഗിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനവും ചലച്ചിത്രത്തിൽ ഒട്ടും മുഴച്ചു നില്ക്കാതെ ലയിച്ചു ചേർന്നിരിക്കുന്നു..

കലാസംവിധാനത്തിലെ ചെറു പിഴവുകളും, ജൂബിലി ആഘോഷിക്കുന്ന ഹോട്ടൽ ഗ്രൂപ്പിൻ്റെ ലോഗോ പോലും കാണിക്കാതിരുന്നത്,അതു പോലെ ഓങ്കോളജി സർജറിയുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളുമല്ലാതെ മേക്കിങ്ങിൽ കാര്യമായ ന്യൂനതകൾ ഒന്നും തന്നെയില്ല. ആദാമിൻ്റെ വാരിയെല്ലിലെ മൂന്ന് സ്ത്രീകളിൽ സൂര്യ അവതരിപ്പിച്ച അമ്മിണി മാത്രമാണ് പുരുഷമേധാവിത്തത്തിൻ്റെ വിധിപ്രവാഹത്തെ ഒരു വിഭ്രമാവസ്ഥയിലെങ്കിലും മുറിച്ചു കടക്കുന്നത്.. B 32 മുതൽ 44 വരെ യിൽ ആറു നായികമാരും ലിംഗാധികാരത്തിൻ്റെ വിലക്കുകളെ ഭേദിച്ചുയരുന്നു . അവിടെയാണ് നാല്പതു വർഷങ്ങൾക്കു ശേഷം മലയാളത്തിലെ സ്ത്രീപക്ഷ സിനിമയുടെ ചുവടുവെയ്പ്പുകൾ നിർണ്ണായകമാവുന്നത്.