എ ഐ ക്യാമറയിൽ ഒളിച്ചു വെച്ച അഴിമതി
കേരളത്തിൽ ഇന്ന് നാലാൾ കൂടുന്നിടത്തെ സംസാരം എ ഐ ക്യാമറകളാണ് . അത് ഉൽഘാടനം ചെയ്ത മുറയ്ക്ക് തന്നെ വിവാദവും തുടങ്ങി. സംസ്ഥാനത്തു 726 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മിഴി തുറന്നെന്നാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്. ഇവ റോഡിലെ കുറ്റകൃത്യങ്ങൾ കണ്ടു പിടിച്ചു യാത്രക്കാരിൽ നിന്ന് ഫൈൻ ഈടാക്കും. ഹെൽമെറ്റ് ഇല്ലാതെ ടു വീലർ ഓടിക്കുക, സീറ്റ് ബെൽറ്റ് ഇടാതെ കാർ ഓടിക്കുക, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, ട്രാഫിക്ക് സിഗ്നലുകൾ ലംഘിക്കുക, മഞ്ഞ വര മറികടക്കുക എന്നിങ്ങനെ നാനാവിധ കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ചു വാഹന ഉടമക്ക് ഫൈൻ അടയ്ക്കാനുള്ള ചെലാൻ കുറ്റകൃത്യത്തിന്റെ തെളിവുസഹിതം 24 മണിക്കൂറിനുള്ളിൽ മെയിലിലോ മൊബൈലിലോ അയച്ചു കൊടുക്കും. 500 മുതൽ 2000 രൂപ വരെയാണ് ഫൈൻ. ദിവസേന 30000 ചെലാൻ അയക്കാനുള്ള ശേഷിയുണ്ട്.
നിരത്തുകളിൽ പൊലിയുന്ന മനുഷ്യ ജീവനുകളുടെ കാര്യം ആലോചിക്കൂമ്പോൾ ഈ പദ്ധതിയെ പിന്താങ്ങാതിരിക്കാൻ വയ്യ. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളം വാഹന അപകടങ്ങളുടെയും മരണങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിൽ അഞ്ചാമതാണ്. 2017 മുതൽ 2022 വരെയുള്ള അഞ്ചു വർഷക്കാലം കേരളത്തിൽ വാഹനാപകടങ്ങളിൽ 23512 പേരാണ് മരിച്ചത്. . തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ എ കെ ഉന്മേഷ് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ഇവിടെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ പേര് ഉന്മേഷ് എന്നാണെങ്കിലും ഒട്ടും ഉന്മേഷമില്ലാത്ത ജോലിയാണ് ചെയ്യുന്നത്, മാസത്തിൽ ഇരുനൂറോളം പോസ്റ്റ്മോർട്ടങ്ങളാണ് തൃശൂർ മെഡിക്കൽ കോളജിൽ നടക്കുന്നത്. അതിൽ പകുതിയും വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടേത് .. ഭൂരിഭാഗവും ചെറുപ്പക്കാർ. വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മിനിമം കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ പോസ്റ്റ്‌മോർട്ടം ടേബിളിൽ അവർക്കു തണുത്തു മരവിച്ചു കിടക്കേണ്ടി വരികയില്ലായിരുന്നുവെന്നാണ് ഡോ ഉന്മേഷ് കുറിച്ചത്. അതിനാൽ , സേഫ് കേരള എന്ന പദ്ധതിയിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാ നടപടികളുടെ സദുദ്ദേശത്തെ മാനിക്കാം . എന്നാൽ, പദ്ധതി നടപ്പിലാക്കിയതിന്റെ പിന്നിലെ ദുരുദ്ദേശം കാണാതിരിക്കാനാവില്ല.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇതിന്റെ നടത്തിപ്പ് കെൽട്രോണിനെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നത്. സർക്കാരിന്റെ മൂന്നു വകുപ്പുകൾ ബന്ധപ്പെട്ട ഒന്നാണ് സേഫ് കേരളയിലെ എ ഐ കാമറ ഇടപാട്. ഇത് നടപ്പിലാക്കുന്നത് ഗതാഗത വകുപ്പാണ്.. കരാർ കൊടുത്ത കെൽട്രോൺ വ്യവസായ വകുപ്പിന് കീഴിൽ. സാമ്പത്തിക അനുമതി നൽകേണ്ടത് ധനവകുപ്പ്. യഥാക്രമം ഈ വകുപ്പുകളുടെ മന്ത്രിമാരായിരുന്ന എ കെ ശശീന്ദ്രൻ, ഇ പി ജയരാജൻ, തോമസ് ഐസക് എന്നിവരാണ് ഇതിനു ഉത്തരം പറയേണ്ടത്. അല്ലാതെ ഇപ്പോഴത്തെ മന്ത്രിമാരായ ആന്റണി രാജുവോ പി രാജീവോ കെ എൻ ബാലഗോപാലോ അല്ല .
എന്തിനാണ് ഇങ്ങനെ ഒരു പദ്ധതിയുടെ കരാർ കെൽട്രോണിന് കൊടുത്തത് ? കെ പി പി നമ്പ്യാരുടെ സ്വപ്ന പദ്ധതിയായിരുന്ന കെൽട്രോൺ ഇപ്പോൾ അൻപതാം വാർഷികം ആഘോഷിക്കുകയാണ്. കേരളത്തിലെ ഇലക്ട്രോണിക്സ് മേഖലയിൽ വിപ്ലവം കൊണ്ടുവരാൻ കഴിയുമായിരുന്ന ഈ കമ്പനി ഭരിക്കുന്നവരുടെ കറവപ്പശുവായി മാറിയിട്ട് വർഷങ്ങൾ പലതായി. സർക്കാരിന്റെ കരാറുകൾ കെൽട്രോണിന് കൊടുക്കുക, കെൽട്രോൺ അത് മറ്റേതെങ്കിലും കമ്പനിക്ക് മറിച്ചു കൊടുത്തു അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ടു ജീവനക്കാർക്ക്ബാ ശമ്പളം കൊടുക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാനം കമ്പനി ലാഭത്തിലാണെന്നു ബാലൻസ് ഷീറ്റിൽ കാണിക്കുക. വർഷങ്ങളായി ഇതാണ് കെൽട്രോൺ ചെയ്തു വരുന്നത്. എന്നുവെച്ചാൽ, നൂറു കോടി രൂപയ്ക്കു സർക്കാർ കെൽട്രോണിന് കൊടുത്ത കരാർ അവർ പത്തു ശതമാനം ലാഭം എടുത്തു 90 കോടിക്ക് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കും . ഈ ഇടപാടിൽ കൈ നനയാതെ കെൽട്രോണിന് 10 കോടി കിട്ടും. കരാറും ഉപകരാറും കിട്ടിയ സ്വകാര്യ കമ്പനി രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കോഴത്തുക കൃത്യമായി എത്തിക്കും. ഭരിക്കുന്നത് യു ഡി എഫ് ആയാലും എൽ ഡി എഫ് ആയാലും കുറേക്കാലമായി നടന്നു വരുന്നത് ഇതാണ്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് എ ഐ ക്യാമറ ഇടപാടിന് പിന്നിൽ അഴിമതി നടന്നതായി തെളിവ് സഹിതം ആരോപിച്ചത്. കോവിഡ് കാലത്തു രോഗബാധിതരുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്താൻ ആരോഗ്യവകുപ്പ് അറിയാതെ അമേരിക്കൻ കമ്പനി സ്‌പ്രിംഗ്‌ളറിനെ ഏൽപിച്ച വിവരം പുറത്തു കൊണ്ടുവന്നത് അദ്ദേഹമാണ്. അന്ന് അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ പിന്നീട് സ്വർണക്കടത്തു കേസിലും ലൈഫ് മിഷൻ കേസിലും മറ്റും പ്രതിയായി ജയിലിലെത്തി. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചു കൊണ്ടിരുന്ന കാലത്താണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിക്കുന്നത്.
232 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. കരാറിൽ സുതാര്യതയില്ലെന്നു പറഞ്ഞു ചീഫ് സെക്രട്ടറിയുടെ ഓഫീസും ധനമന്ത്രിയുടെ ഓഫിസും ഇതിന്റെ ഫയൽ പിടിച്ചു വെച്ചിരുന്നു. മുകളിൽ നിന്ന് സമ്മർദ്ദം വന്നതിനെ തുടർന്നാണ് പിന്നീട ഫയൽ നീങ്ങിയത്. . ബാംഗ്ലൂരിലെ എസ് ആർ ഐ ടി (സ്റിറ്റ് ) എന്ന കമ്പനിക്ക് കാമറ നിർമാണത്തിന് കെൽട്രോൺ കരാർ കൊടുത്തത് 151 കോടി രൂപയ്ക്കാണ്. എ ഐ ക്യാമറ നിർമാണത്തിൽ ഈ കമ്പനിക്കു മുൻപരിചയം ഉള്ളതായി അറിവില്ല. അവർ തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും രണ്ടു കമ്പനികൾക്ക് ഉപകരാർ കൊടുക്കുന്നു. ഈ കമ്പനികളെ കുറിച്ച് കേട്ടറിവോ അവർക്കു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമായ ക്യാമറകൾ നിർമ്മിക്കാനുള്ള ശേഷിയോ ഇല്ല. കെൽട്രോണിന്റെ മിക്ക ഇടപാടുകളും ഇത് പോലെ ബിനാമിഏർപ്പാടുകളാണ്. കരാറും ഉപകരാറും കിട്ടുന്ന കമ്പനികളുടെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് കോഴത്തുക കൈമാറൽ. ആർക്കൊക്കെ എത്ര തുക കിട്ടിയെന്നു കണ്ടെത്താൻ ഒരു അന്വേഷണ ഏജൻസിക്കും കഴിയില്ല.
സർക്കാർ സദുദ്ദേശപരമായാണ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഓപ്പൺ ടെണ്ടർ വിളിച്ചു കരാർ നൽകാമായിരുന്നു. എ ഐ കാമറ നിർമാണത്തിൽ രാജ്യത്തെ ഒന്നാം നിര കമ്പനികളെ കൊണ്ട് ഈ പ്രവർത്തി ചെയ്യിക്കാമായിരുന്നു. അതല്ലെങ്കിൽ ഐ ബി എമ്മോ ടാറ്റയോ പോലെ എ ഐ വൈദഗ്ധ്യമുള്ള കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകാമായിരുന്നു. പക്ഷേ അവർക്കു കരാർ കൊടുത്താൽ കമ്മിഷൻ കിട്ടില്ല.
ബാംഗ്ലൂരിലെ സ്റിറ്റിനെ കെൽട്രോൺ തെരഞ്ഞടുത്തതിന്റെ മാനദണ്ഡം എന്താണെന്നു കമ്പനിയുടെ ചെയർമാൻ നാരായണ മൂർത്തി വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇത് പൊതുജനങ്ങളുടെ പണമാണ്. അഞ്ചു കൊല്ലം കൊണ്ട് 232 കോടി രൂപ ഗഡുക്കളായി റോഡ് സുരക്ഷാ അതോറിറ്റി കെൽട്രോണിന് കൊടുത്തു തീർക്കണം. . റോഡ് സേഫ്റ്റി അതോറിറ്റിക്ക് പിഴയിനത്തിൽ കിട്ടുന്ന തുകയിൽ നിന്നാണ് ഇത് കൊടുക്കേണ്ടത്. ബംഗ്ലരുവിലെ സ്വകാര്യ കമ്പനിക്ക് 151 കോടി രൂപ കൊടുക്കാൻ കെൽട്രോണിന്റെ പക്കൽ ഉണ്ടായിരുന്നില്ല. കെൽട്രോണിന് സർക്കാർ പണം നൽകിയിട്ടുമില്ല. . അപ്പോൾ ആരാണ് ഇതിന്റെ ചെലവ് വഹിച്ചതെന്ന ചോദ്യം ഉയരുന്നു. സ്വകാര്യ കമ്പനി അവരുടെ ചെലവിൽ സ്ഥാപിച്ചതാണോ ക്യാമറകൾ ? സ്വകാര്യ കമ്പനികൾ റോഡ് നിർമിച്ചു വാഹന ഉടമകളിൽ നിന്ന് ടോൾ പിരിക്കുന്ന അതേ ഇടപാടാണോ ഇത് ? ദുരുഹതകൾ ഏറെയാണ്.
റോഡിൽ സ്ഥാപിച്ച ക്യാമറകൾ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉള്ളതല്ലെന്ന ആക്ഷേപം ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. എ ഐ ക്യാമറകൾ അല്ല , എ എൻ സി ആർ ക്യാമറകളാണ് സ്ഥാപിച്ചതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പറയുന്നത്. ഇതിനും സർക്കാർ മറുപടി പറയേണ്ടതുണ്ട്. എല്ലാം കെൽട്രോൺ പറയും എന്ന് ഒഴിഞ്ഞു മാറാൻ ആന്റണി രാജുവിന് കഴിയില്ല. എ – ഐ ക്യാമറ ഇടപാടുമായി യു എൽ സി സി ക്കു ബന്ധം ഉണ്ട് എന്ന ആരോപണവും ഇതിനിടയിൽ ഉയർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം ഉന്നയിച്ചത്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട സോഫ്ട്‍വെയർ നിർമിക്കാൻ ഈ കമ്പനിയുടെ സഹായം തേടിയെന്നും അത് കഴിഞ്ഞു ബന്ധം ഉപേക്ഷിച്ചെന്നുമാണ് ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കോഴിക്കോട്ടെ ജില്ലാ സഹകരണ ആശുപത്രി, സ്റ്റാർ കെയർ ആശുപത്രി എന്നിവക്ക് സോഫ്ട്‍വെയർ നിർമിക്കാനുള്ള കരാർ യു എൽ സി സി ഏറ്റെടുത്തു സ്രിറ്റിനെ കൊണ്ടാണ് ചെയ്യിച്ചത്. എന്നാൽ, ബന്ധം ഇപ്പോഴില്ല എന്ന രമേശൻ പാലേരിയുടെ വാദം വസ്തുതാ വിരുദ്ധമാണ്. 2016 ൽ വടകര മടപ്പള്ളിയിലെ മേൽവിലാസത്തിൽ രൂപീകരിച്ച യു എൽ സി സി എസ് സ്രിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇപ്പോഴും നിലവിലുണ്ട്. സ്രിറ്റിന്റെ ഹോൾ ടൈം ഡയറക്ടർ രാഘവൻ മധുസൂദനൻ, മാർട്ടിൻ പൂവക്കുളം, ഷാജു , എന്നിവർക്ക് പുറമെ യു എൽ സി സി ചെയർമാൻ രമേശൻ പാലേരിയും കമ്പനിയുടെ ഡയറക്ടറാണ്. കമ്പനി രെജിസ്ട്രാറുടെ രേഖകൾ പ്രകാരം കമ്പനിയുടെ അവസാന വാർഷിക യോഗം 2021 നവംബർ 30 നു ചേർന്നിട്ടുണ്ട്. 2021 മാർച്ച് 21 നു ബാലൻസ് ഷീറ്റ് ഫയൽ ചെയ്തിട്ടുമുണ്ട്.
ചുരുക്കത്തിൽ കെൽട്രോണിനെ മുന്നിൽ നിർത്തി എ ഐ ക്യാമറ സ്ഥാപിച്ചു ചില കേന്ദ്രങ്ങൾ കോടിക്കണക്കിനു രൂപ അടിച്ചു മാറ്റിയെന്നു വ്യക്തമാണ്. ആരൊക്കെയാണ് ഇതിന്റെ ഗുണഭോക്താക്കൾ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇനിയുള്ള അഞ്ചു വർഷം റോഡിൽ കുറ്റകൃത്യം ചെയ്തു ജനങ്ങൾ ഇതു വീട്ടിക്കൊടുക്കണം. .