ചലച്ചിത്ര നിരൂപണം- നീലവെളിച്ചം; നിറം മങ്ങിയോ നീലവെളിച്ചം?

എം റിജു

കേരളം ഏറെ ചര്‍ച്ചചെയ്ത ഒരു സിനിമയെ 59 കൊല്ലത്തിനുശേഷം പുനരാവിഷ്്ക്കരിക്കുക ഒരു വലിയ ദൗത്യം തന്നെയാണ്. പ്രതിഭാധനനായ ആഷിക്ക് അബുവാണ് ആ വെല്ലുവിളി ഏറ്റെടുത്തത്. ഭാര്‍ഗവീനിലയം,’നീലവെളിച്ചമായി’ വീണ്ടും എത്തുമ്പോള്‍ അത് പ്രേക്ഷകരുടെ പ്രതീക്ഷകാത്തോ?

കാട് പിടിച്ചുകിടക്കുന്ന ഏത് വീട് കണ്ടാലും മലയാളി പറയുന്നു ഒരു വാക്കുണ്ട്. ഭാര്‍ഗവീനിലയം! അത്രക്ക് പ്രശസ്തമാണ്, 1964ല്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍, വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന സിനിമ. ചിത്രം കാണാത്തവര്‍ക്കുകൂടി വാമാഴിയിലുടെ ഇതിന്റെ കഥ സുപരിചിതമാണ്. കേരളം ഏറെ ചര്‍ച്ചചെയ്ത ഒരു സിനിമയെ 59 കൊല്ലത്തിനുശേഷം പുനരാവിഷ്്ക്കരിക്കുക ഒരു വലിയ ദൗത്യം തന്നെയാണ്. പ്രതിഭാധനനായ ആഷിക്ക് അബുവാണ് ആ വെല്ലുവിളി ഏറ്റെടുത്തത്. ബഷീര്‍ തന്റെ കഥയ്ക്ക് ഇട്ട അതേ പേരായ ‘നീലവെളിച്ചമായി’ ഭാര്‍ഗവീനിലയം, വീണ്ടും എത്തുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലും പ്രതീക്ഷകള്‍ ഏറെയായിരുന്നു.

ചിത്രത്തില്‍ ഒന്നാന്തരം ക്യാമറാ വര്‍ക്കുണ്ട്, വിവിഎക്‌സുണ്ട്, ഗാനങ്ങള്‍ മനോഹരമായി പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്, നല്ല അഭിനയുമുണ്ട്, ശബ്ദ വിന്യാസവും നന്നായി…. പക്ഷേ എന്നിട്ടും ഇത് ഒരു മനോഹരമായ ചിത്രമായി മാറുന്നില്ല. ഭാര്‍ഗവീനിലയം നീലവെളിച്ചമായപ്പോള്‍ ചിത്രത്തില്‍ ഇമോഷന്‍സ് ഇല്ലാതായപോലെ. മാത്രമല്ല, പലയിടത്തും ലാഗടിക്കുന്നു. രണ്ടാം പകുതി ഉന്തിത്തള്ളിയാണ് പോവുന്നത്. ഒന്ന് സ്പീഡ് കൂട്ടി ക്രാഫ്റ്റില്‍ ചില പുതുക്കലുകള്‍ നടത്തിയിരുന്നെങ്കില്‍, ഈ ചിത്രം അസാധാരണമായ ഒരു വര്‍ക്ക് ആവുമായിരുന്നു. എന്നുവെച്ച് പറ്റേ മോശവുമല്ല. ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥവെച്ച് സ്വര്‍ഗമാണ് ഈ പടം. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ചിത്രം തന്നെയാണിത്.

പ്രതീക്ഷയുള്ള തുടക്കത്തിന് ശേഷം

നിലാവില്‍ കുളിച്ച് നില്‍ക്കുന്ന ഭാര്‍ഗവീനിലയത്തിന്റെ ഒരു ഗംഭീരഷോട്ടോടെയാണ് ചിത്രം തുടങ്ങുന്നത്. അപ്പോള്‍ നമുക്കുണ്ടാവുന്ന പ്രതീക്ഷകള്‍ പയ്യേ തണുത്തുപോവുകയാണ്. ലാഗടിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താല്‍ ആദ്യത്തെ 20 മിനുട്ടിനുശേഷം സിനിമക്ക് കഴിയുന്നില്ല. ഇവിടെയാണ് സംവിധായകന്റെ പരാജയം. ചിത്രത്തിന്റെ ഹൊറര്‍ മൂഡും ആദ്യ പകുതിക്കുശേഷം അവസാനിക്കയാണ്.

പ്രേത ബാധിതമെന്ന് പറയുന്ന ഒരു ഒറ്റപ്പെട്ട വീട്ടില്‍ വാടകക്കാരനായി എത്തുന്ന എഴുത്തുകാരനും അവിടെയുണ്ടെന്ന് കരുതുന്ന ദുര്‍മരണപ്പെട്ട ഭാര്‍ഗവി എന്ന സ്ത്രീയുടെ ആത്മാവും തമ്മിലുള്ള സൗഹൃദമാണ് ചിത്രം. പക്ഷേ ഭാര്‍ഗവീനിലയത്തിലെ പലതും ഇവിടെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത വിഷാദത്തിലാണ് എഴുത്തുകാരന്‍ ഭാര്‍ഗവീനിലയത്തില്‍ എത്തുന്നത്. പ്രണയ നൈരാശ്യത്തെ കുറിച്ചുള്ള മുറിഞ്ഞ ഓര്‍മകളില്‍ അയാള്‍ റൈറ്റേഴ്സ് ബ്ലോക്ക് അനുഭവിക്കുന്നു. ആത്മഹത്യ പ്രവണത, ഏകാന്തത ഒക്കെ അയാളെ അലട്ടുന്നുണ്ട്. ഭാര്‍ഗവിയും അയാളും ആ അര്‍ത്ഥത്തില്‍ തുല്യ ദു:ഖിതരാണ്. ‘ഇത് വരെ കാണാത്ത പ്രിയപ്പെട്ട സുഹൃത്തെ’ എന്നൊക്കെയാണ് അയാള്‍ അവളെ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെ ഭാര്‍ഗവിയും എഴുത്തുകാരും തമ്മിലുള്ള സുഹൃദ് ബന്ധമൊന്നും പക്ഷേ, നീലവെളിച്ചത്തില്‍ വര്‍ക്കൗട്ട് ആവുന്നില്ല.

അതുകൊണ്ടുതന്നെ എഴുത്തുകാരന്റെ ആകുലതകള്‍ പ്രേക്ഷകനിലേക്ക് എത്തുന്നില്ല. ഭാര്‍ഗവിയുടെ പ്രണയവും, സങ്കടവും, ദുരന്തവും ഒന്നും അവനിലേക്ക് വേണ്ടവിധം കമ്യുണിക്കേറ്റ് ആവുന്നില്ല. കഥയുടെ പ്രെഡിക്റ്റബിലിറ്റിയും പ്രശ്‌നമാണ്.

ഷൈന്‍ ടോം പാളി

നടീനടന്‍മ്മാരുടെ പ്രകടനം മുന്‍കാല ആഷിക്ക്്അബു ചിത്രങ്ങളിലെപ്പോലെ സൂപ്പര്‍ ആയി എന്ന് പറയാന കഴിയില്ല. ടൊവീനോ തോമസിന്റെ ബഷീര്‍ അല്‍പ്പം മസിലുപിടിക്കുന്നതുപോലെ തോന്നി. വൈക്കം മുഹമ്മദ് ബഷീറിന് മലയാളികള്‍ക്ക് ഇടയിലുള്ള ഇമേജ്, അല്‍പ്പം കിറുക്കനും, സരസനുമായ ഒരു സാഹിത്യകാരന്‍ എന്നാണെല്ലോ. ഇവിടെ ആ സരസത കൊണ്ടുവരാന്‍ ടൊവീനോക്ക് കഴിഞ്ഞിട്ടില്ല. രണ്ടു സാഹചര്യങ്ങളില്‍ രണ്ടു നടന്‍മ്മാര്‍ ചെയ്ത ചിത്രങ്ങളെ വിലയിരുത്തുന്നത് ഫാള്‍സ് കമ്പാരിസനാണ്. പക്ഷേ അടുരിന്റെ ‘മതിലുകളില്‍’ മമ്മൂട്ടി ചെയ്ത ബഷീറിന്റെ എവിടെയും എത്തില്ല ഈ ബഷീര്‍. അതുപോലെ നാടന്‍ ഡയലോഗുകള്‍ക്ക് പകരം പലപ്പോഴും അച്ചടിഭാഷയുടെ കൃത്വിമത്വവും തോന്നിക്കുന്നുണ്ട്.

പക്ഷേ നായിക ഭാര്‍ഗവിയെ അവതരിപ്പിച്ച റിമ കല്ലിങ്കല്‍ ഉഗ്രനായിട്ടുണ്ട്. ഇത് റിമയുടെ പടം ആണെന്ന് വേണമെങ്കില്‍ പറയാം. നൃത്തരംഗങ്ങളിലാക്ക റിമ പൊളിക്കുന്നുണ്ട്. പക്ഷേ റിമയും, റോഷന്‍മാത്യുവുമായുള്ള പ്രണയ കോമ്പോ ക്ലിക്ക് ആയിട്ടില്ല. ‘ആ പൂവ് എന്ത് ചെയ്തു’ എന്ന് തുടങ്ങുന്ന മതിലനപ്പുറവും ഇപ്പുറവും ഉള്ള ഭാര്‍ഗവീനിലയത്തിലെ സീക്വന്‍സ് ഇപ്പോഴും മലയാളത്തിലെ ക്ലാസ്സിക് പ്രണയ രംഗങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. ‘നീലവെളിച്ച’ത്തില്‍ ഏറ്റവും യാന്ത്രികമായി ചിത്രീകരിച്ചതായി തോന്നിയത് ആ രംഗമാണ്. പല രംഗങ്ങളിലും നാടകം മണക്കുന്നു.

ആദ്യമായി ആന്നെന്ന് തോനുന്നു, റോഷന്‍ മാത്യൂവിന്റെ ഒരു കഥാപാത്രത്തിന് ഇങ്ങനെ സംഭവിക്കുന്നത്. റോഷന്‍ സിത്താര്‍ വായിക്കുന്നത് കണ്ടാല്‍ അറിയാം ആ ക്രിത്രിമത്വം. സിനിമയുടെ മര്‍മ്മ പ്രധാനമായ പ്രണയം പ്രേക്ഷകന്റെ ഹൃദയത്തില്‍ തറക്കുന്ന നിലയില്‍ ചിത്രീകരിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ വിരഹവും ദുരന്തവും ഫീല്‍ ചെയ്യുന്നുമില്ല.

പൂര്‍ണ്ണമായും മിസ്‌കാസ്റ്റ് ആയിപ്പോയി ഷൈന്‍ ടോം ചാക്കോയുടെ വില്ലനും. ചില യൂട്യൂബ് അഭിമുഖങ്ങളില്‍ കാണുന്ന അതേ ഷൈന്‍ ടോമിനെയാണ് നാം ഇവിടെയും കാണുന്നത്്. വല്ലാതെ ടെപ്പായി പോകുന്നുണ്ട് ഈ നടന്‍. ക്ലൈമാക്‌സിലെ അയാളുടെ പ്രകടനമൊക്കെ ശരിക്കും നാടകമായി ഫീല്‍ ചെയ്യുന്നു. അടുത്തകാലത്തായി ചെയ്ത വേഷങ്ങള്‍ എല്ലാം പൊന്നാക്കിയ രാജേഷ് മാധവന്‍ പോലും ചിരിപ്പിക്കാന്‍ പ്രയാസപ്പെടുകയാണ്. പക്ഷേ ചിത്രത്തില്‍ ചെറിയ പരീക്കണ്ണി എന്ന കഥാപാത്രത്തെ ചെയ്ത, പ്രമോദ് വെള്ളിയനാടിന് കൊടുക്കണം ശരിക്കും ഒരു കൈയടി. എന്തൊരു നാച്ച്വറല്‍ ഫീല്‍. ടൊവീനോയുടെ സുഹൃത്തുക്കളായി എത്തിയവരും നന്നായി.

ഗാനങ്ങളും ആര്‍ട്ടും തകര്‍ത്തു

ഈ ചിത്രത്തില്‍ ഏറ്റവും പേര് കിട്ടിയിരിക്കുന്നത് ബിജിപാലിന്റെയും റെക്‌സ് വിജയന്റെയും നേതൃത്വത്തിലുള്ള മ്യൂസിക്ക് ടീമിന് ആണ്. ബാബുരാജ്, പി ഭാസ്്ക്കരന്‍, യേശുദാസ് ടീമിന്റെ ഒറിജനല്‍ ഗാനങ്ങളെ വെല്ലുന്ന രീതിയിലാണ് റീമിക്‌സ്. ഗാന ചിത്രീകരണവും സൂപ്പര്‍. ‘താമസമെന്തേ വരുവാന്‍’ എന്നതടക്കമുള്ള അഞ്ച് ഗാനങ്ങള്‍ കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് കൊടുത്ത കാശ് വൂസലാവും. ‘ പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടുരു’ എന്ന പാട്ടിലൊക്കെ നമുക്ക് ആ നൊസ്റ്റാള്‍ജിക്ക് ഫീല്‍ കിട്ടുന്നുണ്ട്.

അതുപോലെ ചിത്രത്തിലെ ആര്‍ട്ട് വര്‍ക്കും നന്നായിട്ടുണ്ട്. പഴമ അതേപടി തോന്നുണ്ട്.
ചന്ദ്രവെളിച്ചത്തില്‍ കാണുന്ന ബോഗന്‍വില്ലകള്‍ നിറഞ്ഞ വീട്, റാന്തല്‍ വിളക്കിന്റെ പ്രകാശത്തിന്റെ വിന്യാസം, വാതില്‍ പാളികളിലൂടെ പരക്കുന്ന നീലവെളിച്ചം, എന്നിവയിലൂടെയൊക്കെ വ്യത്യസ്തമായ കാഴ്ചനുഭവം പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്. അതുപോലെ ആ വീട്ടില്‍ ആകമാനം നീലവെളിച്ചം പടരുന്നതും, കടലില്‍ നായകന്‍ ഭാര്‍ഗവിയെ കാണുന്നിടത്തും, ഓടുന്ന ട്രയിനും ഭാര്‍ഗവിയുടെ മുറിയും സംയോജിപ്പിച്ച ഷോട്ടിലുമൊക്കെ വിവിഎക്‌സ് അതി ഗംഭീരമാണ്.

പക്ഷേ സങ്കേതികമായി എല്ലാവിധത്തിലുള്ള മേന്‍മകളും ഉണ്ടായിട്ടും, നീലവെളിച്ചം ഒരു ഔട്ട് സ്റ്റാന്‍ഡിങ്ങ് കാറ്റഗറിയില്‍പെടുത്താവുന്ന ചിത്രമാവുന്നില്ല. അവിടെയാണ് സംവിധാനത്തിലെ പാളിച്ച പ്രകടമാവുന്നത്. നാരദന്‍ എന്ന മുന്‍ ചിത്രത്തിന്റെ പരാജയത്തില്‍നിന്ന് ആഷിക്ക് അബു ഒന്നും പഠിച്ചിട്ടല്ല എന്ന് വ്യക്തം. സാങ്കേതിക മേന്‍മയല്ല, സിനിമയെന്നാല്‍ ഇമോഷനാണെന്ന് സത്യജിത്ത് റായ് പറഞ്ഞതാണ് ഇവിടെ ഓര്‍ത്തുപോവുക.

വാല്‍ക്കഷ്ണം: ഭാര്‍ഗവീനിലയം സിനിമക്ക് ശേഷമാണ്, മലയാളത്തില്‍ യക്ഷികള്‍ക്ക് വെള്ളയും വെള്ളയും ‘യൂണിഫോം’ ഉണ്ടായത്. ഭാര്‍ഗവി തൂവെള്ളയിലേക്ക് മാറാന്‍ കഥയില്‍ കൃത്യമായ കാരണം ഉണ്ടായിരുന്നു. പക്ഷേ ഈ ആറുനൂറ്റാണ്ടിനുശേഷവും നമ്മുടെ സീരിയല്‍ യക്ഷികള്‍ അടക്കം, ഈ വേഷത്തില്‍ തുടരുകയാണ്!

Leave a Reply

Your email address will not be published. Required fields are marked *