പോക്സോ കേസിൽ ഡോ. സി.എം. അബുബക്കർ അറസ്റ്റിൽ

കോഴിക്കോട് : ചികിത്സക്കെത്തിയ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ . ചാലപ്പുറത്തെ ഡോ. സി.എം. അബുബക്കേഴ്സ് ക്ലിനിക് ഉടമ കൂടിയായ പ്രമുഖ ശിശു രോഗ വിദഗ്ധൻ ഡോ. സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കസബ ഇൻസ്പെക്ടർ എൻ.പ്രജീഷാണ് ചൊവ്വാഴ്ച്ച വൈകിട്ട് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ അബുബക്കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്ഷയരോഗത്തിന് പെൺകുട്ടി കാലങ്ങളായി ഇതേ ഡോക്ടറുടെ ചികിത്സയിലാണ് . പ്രായത്തിനനുസരിച്ച ശാരീരിക വളർച്ച ഇല്ലാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി ക്ലിനിക്കിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന ബന്ധുവിന്റെ എതിരെ ഇരുത്തി പിന്നിൽ നിന്ന് വസ്ത്രത്തിനുള്ളിലൂടെ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി ഞെളിപിരി കൊള്ളുന്നത് കണ്ട ബന്ധു പിന്നീട് ചോദിച്ചപ്പോൾ വിവരം പറയുകയായിരുന്നു. ഇതാദ്യമല്ല, ഡോക്ടർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. വർഷങ്ങൾക്ക് മുൻപ് സമാനരീതിയിൽ മലപ്പുറം സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബഹുജന മാർച്ച് നടത്തിയിരുന്നു. അന്ന് നിർധന കുടുംബത്തിൽപ്പെട്ട കുട്ടിയുടെ വീട്ടുകാർക്ക് വൻ തുക നൽകി കേസ് ഒതുക്കുകയായിരുന്നു. ഐ എം എ സംസ്ഥാന പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചിട്ടുള്ള ഡോ സി എം അബുബക്കർ നിരവധി സംഘടനകളുടെ സാരഥിയും പ്രഭാഷകനുമാണ്. ഇടയ്ക്കിടെ ഡോക്ടർക്കെതിരെ പരാതികൾ ഉയർന്നിട്ടും എല്ലാം ഒതുക്കി തീർക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *