വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്ക
വി. മുഹമ്മദ് അലി
തിരഞ്ഞെടുപ്പ് വരികയാണെങ്കിൽ പ്രിയങ്ക ഗാന്ധിക്ക് സാധ്യത ചർച്ച സജീവം. യു.ഡി.എഫ് തയ്യാറെടുക്കുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ ഇന്ത്യയിലെ ലോകസഭ മണ്ഡലങ്ങളിൽ വി.എെ.പി, പദവിയുള്ള വയനാട്് വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ രാഹുലിന്റെ സഹോദരിയും കോൺഗ്രസ് ജനറൽ ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി കടന്നു വരുമോ ? 2024ലെ തെരഞ്ഞെടുപ്പിൽ രാഹുലിന് നിയമത്തിന്റെ കൂച്ചുവിലങ്ങിട്ടുകയോ അതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് വരികയോ ചെയ്താൽ പകരം പ്രിയങ്ക ഗാന്ധിയെ നിർദേശിക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ചർച്ച സജീവമാണ്.
കോൺഗ്രസ് ഹൈക്കമാൻ്ഡ് തീരുമാനം വന്നാൽ യു.ഡി.എഫ് .അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും. രാജ്യത്തെ തന്നെ സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് രാഹുൽ അല്ലെങ്കിൽ പിയങ്ക വയനാട്ടിൽ പ്രതീക്ഷയർപ്പിക്കുന്നത്. ഇതിന്റെ തുറന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ഏപ്രിൽ 11ന് കൽപറ്റയിൽ സത്യമേവ ജയതേ റാലിയിൽ അലയടിച്ചത്. വയനാട് മണ്ഡലം ഉൾപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്ത് തലം മുതൽ യ.ഡി.എഫിന്റെ ആയിരക്കണക്കിന് പ്രവർത്തകർക്ക് പുറമെ പാലക്കാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ പ്രതിനിധികളും രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണം നൽകാൻ കൽപ്പറ്റയിലക്ക് ഒഴുകി എത്തി. വയനാട് കണ്ട ഏറ്റവും വലിയ ആൾക്കൂട്ടം . യു.ഡി.എഫിന്റെ കേരളത്തിലെ മുഴുവൻ നേതാക്കളും കൽപറ്റയിലെ പരിപാടിയിൽസംബന്ധിച്ചു.ഇതിൽ ഏറ്റവംകൂടുതൽ ശ്രദ്ധിക്കപ്പെട്ടത്് ്പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യവും പ്രസംഗവുമായിരുന്നു.എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷംആദ്യമായി വയനാട്ടിലെത്തിയ രാഹുലിനൊപ്പം എത്തിയ പ്രിയങ്കയെ ജനസാഗരം സ്നേഹവായ്പോടെയാണ് എതിരേറ്റത്.
2019ലെ തെരഞ്ഞെടുപ്പിൽ അമേത്തിയിലും വയനാട്ടിലും ജനവിധി തേടിയ രാഹുൽ, അമേത്തിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിക്കു മുന്നിൽ കാലിടറി വീണു. സ്മൃതി ഇറാനി 468514 വോട്ടുകൾ നേടിയപ്പോൾ 413394 വോട്ടുകളാണ് രാഹുലിന് ലഭിച്ചത്. വലിയ പ്രതീക്ഷയുണ്ടായിരുന്ന അമേത്തി കൈവിട്ടപ്പോൾ വയനാട് ചരിത്ര വിജയം സമ്മാനിച്ചു. 431770 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് രാഹുലിനെ പാർലമെൻറിൽ എത്തിച്ചത്. ബി.ജെ.പി മുന്നണിയിൽ വയനാട്ടിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്ക് അന്ന് കിട്ടിയ വോട്ട് 78,816 മാത്രം. രാഹുലിന്റെ മുഖ്യ എതിരാളി എൽ.ഡി.എഫിന്റെ പി.പി.സുനീറിന് (സി.പി.എെ) ലഭിച്ചത് 2,74,597 വോട്ടുകൾ. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളിൽ പോലും രാഹുൽ തരംഗംആഞ്ഞു വീശി. അതിന് ഇപ്പോഴും വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, പുതിയ സാഹചര്യത്തിൽ ഞങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം എന്ന ആർപ്പുവിളികൾ ഉച്ചത്തിൽ മുഴങ്ങുകയാണ്. രാഷ്ട്രീയ നിരീക്ഷകർ ഇൗ കാര്യം വിലയിരുത്തുന്നുണ്ട്.വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസും മുസ്ലിം ലീഗും ഘടക കക്ഷികളും വയനാട് മണ്ഡലത്തെ കാണുന്നത്.രാഹുലിന്റെ അയോഗ്യത നിയമ കുരുക്കിൽ നീണ്ടുപോയാൽ പകരം വെക്കാൻ പ്രിയങ്ക ഗാന്ധിയല്ലാതെ മറ്റാര് ? വയനാട് മണ്ഡലം ഒഴിഞ്ഞാൽ കോൺഗ്രസിൽ യുവതുർക്കികൾ മൽസരിക്കാൻ കച്ചമുറുക്കുമെങ്കിലും ഹൈക്കമാൻഡ്്് തീരുമാനത്തിനു മുന്നിൽ അവരും കൈകൂപ്പി നിൽക്കും. വയനാട് മണ്ഡലം പിറവി കൊണ്ടതു മുതൽ മുസ്ലീംലീഗിന് അവകാശ വാദം ഉണ്ടെങ്കിലും കോൺഗ്രസ് തീരുമാനത്തിനൊപ്പം അടിയുറച്ചു നിൽക്കാനാണ് അവരുടെ തീരുമാനം. കോൺഗ്രസ് നേതാവ് എം.എെ. ഷാനവാസ് രണ്ടു തവണ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോഴും രണ്ടാം തവണ ആടിയുലഞ്ഞപ്പോഴും ലീഗിന്റെ കരങ്ങളാണ് അദ്ദേഹത്തെ പൊക്കിയെടുത്തത്.