Entertainments TalkWe Talk

ആര്‍ക്കാണ് കാപട്യം, മോഹന്‍ലാലിനോ ശ്രീനിവാസനോ?

”ഞാന്‍ കേട്ട ഏറ്റവും നല്ല ഗോസിപ്പിനെക്കുറിച്ച്, പറയട്ടെ. മോഹന്‍ലാലിനൊപ്പം കഴിഞ്ഞ, സ്ത്രീകളുടെ എണ്ണം മൂവായിരം പിന്നിട്ടു എന്നതായിരുന്നു അത്. അതിന്റെ പേരില്‍ ഒരു ആഘോഷം ഉണ്ടായിരുന്നു. ഇത് കേട്ടിട്ടുണ്ടോ താങ്കള്‍ ” ?… മനോരമ ന്യുസിലെ പ്രശ്‌സത മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് തന്റെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയില്‍, സാക്ഷാല്‍ മോഹന്‍ലാലിനോട് വെട്ടിത്തുറന്ന് ചോദിക്കയാണ്. ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ ചെപ്പക്കുറ്റിക്ക് അടികിട്ടേണ്ട ചോദ്യം. തീര്‍ത്തും സ്വകാര്യമായ ഒരാളുടെ ലൈംഗിക ജീവിതത്തെ പരസ്യമായി അലക്കുന്ന ടിപ്പിക്കല്‍ മഞ്ഞ മാപ്രാ ചോദ്യം! പക്ഷേ അഭിമുഖം കണ്ടുനോക്കുക, എന്ത് ശാന്തമായിട്ടാണ് മോഹന്‍ലാല്‍ അതിനോട് പ്രതികരിക്കുന്നത് .. ” അത് മാത്രമല്ല അതില്‍ കൂടുതല്‍ ഉണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ഒരു തമാശയല്ലേ പറയാന്‍ പറ്റൂ. അത് ഒരു ഗോസിപ്പാണ്. എന്തുവേണമെങ്കിലും എഴുതാമല്ലോ. ” ലാലിൻറെ മറുപടി. .

തുടര്‍ന്ന് പറയുന്നതാണ് മാസ് ഡയലോഗ് ” ഒന്നും കിട്ടിയില്ലെങ്കില്‍ അവരുടെ വീട്ടുകാരെക്കുറിച്ച്, എഴുതാന്‍ തയ്യാറായിട്ടുള്ള പ്രസ്ഥാനങ്ങളാണ് ഇതൊക്കെ. ‘- ചിരിച്ചുകൊണ്ട് ഒട്ടും പ്രകോപിതനാവാതെ മോഹന്‍ലാല്‍ പറയുന്നു. അതാണ് ലാല്‍. മറ്റൊരു അഭിമുഖത്തില്‍ വേണു ബാലകൃഷ്ണനോട്, ശ്രീനിവാസന്‍ വിഷയം സംബന്ധിച്ച് ലാൽ ചോദിക്കുന്നു. , ‘ ഞങ്ങള്‍ ചെയ്ത എത്രയോ നല്ല ചിത്രങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദിക്കാത്തതെന്ത് ? വരവേല്‍പ്പ് എന്ന സിനിമയെ പ്രധാനമന്ത്രിവരെ പ്രശംസിച്ചു. ഭിന്നതയല്ല ചര്‍ച്ചയാക്കേണ്ടത് .. ലാൽ പറയുന്നു

ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, മരണത്തിന്റെ വക്കോളമെത്തി തിരിച്ചുവന്നശേഷം നടന്‍ ശ്രീനിവാസന്‍, ദ ന്യൂ ഇന്ത്യന്‍ എക്പ്രസിന് അനുവദിച്ച വിവാദ അഭിമുഖമാണ്.. ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന, മോഹന്‍ലാലിനെ കഠിനമായി ആക്ഷേപിക്കുകയാണ് ശ്രീനിവാസൻ. . പ്രേംനസീറിനെ അവസാന കാലത്ത് മോഹന്‍ലാല്‍ അപമാനിച്ചുവെന്നും, അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന സിനിമക്ക് ഡേറ്റ് കൊടുക്കാതെ തട്ടിക്കളിച്ചെന്നുമാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. .

ഇതോടെ ഉയരുന്ന ഒരു ചോദ്യമാണ് , നന്‍മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ മാത്രമാണോ എന്നത്. മോഹന്‍ലാലിനെ ന്യായീകരിച്ചുകൊണ്ടല്ല ഞാൻ പറയുന്നത് . ഒരു വ്യക്തിയെന്ന നിലയിലും ഒരു താരം എന്ന നിലയിലും, ഒരുപാട് പരിമിതികളും, പോരായ്മകളും, വിമര്‍ശിക്കേണ്ട നിലപാടുകളും ഉള്ളയാളാണ് ലാല്‍.. കേരളീയ സമൂഹം മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും, നിര്‍ദാക്ഷിണ്യം ഓഡിറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ പ്രശ്‌നം കഴിഞ്ഞ കുറേക്കാലമായി, തന്റെ മക്കളുടെ എതിര്‍പ്പുപോലും മറികടന്ന് ,ശ്രീനിവാസന്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലുള്ള ഒരു കാപട്യക്കാരനാണോ മോഹന്‍ലാല്‍ എന്നതാണ്. മോഹന്‍ലാലിന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നുവെന്ന് ശ്രീനി പറയുന്നുണ്ട്. ലാലിന്റെത് ഒരു പുസ്തകത്തില്‍ ഒതുങ്ങും. പക്ഷേ ശ്രീനിവാസന്റെ കാപട്യങ്ങള്‍ പത്തുപുസ്തകം എഴുതിയാലും തീരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ശ്രീനിവാസന്‍ സിനിമകളേക്കാള്‍ സാമൂഹിക ദ്രോഹം സൃഷ്ടിച്ചത് അദ്ദേഹത്തിന്റ അശാസ്ത്രീയ നിലപാടുകള്‍ ആയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, ആധുനിക മരുന്നുകളോടുള്ള ഭീതി. ഇവ കാന്‍സര്‍ ഉണ്ടാക്കുന്നവയാണെന്നും, അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണം എന്നും ശ്രീനിവാസന്‍ പറഞ്ഞത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി. ഒടുവിൽ ശ്രീനിവാസന് അസുഖം വന്ന് ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ പ്രവേശിപ്പിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആയിരുന്നു! കഴിച്ചതും കുത്തി വെച്ചതും അലോപ്പതി മരുന്നുകളും.

ഇതേപ്പറ്റി ന്യൂ ഇന്ത്യന്‍ എക്പ്രസിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം മലക്കം മറിയുകയാണ്. ‘ഞാന്‍ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമര്‍ശിച്ചിട്ടില്ല, ആ മേഖലയില്‍ ഒരുപാട് പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നുന്നുണ്ട് .’ എന്നു ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം മുൻപ് പറഞ്ഞതിന്റെ ക്ലിപ്പ് സഹിതം പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നുണ്ട്.

കോവിഡ് കാലത്ത് വൈറ്റമിന്‍ സി കൊറോണയെ പ്രതിരോധിക്കുമെന്നും, ഹോമിയോയില്‍ കോവിഡ് 19ന് മരുന്നുണ്ട് എന്നും ശാസ്ത്രീയ പിൻബലം ഇല്ലാതെ ശ്രീനിവാസൻ തട്ടിവിട്ടത് വിവാദമായിരുന്നു.
ഒരുകാലത്ത് ജൈവ കൃഷിയുടെ ശക്തനായ വക്താവായിരുന്ന ശ്രീനിവാസന്‍ ഇന്ത്യന്‍ എക്പ്രസിലെ അഭിമുഖത്തില്‍ പറഞ്ഞത് ജൈവകൃഷി ചെയ്ത് കുറേ പണം നഷ്ടമായെന്നും അതോടെ ആ പരിപാടി നിര്‍ത്തിയെന്നുമാണ് .

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന്‍ രംഗത്തു വന്നിരുന്നു.. ‘പള്‍സര്‍ സുനിയെ പോലെ ഒരാള്‍ക്ക് കോടികള്‍ കൊടുക്കുന്ന ആളല്ല താനറിയുന്ന നടന്‍ ദിലീപ്’ എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. വിമന്‍ ഇന്‍ സിനിമ കലക്ടീവിനെയും ശ്രീനിവാസന്‍ പരിഹസിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും, സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെയും ശ്രീനിവാസന്‍ തള്ളി.

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പു നടത്തിയ മോണ്‍സന്‍ മാവുങ്കലുമായുള്ള ബന്ധമാണ് ശ്രീനിവാസനെ ശരിക്കും നാണക്കേടിലാക്കിയത്. മറ്റുള്ളവരെ ട്രോളാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ശ്രീനിവാസന് ഇതുപോലെ ഒരു ഗജഫ്രോഡിനെ തിരിച്ചറിയാന്‍ പറ്റിയില്ലേ എന്നാണ് ചോദ്യം ഉയർന്നത്. . മോണ്സന്‍ നാട്ടിലെ ഒരു ആശാരിയെകൊണ്ട് പണിയിച്ച “ടിപ്പുസുല്‍ത്താന്റെ സിംഹാസനത്തി”നരികെ നില്‍ക്കുന്ന ശ്രീനിവാസന്റെ പടം വൈറല്‍ ആയിരുന്നു. ‘രോഗിയായ ഞാന്‍ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ, പക്ഷേ വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല’ എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

പലതവണ കോപ്പിയടി വിവാദങ്ങൾ ശ്രീനിവാസന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്. ‘നാടോടിക്കാറ്റ്’ എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രത്തിന്റെ കഥ, സിദ്ദിഖിന്റെയും ലാലിന്റെയും കൈയില്‍നിന്ന് ശ്രീനിവാസന്‍ അടിച്ചുമാറ്റി സ്വന്തം പേരില്‍ ആക്കിയെന്നത് മലയാള ഇന്‍ഡസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്. ഇതിന്റെ പേരില്‍ വിവാദങ്ങളും ഉണ്ടായിരുന്നു. ഈയിടെ ഒരു അഭിമുഖത്തിലും സംവിധായകന്‍ സിദ്ദീഖ് ഈ അനുഭവം പറഞ്ഞു. ” നിങ്ങളുടെ കഥ ജനങ്ങള്‍ക്ക് ഇഷ്ടമാവും എന്ന് ഉറപ്പായില്ലേ എന്നും, ഇനി അതിന്റെ പിറകില്‍ പോവേണ്ട കാര്യമില്ലെന്നും ഫാസില്‍ സാര്‍ പറഞ്ഞതു കൊണ്ടാണ് പിന്മാറിയതെന്നു സിദ്ദീഖ് പറയുന്നു.

തനിക്ക് പലയിടത്തുനിന്നായി കിട്ടുന്ന ത്രെഡുകള്‍ അതേപടി അടിച്ചുമാറ്റുക ശ്രീനിവാസന്റെ സഥിരം പരിപാടിയാണെന്ന് \പരക്കെ വിമര്‍ശനമുണ്ട് . കഥ പറയാന്‍ എത്തുന്നവരോട്, ഇത് കൊള്ളില്ലെന്ന് പറഞ്ഞ് വിടും. എന്നിട്ട് അത് പതുക്കെ ചുരണ്ടി മാറ്റും. ‘കഥ പറയുമ്പോള്‍’ എന്ന മമ്മൂട്ടിയുടെ ഹിറ്റ് സിനിമ ഇറങ്ങിയപ്പോഴും ഇതേ വിവാദം ഉണ്ടായി.. സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്ന കോഴിക്കോട്ടെ, ചെരിപ്പിടാതെ നടക്കുന്ന ,നിര്‍ധനനായ ,വീടില്ലാത്ത പാവം കവി, വെള്ളിനക്ഷത്രം സിനിമവാരികയില്‍ എഴുതിയ കഥയുടെ അടിസഥാനമാക്കിയാണ് ഈ ചിത്രമെന്ന് ആരോപണം ഉയര്‍ന്നു. ‘മഹാനടന്‍’ എന്ന സത്യചന്ദ്രന്റെ കഥയില്‍ ബാര്‍ബര്‍ ബാലന്‍ എന്ന പേരുപോലും ഉണ്ട്.

ഒരു സിനിമാ സംഘം ഗ്രാമത്തില്‍ ഷൂട്ടിങ്ങിന് എത്തുന്നതും അവിടെവെച്ച് സിനിമയിലെ പ്രധാന നടൻ ബാര്‍ബര്‍ ബാലനെന്ന പഴയ സുഹൃത്തിനെ തിരിച്ചറിയുന്നതും ആയിരുന്നു സത്യചന്ദ്രന്റെ കഥ. സിനിമ ഇറങ്ങിയതോടെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ”അവനോട് ഒരു ചാക്കുമായി വരാൻ പറ, , പണം ഞാന്‍ കൊടുക്കാം” എന്ന് പറഞ്ഞ് അപമാനിക്കുകയാണ് ശ്രീനിവാസന്‍ ചെയ്തതെന്നു. സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ആരോപിച്ചിരുന്നു. ‘ഉദയനാണ് താര’ത്തിന്റെയും,’ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡത്തിന്റെയും’ കഥയും ഇംഗ്ലീഷ് പടത്തില്‍നിന്ന് കോപ്പിയടിച്ചതിന്റെ പേരില്‍ വിവാദമായി. ‘ചിന്താവിഷ്ടയായ ശ്യാമളയുടെ’ കഥയുടെ അവകാശം പ്രശസ്ത തിരക്കഥാകൃത്ത് മധു മുട്ടം ഉന്നയിച്ചിരുന്നു

2010ല്‍ പുറത്തിറങ്ങിയ ‘ഒരുനാള്‍ വരും’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് മോഹൻലാലും ശ്രീനിവാസനും തമ്മില്‍ ഉരസലുകള്‍ ആരംഭിച്ചതെന്നാണ് സിനിമാലോകത്തെ ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് , ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസനായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി മുക്കം സ്വദേശിയായ കെവി വിജയന്‍ എന്ന അധ്യാപകന്‍ കോടതിയെ സമീപിച്ചു . ഈ തിരക്കഥയുമായി ശ്രീനിവാസനെ സമീപിച്ചപ്പോള്‍, ‘ഇതില്‍ കോമഡിയില്ല’, എന്ന കാരണം പറഞ്ഞ് തന്നെ ശ്രീനിവാസന്‍ ഒഴിവാക്കിയതായി വിജയന്‍ പറഞ്ഞിരുന്നു. പിന്നീട് തന്റെ കഥയാണ് ‘ഒരുനാള്‍ വരും’ എന്ന് മനസിലാക്കിയാണ് വിജയൻ കോടതിയെ സമീപിച്ചത് ..
ശ്രീനിവാസനെതിരെ ഇത്തരത്തിൽ ഉയർന്ന കഥ മോഷണ ആരോപണങ്ങൾ പലതും പല കാരണങ്ങളാൽ ഒഴിഞ്ഞുമാറി പോവുകയായിരുന്നെങ്കിൽ വിജയന്‍ രണ്ടും കല്‍പ്പിച്ചാണ് രംഗത്തിറങ്ങിയത്. ‘ഒരുനാള്‍ വരും’ സിനിമയുടെ ഷൂട്ടിംഗ് അന്ത്യത്തോട് അടുക്കുമ്പോഴാണ് വിവാദം ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ ഈ സംഭവം ചര്‍ച്ചയായി.. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിക്കടി ഉയരുന്നതിനെതിരെ മോഹന്‍ലാല്‍, ശ്രീനിവാസനോട് ചോദിച്ചു. എന്നാല്‍ തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ശ്രീനിവാസന്‍ ലാലിനോട് കയര്‍ത്തു. സിനിമ തുടങ്ങുന്നതിനു മുന്‍പാണ് ഇക്കാര്യം അറിഞ്ഞതെങ്കില്‍ താന്‍ അഭിനയിക്കുമായിരുന്നില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇനിമുതല്‍ ലാലിനു വേണ്ടി താന്‍ സിനിമ എടുക്കില്ലെന്നു ശ്രീനിവാസനും പറഞ്ഞത്രേ. അതിനു ശേഷം നാളിതുവരെ ഒരു സിനിമയിലും ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിനിടെ 2011ൽ ഇറങ്ങിയ ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഒരു മരുഭൂമിക്കഥ’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി ശ്രീനിവാസന്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ അനുമതിയോടുകൂടിയാണ് പ്രിയദര്‍ശന്‍ ശ്രീനിവാസിനെ അന്ന് ക്ഷണിച്ചതെന്നാണ് സൂചനകള്‍.

ഒരുനാള്‍ വരും’ എന്ന ചിത്രത്തിന്റെ യൂണിറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍വച്ച് ഉണ്ടായ വാഗ്വാദം തന്നെ നാണം കെടുത്തിയെന്ന് ശ്രീനിവാസന്‍ വിശ്വസിച്ചു. അതിനു ശ്രീനിവാസന്‍ പ്രതികാരം ചെയ്തത്
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍’ എന്ന സിനിമ പുറത്തിറക്കിക്കൊണ്ടാണ്. മോഹന്‍ലാല്‍ എന്ന നടനെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ആ ചിത്രം നിര്‍മ്മിച്ചത്‌ . പക്ഷേ മോഹന്‍ലാല്‍ ഇതുവരെ ആ ചിത്രത്തെക്കുറിച്ചോ ശ്രീനിവാസനെ കുറിച്ചോ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. വൃത്തികെട്ട ആ സിനിമയാവട്ടെ അര്‍ഹിക്കുന്ന നിലയില്‍ ,എട്ടുനിലയിലല്ല, 16 നിലയില്‍ പൊട്ടുകയും, ശ്രീനിവാസന്‍ ഏതാണ്ട് ഫീല്‍ഡ് ഔട്ട് ആവുകയും ചെയ്തു.

ഈയടുത്ത് രോഗാതുരനായ ശ്രീനിവാസനെ ഒരു വേദിയില്‍ വച്ച് കണ്ടപ്പോള്‍ ലാല്‍ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി. നൂറുശതമാനം ആത്മാര്‍ത്ഥമായിട്ടായിരുന്നു ലാലിന്റെ സ്‌നേഹപ്രകടനം. അതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് ആരാധകര്‍ക്ക് തോന്നി. പക്ഷേ ശ്രീനിവാസന്‍ വീണ്ടും വെടിപൊട്ടിച്ചു. മോഹന്‍ലാല്‍ ഒരു ‘കംപ്ലീറ്റ് ആക്റ്റര്‍’ ആയതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ് ശ്രീനിവാസന്‍ പരിഹസിച്ചത് ..

ശ്രീനിവാസന്റെ രാഷ്ട്രീയ നിലപാടിലുമുണ്ട് ഇതേ കാപട്യം. ഇന്ത്യന്‍ എക്പ്രസ് അഭിമുഖത്തില്‍ എല്ലാ രാഷ്ട്രീയക്കാരെയും പരിഹസിക്കുന്ന ശ്രീനിവാസന്‍ പറയുന്നത് ഇത്രയും കാലമായിട്ടും മോദിയെ വിലയിരുത്താൻ സമയമായിട്ടില്ല എന്നാണ്. ആദ്യം കെഎസ്‌യുവും പിന്നെ എബിവിപിയും ആയിരുന്നിട്ടും ശ്രീനിവാസന്‍ ഇടതുപക്ഷത്തിന്റെ കപട ലേബല്‍ നേടിയെടുക്കാന്‍ ആവുന്നത്ര ശ്രമിച്ചു.

മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഒരാൾ സാധാരണ നിലയിൽ ചെയ്യുക , ശിഷ്ട കാലം മനസ്സിലെ കാലുഷ്യങ്ങളെല്ലാം കഴുകി , പകയും വിദ്വേഷവും അവസാനിപ്പിച്ചു സന്തോഷകരമായ ഒരു ജീവിതം നയിക്കലാകും. എന്നാൽ, ഒടുങ്ങാത്ത പക മനസ്സിൽ അവശേഷിപ്പിച്ചു ഒരാളെ നശിപ്പിക്കുക എന്ന അജണ്ടയുമായി ഇറങ്ങിത്തിരിക്കുന്നവർ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകുന്നത് ? ഇവരെയൊക്കെ ഏതു തരം കലാകാരന്മാരായാണ് കാണേണ്ടത് ? ശ്രീനിവാസന്റെ സ്ഥാനത്തു മോഹന്‍ലാല്‍ പഴയ കാര്യങ്ങളെല്ലാം എണ്ണിപ്പറഞ്ഞുകൊണ്ട്, ഒരു വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി! എന്നാൽ, മോഹന്‍ലാല്‍ അത് ചെയ്യില്ല. ഞങ്ങളുടെ കൂട്ടുകെട്ടില്‍ പിറന്ന നല്ല സിനിമകളെക്കുറിച്ച് ചര്‍ച്ചചെയ്യൂ എന്നാണ് ശ്രീനിവാസൻ ഉയർത്തി വിട്ട വിവാദങ്ങളോട് ലാലിൻറെ നിലപാട്. അതാണ് ലാലിസം!

Leave a Reply

Your email address will not be published. Required fields are marked *