മങ്ങാത്ത വെളിച്ചം

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് (പുനർ) ആവിഷ്ക്കരിച്ച നീലവെളിച്ചത്തിലെ ഗാനങ്ങൾ ആസ്വാദ്യതയുടെ ചില നൽ തൂവൽ സ്പർശങ്ങൾ സമ്മാനിക്കുന്നുണ്ട് എന്നത് ഒരു സത്യം. ഔചിത്യക്കുറവുള്ള വൈകാരിക ചിന്തകൾക്കപ്പുറത്തു നിന്നുകൊണ്ടു വേണം ഈ പാട്ടുകളെ സമീപിക്കുവാൻ.
കാലവുമായി സമരസപ്പെട്ടു പോകാൻ ഒരല്പം ബുദ്ധിമുട്ടാണെന്നത് വാസ്തവം. വൈകാരികത എന്നും സമയവുമായി ബന്ധപ്പെട്ടും കിടക്കുന്നു. അതുകൊണ്ടു തന്നെ നീലവെളിച്ചം എന്ന സിനിമയിലെ പാട്ടുകൾ പുറത്തുവന്നപ്പോൾ ഒരുപാട് പേർ മൂക്കത്ത് വിരൽ വച്ചു, ഭാവപരതയെ കളിയാക്കി, ഔചിത്യത്തെ ചോദ്യം ചെയ്തു, പുതു മീട്ടുകൾ സൃഷ്ടിക്കുവാനാവാത്തതിനെ ഭർത്സിച്ചു.
അതിരിക്കട്ടെ…
എന്താണിവിടെ പ്രശ്നം?
എപ്പോഴും ചോദ്യം ചെയ്യാനാവുന്ന ഒരു പ്രസ്താവനയാണ് സിനിമാപാട്ടിൽ സംഗീതത്തിനാണ് പ്രാധാന്യം എന്നത്. പൊതുവെ, ഏതു തരം പാട്ടെടുത്തു നോക്കിയാലും കാണാനാവുക സംഗീതത്തിനുള്ള പ്രാധാന്യം ഒരു പടി മുന്നിൽ എന്നതു തന്നെ. അതുകൊണ്ടു തന്നെയാണ് ഈണങ്ങൾ ആവർത്തിക്കപ്പെടുന്നതും, അനുകരിക്കപ്പെടുന്നതും.
വസ്തുനിഷ്ഠമായ വിലയിരുത്തലിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു കാര്യമുണ്ട് – സംഗീതരീതികളും, ബാണികളും, സങ്കേതങ്ങളും ഒക്കെ കാലഘട്ടവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ് എന്നത്. കാലം മാറുമ്പോൾ ആവിഷ്ക്കാരവും അവതരണവും മാറും. അത് സ്വാഭാവികം. മനസ്സിൽ ലബ്ധപ്രതിഷ്ഠിതമായ ഈണങ്ങളോട് പുതു ആവിഷ്കർത്താക്കൾ വികാരവികിരണത്തിൽ നീതി പുലർത്തിയോ എന്ന് മാത്രമേ നോക്കേണ്ടതായിട്ടുള്ളൂ. ഈണവും സാഹിത്യവും നിർത്തിക്കൊണ്ട് ഒരു പുതു വൈകാരികപ്രപഞ്ചം സൃഷ്ടിക്കാൻ സാധിച്ചാൽ അത് തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. അതേ ‘പഴയ പാട്ട് ‘ (സിനിമയിൽ) പുതു ആവിഷ്കാരത്തോടെ നിലനിർത്താൻ കാരണം എന്തോ ആവട്ടെ, ആ പാട്ടിലെ വൈകാരിക സാംഗത്യം നിലനിർത്തിയിട്ടുണ്ടോ അത് സാന്ദർഭികവും കൂടി ആണോ എന്ന് നോക്കിയാൽ മാത്രം മതിയാവും. പഴയ, യഥാർത്ഥ, ആ കാലത്തെ, ഗായകർ തന്നെ പാടണം എന്ന് പറയുന്നതിലും പുത്തൻ ആവിഷ്ക്കാരത്തെ പഴയതുമായി (ഗായകരിലൂടെയും പുനരാവിഷ്കർത്താക്കളിലൂടെയും) താരതമ്യപ്പെടുത്തുന്നതും എല്ലായ്പ്പോഴും ശരിയല്ലല്ലോ.

ഒരു ഗസൽ ഗായകനല്ലാത്ത യേശുദാസ് താമസമെന്തേ പാടിയപ്പോൾ നെഞ്ചിലേറ്റിയ ആസ്വാദകർക്ക് ഗസൽ ആലാപനരീതിയോട് വളരെ അടുത്ത ആലാപന ശൈലി പിന്തുടരുന്ന ഷഹബാസ് അമന്റെ ആലാപനത്തെ തള്ളിപ്പറയാനാവില്ല. (ബാബുരാജിന്റെ താമസമെന്തേ ഒരു മലയാളം ഗസൽ ആയിട്ടാണല്ലോ വിശേഷിപ്പിക്കപ്പെടുന്നത്). പുതിയ പതിപ്പിൽ ഷഹബാസ് യേശുദാസിനെ പിന്തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വന്തം ശൈലിയുടെ ആധിപത്യം ആണ് ഈ പാട്ടിനെ ശ്രദ്ധേയമാക്കുന്നത്. വളരെ ശ്രദ്ധ പുലർത്തി വൈകാരികതയോട് നീതിയുക്തമായ സമീപനം തന്നെയാണ് ഗായകൻ സ്വീകരിച്ചിരിക്കുന്നത്. യേശുദാസിനെ പോലെ പാടേണ്ട ആവശ്യം ഇല്ലല്ലോ യേശുദാസ് പതിപ്പ് ഉള്ളപ്പോൾ. ആ കാലഘട്ടത്ത് യേശുദാസ് പാടിയതിന് ഒരു പ്രത്യേക വികാരപരതയുണ്ട്, തത്തുല്യമായ ഒരു വൈകാരിക ഭാവം ഈ പുതിയ പാട്ടിനും ഉണ്ട് . ഇന്നത്തെ (അല്ലെങ്കിൽ അന്നത്തെ) ആലേഖന സങ്കേതങ്ങളും, ഗായകരുടെ പ്രായവും, ഗായന ശൈലികളും, സ്വരസൗകുമാര്യവും, ഈ കാലഘട്ടത്തെ ആസ്വാദക മനോനിലയും, ആവിഷ്ക്കാര നിലപാടുകളിലെ മാറ്റങ്ങളും പരിഗണിക്കുമ്പോൾ താമസമെന്തേ എന്ന ബാബുരാജ് ഗാനത്തിന്റെ പുത്തൻ ആവിഷ്കാരം കൗതുകമുണർത്തുന്നതും വികാരസാന്ദ്രവുമാണ്. യേശുദാസ് ഇന്നു ഈ പാട്ട് പാടിയാൽ പഴയ പാട്ടുണ്ടാക്കുന്ന അതേ വൈകാരിക വിചാരങ്ങൾ ഉണ്ടാകുമോ? ഒട്ടും അലോസരപ്പെടുത്താത്ത, ആധുനിക ഉപകരണവിന്യാസ സങ്കേതങ്ങൾ ഒരു പുതു ശ്രോതാവിനെ ആനന്ദിപ്പിക്കും. പഴമയുടെ ബോധം ഉണ്ടാക്കുമ്പോഴും, അവലമ്പിച്ചിരിക്കുന്ന നൂതന വാദ്യവിന്യാസം ആസ്വാദ്യതയുടെ സീമകളെ നന്നേ പെരുപ്പിക്കുന്നുണ്ട്.
ചിത്ര പാടിയിരിക്കുന്ന അനുരാഗ മധുചഷകം പഴയ ജാനകി പതിപ്പോളം തന്നെ മികച്ചതു തന്നെ. ഉപകരണവിന്യാസത്തിലെ സങ്കേതങ്ങളും സ്വരമാധുര്യത്തിലെ സൂക്ഷ്മതകളുമൊഴിച്ചാൽ, മൂലഗാനത്തിൻ്റെ ഓജസ്സ് അതേപടി നിലനിത്തിയിട്ടുണ്ടെന്നു പറയാം. ഉപകരണ പരിചരണത്തിലെ ബിജി ബാലിൻ്റെ ഇടപെടലുകൾ ഗാനത്തിൻ്റെ ആസ്വാദ്യതയെ ഒന്നുയർത്തിയിട്ടുണ്ട്. ഇതുമില്ലെങ്കിൽ പിന്നെന്ത് പുനരാവിഷ്ക്കരണം?
കമുകറയുടെ ഒരു നിർബന്ധാനുകരണം ഒഴിവാക്കുവാൻ ഷഹബാസ് അമാന് ആയിട്ടില്ല, ഏകാന്തതയുടെ അപാരതീരത്തിൽ എന്ന പാട്ടിൽ. നൈസർഗ്ഗികമായ സ്വരവൈശിഷ്ട്യങ്ങൾ പഴയതും പുതിയതുമായ പതിപ്പുകളെ വ്യത്യസ്ഥങ്ങളാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാവില്ലെങ്കിലും, പാട്ടിൻ്റെ ഭാവതലത്തെ ഉൾക്കൊണ്ട് തന്നെയാണ് ഗായകൻ അവതരിപ്പിച്ചിരിക്കുന്നത്.
വാദ്യോപകരണങ്ങളുടെ വിന്യാസത്തിലെ സൂക്ഷ്മതയും, ലാളിത്യവും, ഔചിത്യവും, അവയുളവാക്കുന്ന ഭാവോന്മീലനവും സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ബിജി ബാലിൻ്റെ ശ്രദ്ധാപൂർണതയെ വെളിവാക്കുന്നു.
വേറൊരു ഗൗരവതരമായ കാര്യം, എന്തു മാത്രം സമ്മർദ്ദം ബിജി ബാലിനും ഷഹബാസ് അമനും അതിജീവിക്കേണ്ടി വന്നിട്ടുണ്ടാവും എന്നതാണ്. ബാബുരാജിൻ്റെ സംഗീതത്തോട് നീതി പുലർത്തുന്നതിലെ യാഥാർഥ്യബോധം എന്തളവിൽ ഉണ്ടായിരിക്കണം എന്നത് ചില്ലറ കാര്യമല്ല. ഇവിടേയും ഇവർ വിജയിച്ചിരിക്കുന്നു. ഒരുപക്ഷേ, പുതിയ പാട്ടുകൾ ഉണ്ടാക്കുന്നത് ഇതിലും എളുപ്പമായിരിക്കാം. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആവിഷ്ക്കരിച്ച ഈ ഗാനങ്ങൾ ആസ്വാദ്യതയുടെ ചില നനുത്ത തൂവൽ സ്പർശങ്ങൾ സമ്മാനിക്കുന്നുണ്ട് എന്നത് ഒരു സത്യം.
കുറിപ്പ്: ഈ ലേഖനത്തിൽ കലാപരമായ വശങ്ങളെ മാത്രമേ നോക്കിക്കാണുന്നുള്ളൂ. നിയമവശങ്ങൾ ഇതിൻ്റെ പരിധിയിൽ അല്ല.
അയിലൂരിൻ്റെ പഴയൊരു തുടർവായനക്കാരൻ എന്ന നിലക്ക് അദ്ദേഹത്തിൻ്റെ മറ്റൊരു ഗാന പംക്തി വന്നു കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു.
പഴയ ക്ളാസിക് ‘ഭാർഗവീനിലയ’ത്തിൻ്റെ തന്നെ പുതിയ പതിപ്പിലെ ഗാനങ്ങളുടെ അവലോകനത്തിലൂടെ വീണ്ടും അദ്ദേഹം എത്തുമ്പോൾ സന്തോഷം.
we talk മീഡിയക്കും , ശ്രീ.അയിലൂരിനും ഭാവുകങ്ങൾ!