We Talk

 ഇന്ത്യന്‍ മാധ്യമങ്ങളുടെ നട്ടെല്ല്!

എന്‍.പത്മനാഭന്‍

പുല്‍വാമ ആക്രമണത്തെക്കുറിച്ച് മുന്‍ കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് ദ് വയര്‍ ഒണ്‍ലൈനില്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളോട് രാജ്യത്തെ വ്യവസ്ഥാപിത അച്ചടിദൃശ്യ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം ഭാരതത്തിലെ മാധ്യമങ്ങളുടെ നട്ടെല്ലിന്റെ  തകര്‍ച്ചയുടെ പൂര്‍ണ്ണത വ്യക്തമാക്കുന്നതാണ്. നരേന്ദ്ര മോദിയുടെ ഭാഷയില്‍ ടുക്ഡാടുക്ഡ പ്രസിദ്ധീകരണമായ വയറില്‍ വന്ന അഭിമുഖത്തിന്റെ  വക്കും മൂലയും സാമുഹ്യ മാധ്യമങ്ങളില്‍ നിന്നറിഞ്ഞ് വിശദാംശങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന രാജ്യത്തെ സാധാരണക്കാരെ അങ്ങനെയൊരു സംഭവം നടന്നു എന്ന തോന്നല്‍  പോലും  നല്‍കാതെ വ്യവസ്ഥാപിത ദേശീയമാധ്യമങ്ങള്‍ വഴി തിരിച്ചുവിട്ടു. രാജ്യത്തെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും  ജനാധിപത്യത്തിന്റെ  കാവല്‍ പട്ടിയുടെ റോളില്‍ നിന്നും ജനാധിപതിയുടെ മടിയിലെ ഓമനപ്പട്ടി എന്ന നിലയിലേക്ക് മാറി എന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുകയാണ് ദേശീയ വാര്‍ത്താമാധ്യമങ്ങള്‍.


  ഇന്ത്യയില്‍ രാഷ്ട്രീയഭുകമ്പം സൃഷ്ടിക്കുമെന്ന നിലയിലുള്ള സത്യപാല്‍ മാലിക്കിന്റെ  തുറന്നുപറച്ചിലിന്  മുഖ്യധാരാ മാധ്യമങ്ങള്‍ എറുപടക്കത്തിന്റെ വില പോലും കല്‍പ്പിച്ചില്ല.   മോദി സര്‍ക്കാറിന്റെ  തുടര്‍ച്ചക്ക് അടിസ്ഥാനമായ ദേശീയവികാരം ആളിക്കത്തിക്കുന്നതിന് അടിസ്ഥാനമായി സംഘ് പരിവാര്‍ ഉപയോഗിച്ചത് തെരഞ്ഞെടുപ്പിന് തൊടുമുമ്പുണ്ടായ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ അക്രമണമവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം ബലാക്കോട്ടില്‍ നടത്തിയ തിരിച്ചടിയുമാണ്. ഓര്‍മ്മയുണ്ടാവും,  ഐതിഹാസികം എന്ന് പ്രചരിപ്പിക്കപ്പെട്ട സര്‍ജിക്കല്‍ സ്‌ട്രൈക്ക്. (പാക്കിസ്ഥാന്)രാജ്യം മാപ്പ് കൊടുക്കില്ല എന്ന വൈകാരികമായ മുദ്രാവാചകം മുന്‍നിര്‍ത്തി നടത്തിയ 2019ലെ തന്റെ  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയും വിറ്റ വൈകാരികായുധം പുല്‍വാമയായിരുന്നു. നിങ്ങളുടെ ഹൃദയത്തിലുള്ള രോഷം എത്രമാത്രമാണെന്ന് എനിക്കറിയാം. ആ രോഷം എന്റേതുകുടിയാണ് യുവാക്കളെ ലക്ഷ്യമിട്ട് മോദി അന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

     മൊത്തം സംഭവങ്ങളുടെ സ്വഭാവവും ടൈമിംഗും എല്ലാം അന്നേ ഇതേ കുറിച്ച് സംശയം ജനിപ്പിച്ചിരുന്നു. അതി നാടകീയത വഴിഞ്ഞൊഴുകുന്ന ഒരു തിരക്കഥയുടെ താളുകള്‍ പാറിപ്പറന്നുരുന്നു; സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോയലിന്റെ  നീക്കങ്ങളില്‍ ദുരൂഹത മണത്തിരുന്നു. മോദി സര്‍ക്കാരിന്റെ  മാധ്യമതോഴനായ അര്‍ണബ് ഗോസാമിയുടെ റിപ്പബ്‌ളിക് ചാനലില്‍ സംഭവിക്കാന്‍ പോകുന്നതിന്റെ   സുചനകള്‍ പെട്ടുപിഴച്ച് വന്നിരുന്നു. പക്ഷെ, ഒരു ചെറിയ സംശയത്തിന് പോലും ഇട നല്‍കാതെ ആ സംഭവം ഹൈഡ്രജന്‍ വാതകം അടിച്ച്  കയറ്റിയാലെന്ന പോലെ പെരുപ്പിച്ച് പറത്തിവിട്ടുദേശാഭിമാനം കൊണ്ട് തരിക്കാത്ത ഒറ്റ ഇന്ത്യന്‍  മനസ്സും ഉണ്ടാവരുത് എന്ന തരത്തില്‍! അതിന്റെ  തരിപ്പ അക്കൊല്ലത്തെ ലോകസഭ തെരഞ്ഞെടുപ്പ് വരെ നിലനിര്‍ത്താനും മോദിയെ രണ്ടാമതും അധികാരത്തില്‍ പ്രതിഷ്ഠിക്കാനും രാജ്യത്തെ മാധ്യമങ്ങള്‍ വേണ്ടത് ചെയ്തു. ദ് ഹിന്ദു പത്രം മാത്രമാണ് അതിനൊരു അപവാദമായി അന്ന്  അനുഭവപ്പെട്ടത്. ഹിന്ദുവില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ  വാര്‍ത്ത സന്തുലിതവും വികാരരഹിതവുമായിരുന്നു. അതിന്റെ  പേരില്‍ ബി.ജെ.പി സൈബര്‍ ആയുധശാലകളില്‍ നിന്നും ആ പത്രം ആക്രമിക്കപ്പെട്ടു.
     ഈ മോദിവിധേയത്വം പുല്‍വാമ, സര്‍ജിക്കല്‍ സ്‌ട്രൈക്ക് കാലത്ത് തന്നെ ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ മേല്‍ക്കുര തകര്‍ത്തിരുന്നു. വാര്‍ത്താമാധ്യമപ്രവര്‍ത്തനത്തിന്റെ  അടിസ്ഥാന നിയമങ്ങള്‍ ടെലിവിഷന്‍ സ്റ്റുഡിയേകളില്‍ നിന്ന് വലിച്ചെറിഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എല്ലാം മറന്ന് ദേശഭക്തിസങ്കീര്‍ത്തനങ്ങള്‍ ചമച്ചു. സര്‍ക്കാര്‍ പി.ആര്‍ സംവിധാനം പരുവത്തില്‍ പാകപ്പെടുത്തി അയക്കുന്ന സൈന്യത്തിന്റെയും അതിന് നേതൃത്വം കൊടുത്ത ഭരണാധികാരിയുടെയും  അമാനുഷ സാഹസികതകള്‍ തങ്ങളുടെ പത്രങ്ങളില്‍, ചാനലുകളില്‍ അണുവിട തെറ്റാതെ പകര്‍ത്തിവെച്ച പത്രാധിപ സിംഹങ്ങള്‍ ഭരണകുടത്തെിന്റെ  പ്രിയന്‍മാരായി. വാര്‍ത്തകളില്‍ വസ്തുതകളേക്കാള്‍ നാടകീയത നിറച്ചു. മറക്കാനാവുമോ, കയ്യില്‍ തോക്കുമായി സ്‌ക്രീനില്‍ ജിംഗോയിസം പകര്‍ന്നാടിയ അവതാരക സംഘങ്ങളെ! പക്ഷെ, കപടദേശീയബോധം ആളിക്കത്തിയ ആ നാളുകളില്‍  എരിഞ്ഞമര്‍ന്നത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അവശേഷിച്ച നിഷ്പക്ഷതയും നീതിബോധവും ആയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളുടെ നട്ടെല്ല് തേയ്മാനം ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുകയായിരുന്നു. അതിന്റെ  പൂര്‍ണ്ണയതാണ് ഇന്ന് കാണുന്നത്. സത്യപാല മല്ലിക് പറഞ്ഞ കാര്യങ്ങള്‍ എന്നതല്ല, അദ്ദേഹംപറഞ്ഞ കാര്യങ്ങള്‍ മോദിക്കെതിരെ  പ്രതിപക്ഷം ഉപയോഗിക്കുന്നു എന്ന തരത്തില്‍ ദുര്‍ബലമായും ഔപചാരികമായും വാര്‍ത്തയാക്കി കടമ നിറവേറ്റുന്ന മാധ്യമങ്ങളെയാണ് ഈ ദിവസങ്ങളില്‍ കണ്ടത്.

     ജനതയെ ദേശാഭിമാന വിജ്രംഭിതരാക്കി വോട്ട് തട്ടാനുള്ള ഒരു ഡിസൈന്‍ഡ് മിലട്ടറി ഓപ്പറേഷനായിരുന്നു പുല്‍വാമ എന്നാണ് അന്ന് ജമ്മുകാശ്മീരിന്റെ  നിയന്ത്രണം കൈയ്യിലുണ്ടായിരുന്ന ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് പറയുന്നതില്‍ നിന്ന് തെളിഞ്ഞുവരുന്ന വസ്തുത. റോഡിലൂടെ നീങ്ങുകയായിരുന്ന ഒരു വന്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തില്‍ 300 കിലോയോളം ആര്‍.ഡി.എകസ് നിറച്ച ഒരു കാര്‍ വന്നിടിച്ച് 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതാണല്ലോ പുല്‍വാമാ സംഭവം.  ഇതുപോലെ ഒരു വന്‍ സൈനിക സംഘത്തിന്റെ  നീക്കം ഒരിക്കലും റോഡിലൂടെ ഉണ്ടാകാറില്ല എന്ന് ചുണ്ടിക്കാണിക്കുന്ന മാലിക് അവര്‍ക്ക് പോകാന്‍   വിമാനം നിഷേധിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ആയിരുന്നത്രെ ഇപ്പോഴത്തെ പ്രതിരോധമന്ത്രി! മാലിക്ക് പറയുന്ന പ്രധാന കാര്യം ഈ വാഹന വ്യൂഹത്തില്‍ വന്നിടിച്ച ആര്‍.ഡി.എക്ക്‌സ് നിറച്ച കാര്‍ പത്ത് ദിവസത്തിലേറെയായി അവിടെചുറ്റി കറങ്ങുന്നുണ്ടായിരുന്നു എന്നതാണ്. ഈ വാഹനവ്യൂഹം കടന്നുപോവുന്ന പാതയിലേക്ക് പത്തോളം റോഡുകള്‍ വന്ന് ചേരുന്നുണ്ടെന്ന് പറയുന്ന മാലിക് അവിടെയൊന്നംു സുരക്ഷാ പഴുതടക്കല്‍സാനിറ്റെസിംഗ് നടന്നിട്ടില്ല എന്ന് സമ്മതിക്കുന്നു. സംഭവശേഷം വിമാനം നലകുന്നതില്‍ വരുത്തിയ വീഴ്ചയാണ് ദുരന്തത്തിന് വഴി വെച്ചത് എന്ന് പ്രധാനമന്ത്രിയെ അറിയിച്ചപ്പോള്‍ മിണ്ടാതിരി എന്ന ശാസനയാണ് ഗവര്‍ണ്ണര്‍ക്ക് കിട്ടിയത്. എല്ലാം അറിയുന്ന ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞത് മിണ്ടരുത് എന്നാണ്. സംഭവം ഡിസൈന്‍ ചെയ്തതിന്റെ  രീതിഏത് കൊച്ചുകുട്ടിക്കും മനസ്സിലാവും. തുടര്‍ന്നാണ് ബലാക്കോട് സര്‍ജിക്കല്‍ സ്ട്രക്കും മറ്റും ഉണ്ടായത്. അങ്ങനെയൊരു സട്രൈക്ക് തങ്ങളുടെ മണ്ണില്‍ നടന്നിട്ടില്ല എന്ന് പാക്കിസ്ഥാനും ഇന്ത്യ അവകാശപ്പെടും വിധം ഒരു സംഭവം ബലാകോട്ട് നടന്നതിന്റെ  തെളിവ് അവിടെ ഇല്ല എന്ന്്്  സാറ്റലെറ്റസ ചിത്രങ്ങള്‍ വെച്ച് റോയ്ടര്‍ വാര്‍ത്താ ഏജന്‍സിയും പറഞ്ഞെങ്കിലും അതിന് കൗതുക വാര്‍ത്തയുടെ പ്രധാന്യമേ ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയുള്ളൂ. അതൊക്കെ നിസ്സാരവല്‍ക്കരവിച്ച് 40 ഭടന്മാരുടെ വീരമൃത്യുവിനെ സംഘ്പരിവാര്‍ വിജയത്തിന് അടിത്ത്‌റയാക്കാനായിരുന്ന അവര്‍ മെനക്കെട്ടത്.
     അത് പഴയ കഥ.  സത്യപാല്‍മാലിക് വെളിപ്പെടുത്തലില്‍ പുറത്ത് വരുന്നത് ഒരു ഭരണകൂടം രാജ്യത്തോട് ചെയ്ത ചതിയാണ് എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതിയല്ലോ. ഇത് സംബന്ധിച്ച് ഇന മിണ്ടാതിരിക്കാന്‍ പറയണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും അറിയാതിരിക്കില്ലല്ലോ. അത്തരക്കാരുടെ ഉത്തരവാദിത്തം കേവലം ധാര്‍മ്മി.കതയില്‍ ഒതുക്കാനാകുമോ  ? ഇത്തരം ചോദ്യങ്ങള്‍ ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ മനസ്സില്‍ അലയടിക്കുന്നുണ്ട്. അത് പ്രതിധ്വനിക്കേണ്ടത് മാധ്യമങ്ങളിലാണ്. ഒരു ജനാധിപത്യ സമൂഹത്തിന് ചേരുന്ന തരത്തില്‍ മാധ്യമങ്ങളില്‍ അത് പ്രതിഫലിപ്പിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?  രണ്ടോ മുന്നോ ദിവസ്സത്തിനപ്പുറത്തേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന് ആയുസ് കൊടുക്കില്ല. കാരണം, അത് നരേന്ദ്ര മോദിക്ക് അലോസരം ഉണ്ടാക്കുമെന്ന് അവര്‍ക്കറിയാം അവരുടെ യഥാര്‍ഥ യജമാനന്്..
     മാലിക് വെളിപ്പെടുത്തല്‍ മുക്കാന്‍ പറ്റിയൊരു കേസ് ദല്‍ഹിയില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ സൃഷ്ടിച്ച് വെച്ചത് ഗോഡി മാധ്യമങ്ങള്‍ക്ക് വലിയ അനുഗ്രഹമാണ .്ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ നയക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചത്. സി.ബി.ഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ആകെ സീന്‍ സൃഷ്ടിച്ചാണ് ഈ പരിപാടി. ചോദ്യം ചെയ്യലിന്റ  ഒരു ഘട്ടത്തില്‍ അറസ്റ്റ് നടക്കുന്നതോടെ അത് ഉണ്ടാക്കുന്ന വാര്‍ത്താ പ്രകമ്പനത്തില്‍ സത്യപാല്‍മാലിക് വെളിപ്പെടുത്തല്‍ ഛിന്നഭിന്നമാകും. പോരെങ്കില്‍, യു.പിയിലെ ആത്തിഖ് അഹമ്മദിന്‍ന്റെയും സഹോദരന്റെയും പോയന്റ് ബ്ലാങ്ക് കൊലപാതകവും.
     ഗൗതം അദാനി കമ്പനിക്കെതിരെ ഹിന്റ്റന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു സുനാമി ആയി മാറുമെന്നാണ് നീരീക്ഷിക്കപ്പെട്ടിരുന്നത്. ടുക്ഡാടുക്ഡാ ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും അത് വെച്ച് ആഞ്ഞടിച്ച് നോക്കി. മോദിയുണ്ടോ കുലുങ്ങുന്നു! പിന്നാലെ, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റെിലെ ചരിത്ര പ്രസംഗം. ആ പ്രസംഗത്തിനിടയില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ഫോട്ടോ കണ്ടവര്‍ക്ക് മറക്കാനാവുമോ .ഒരു എയര്‍ ക്രാഫ്റ്റില്‍ ഉല്ലാസചിത്തനായി വിനോദിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി! അന്ന് മുങ്ങിയതാണ് ആ ചിത്രം. കൊല്‍ക്കത്ത ടെലഗ്രാഫ് മാത്രമാണ് അത് പ്രസിദ്ധീകരിച്ചത്. ഇത് രാഹുല്‍ ഗാന്ധി ആയിരുന്നെങ്കിലോ? 2022 മെയ് മാസത്തില്‍ കാഠ്മണ്ഡുവില്‍ രാഹുലിനെ നൈറ്റ് ക്‌ളബ്ബില്‍ കണ്ടു എന്ന് പറഞ്ഞ് മാധ്യമങ്ങളും ബി.ജെ.പിയും ഉണ്ടാക്കിയ പുകില്‍ മറക്കാനാവുമോ? ദല്‍ഹിയില്‍ സി.എന്‍.എന്‍ കറസ്‌പോണ്ടന്റായിരുന്ന സുനിംന ഉദാസിന്റെ  കല്യാണ ചടങ്ങിനിടയില്‍ ആയതിനാല്‍ രാഹുല്‍ രക്ഷപ്പെട്ടു.
     ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ട്  കൈകാര്യം ചെയ്ത രീതിയും ഇന്ത്യന്‍ മാധ്യമങ്ങളുടെ നട്ടെല്ല് തേയമാനത്തിന്റെ  മറ്റൊരു ലക്ഷണമാണ്. ഒരു ടുക്ഡാടുക്ഡാ വിദേശി വന്ന് രാജ്യത്താകെ കുഴപ്പമുണ്ടാക്കാന്‍ നോക്കുന്നു എന്ന രീതിയില്‍  ഉദാസീനമായാണ് ദേശീയ മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്തത്. ഒരു ഘട്ടത്തില്‍ രാജ്യത്തിനെതിരായുള്ള ആക്രമണം എന്ന നിലയില്‍ മാധ്യമങ്ങള്‍ സംഗതി കൈകാര്യം ചെയ്യുമോ എന്ന് വരെ തോന്നിപ്പോയി.  എന്തുണ്ടായി ഭരണകൂടത്തിന്റെ  ഉറ്റ തോഴന് മാധ്യമങ്ങളുടെ പൂര്‍ണ്ണസംരക്ഷണം. അതേസമയം, വിപണിയില്‍ അദാനി ഓഹരികള്‍ക്ക് നിസ്സാര അനുകുലാവസ്ഥ വന്നാല്‍ അത് പെരുപ്പിക്കാന്‍ അവര്‍ കാണിച്ച ഔത്സുക്യം വിവരണാതീതമായിരുന്നു.


     അദാനി കമ്പനികളില്‍ നിക്ഷേപമായി വന്ന 20,000 കോടി രൂപ എന്ന പോയന്റില്‍ കാര്യങ്ങള്‍ എത്തിച്ചു. ബോഫേഴ്‌സും ഫോര്‍ജി സ്‌പെക്ട്രവും മറ്റും അന്വേഷണാത്മകമായി കൈകാര്യം ചെയ്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പക്ഷെ, ഇതില്‍ ഒരു താല്‍പര്യവുമില്ല. അന്ന് ജനാധിപത്യം സംരക്ഷിക്കാനും കാര്യങ്ങളിലെ സുതാര്യത ഉറപ്പാക്കാനും അഹോരാത്രം പണിയെടുത്ത രാജ്യത്തെ മാധ്യമങ്ങള്‍ അത് രാഹൂല്‍  ഗാന്ധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അദ്ദേഹം അത് ഇടക്കിടക്ക് ചോദിച്ചുകൊണ്ടിരിക്കന്നത് ഒരു വാര്‍ത്തയാണിപ്പോള്‍. ക്രമേണ അത് കൗതുക വാര്‍ത്തയായവസാനിക്കും.
      നട്ടെല്ല് തേഞ്ഞ് പോയ ഇന്ത്യന്‍ മാധ്യമങ്ങളുടെ ദയനീയത ബോധ്യമായത്, ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ് ഫിനാന്‍ഷ്യല്‍ ടൈംസ് അദാനി വാര്‍ത്തയില്‍ സ്വീകരിച്ച നിലപാട് മനസ്സിലാക്കിയപ്പോഴാണ്. അദാനി ഗ്രൂപ്പിനെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ അണുവിട പിന്നോട്ടില്ല എന്നാണവര്‍ പറഞ്ഞത്. 2023 മാര്‍ച്ച് 22നാണ് അദാനി ഗ്രൂപ്പിന്റെ സാമ്പത്തികാടിത്തറ അനധികൃത വിദേശ മൂലധനമാണെന്ന് സ്ഥാപിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത പിന്‍വലിക്കണണമെന്ന് ഏപ്രില്‍ 10ന് അദാനി കല്‍പ്പിച്ചു. ടൈംസ് വാലും ചുരുട്ടി തിരുത്ത് കൊടുക്കുകയല്ല ചെയ്തത്. മറിച്ച്, ശ്രദ്ധപൂര്‍വ്വം തയ്യാറാക്കിയതും വളരെ കൃത്യവുമായതിനാല്‍ റിപ്പോര്‍ട്ട്് പിന്‍വലിക്കുന്ന പ്രശ്‌നമില്ല; അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു എന്ന മറുപടി കൊടുക്കുകയാണുണ്ടായത്. ഇവിടെ ആണെങ്കിലോ  സംഭവിക്കുന്നതെന്തായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വല്ല പാവപ്പെട്ടവനുമാണെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം പറയും. പത്ത് പുത്തനുള്ളവനാണെങ്കില്‍ തിരുത്ത്, അവന്റെ  ഭാഗം വിശദീകരിക്കാനവസരം. അംബാനിയും അദാനിയും ഒക്കെയാണെങ്കില്‍ പറയണ്ട.
     ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന്റെ  ദൗത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും വ്യതിചലിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്റെ  നാലാം തൂണ്, കാവല്‍ നായ എന്നൊന്നും ഇനിയാരും പറയേണ്ട. എല്‍.കെ.അദ്വാനി പറഞ്ഞത് മാധ്യമങ്ങളോട് അടിയന്തരാവസ്ഥ കാലത്ത് മുട്ട് കുത്തി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞു എന്നാണ്. അന്ന് അദ്വാനി ജനസംഘം നേതാവായിരുന്നൂ  പിന്നീട് ബി.ജെ.പി നേതാവായ അദ്വാനി മോദിയുടെ ഗുരുവാണന്ന്്. 2014ല്‍ പ്രധാനമന്ത്രി പദം മോഹിച്ച അദ്വാനിയെ ശിഷ്യന്‍ നിഷ്‌കരുണം വെട്ടിയത് മാധ്യമങ്ങളെ ഉപയോഗിച്ചാണ്. നട്ടെല്ല് തേഞ്ഞ് തീര്‍ന്ന ഇന്നത്തെ ഇന്ത്യന്‍ മാധ്യമങ്ങളെ കുറിച്ച് അദ്വാനി എന്താകും പറയുക!

ലേഖനത്തിലെ അഭിപ്രായം ലേഖകന്റെതാണ്. We talk ന്റേതല്ല

Leave a Reply

Your email address will not be published. Required fields are marked *