ഹമീദ് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിലേക്കോ ?

എം റിജു

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും, വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ  പ്രചരിക്കുന്ന  പ്രധാന വാര്‍ത്തയാണ് യുക്തിവാദിയും സാമൂഹിക വിമര്‍ശകനുമായ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിലേക്ക് പോകുന്നുവെന്നത്  .. ഇതിന് കാരണമായി അവര്‍ പറയുന്നത് ഇക്കഴിഞ്ഞ പെരുന്നാളിന് ഹമീദ് ഈദ്ഗാഹില്‍ പങ്കെടുത്തതാണ്.
 കേരളത്തിലെ അറിയപ്പെടുന്ന സ്വതന്ത്രചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍. പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും, മത തീവ്രവാദത്തെയും നിരന്തരം വിമര്‍ശിച്ച്, സോഷ്യല്‍ മീഡിയയില്‍ അടക്കം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന അദ്ദേഹം എന്നും കൊമ്പ് കോര്‍ക്കാറുള്ളത് ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം അപകടകരമാണെന്ന് നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. 

പെരുന്നാള്‍ ദിനത്തില്‍ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍, അദ്ദേഹത്തിന്റെ നാട്ടിലെ  ഈദ് ഗാഹില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കു വെച്ചാണ്  ഹമീദ് ഇസ്‌ലാമിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ ചിലർ ആസൂത്രിതമായി കൊഴുപ്പിക്കുന്നത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ പൂര്‍ണ്ണമായും അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. .അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം. 

 ”എന്റെ സുഹൃത്തും ജമാഅത്തെ ഇസ്ലാമിയുമായി സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തിയുമായ നാസര്‍ ചാലക്കലിന്റെ ക്ഷണം സ്വീകരിച്ച് ഞാന്‍ ഈദ് ഗാഹ് നടക്കുന്ന ഗ്രൗണ്ടിലെത്തി അവിടെ ഇരുന്നുവെന്നത് സത്യമാണ്.  പ്രഭാഷണം ശ്രവിച്ച് തിരിച്ചു പോയി. പെരുന്നാളിന്റെ ഏറ്റവും പ്രധാന ആരാധനാ കര്‍മ്മങ്ങളിലൊന്നായ നമസ്‌കാരത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. എന്റെ ആശയങ്ങളില്‍ ഞാന്‍ അണുവിട വ്യതിചലിച്ചിട്ടില്ല. ഈ നാട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ  കൊണ്ടാണ് അത്. പെരുന്നാള്‍ ഖുത്തുബകളിലും മറ്റും വന്ന മാറ്റവും, സത്രീകളുടെ പ്രാതിനിധ്യം ഉണ്ടോ എന്നത് അടക്കമുള്ള വിഷയങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ സാമൂഹിക മാറ്റം ശ്രദ്ധിക്കാനാണ് പോയത്. അല്ലാതെ നമസ്‌ക്കരിക്കാനല്ല” പ്രൊഫസര്‍ ഹമീദ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പോര്

 സോഷ്യല്‍ മീഡിയയില്‍ ഹമീദിന്റെ ഈദ്ഗാഹ് പങ്കാളിത്തത്തെപറ്റി വന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. മീഡിയാവണ്ണിന്റെ മാനേജിങ്ങ് എഡിറ്റും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ സി ദാവൂദിന്റെ ഫേസ്ബുക്ക് പേജില്‍നിന്നാണ് ഇത്തരം ഒരു പ്രചാരണം തുടങ്ങിയത്. ഈദ്ഗാഹില്‍ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ദാവൂദ് ഇങ്ങനെ എഴുതുന്നു. ‘ചിത്രം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ സലഫി ജുമാ മസ്ജിദ് കമ്മറ്റി ചേന്ദമംഗല്ലൂരില്‍ സംഘടിപ്പിച്ച ഈദ് ഗാഹ്. മുന്നിലെ വരിയില്‍ കസേരയില്‍ ഇരിക്കുന്ന വെള്ളക്കുപ്പായം വെറ്ററന്‍ ജേര്‍ണലിസ്റ്റ് ഒ.അബ്ദുല്ല. തൊട്ടടുത്ത് മുസല്ലയില്‍ ഇരിക്കുന്ന നീലക്കുപ്പായം പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍. പിറകില്‍ കാണുന്ന നീലത്തുണി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും നമസ്‌കാര സ്ഥലങ്ങളെ വേര്‍തിരിക്കുന്ന മറ. മുബാറക് ഹൊ! ”- എന്നാണ് ദാവുദ് എഴുതുന്നത്. ഈ പോസ്റ്റിന്റെ ചുവട് പിടിച്ചാണ് ഹമീദ് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിലേക്ക് മടങ്ങുന്നു  എന്ന പ്രചാരണം ജമാഅത്തെ ഇസ്‌ലാമിയുടെ അടക്കം ഗ്രൂപ്പുകൾ ശക്തമാക്കിയത്.

സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് ഒ സഫറുള്ള ഇങ്ങനെ എഴുതുന്നു. ”

മതത്തെ കുറിച്ച തന്റെ മുന്‍ നിലപാടിനെ തള്ളി പറയാന്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ തയ്യാറായിട്ടില്ല. ഉദാഹരണം ഖുര്‍ആന്‍ ദൈവ വചനമാണന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. സ്വര്‍ഗ്ഗവും നരകവും മിഥ്യയാണെന്ന തന്റെ മുന്‍ നിലപാടിലും മാറ്റമുണ്ടായതായി പറഞ്ഞതായി അറിയില്ല. സകാത്ത് സമ്പന്നര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പോവാനുള്ള കുറുക്കുവഴിയാണ് എന്ന വാദം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ അദ്ദേഹത്തിന് മതവിരുദ്ധമായ നിലപാടു തന്നെയാണുള്ളത്. ഈ വാദങ്ങളെയൊക്കെ റദ്ദ് ചെയ്യുന്ന എന്തെങ്കിലും ഹമീദ് മാഷിന്റെ ഭാഗത്ത് നിന്നുണ്ടായതായി അറിയില്ല.
നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നമുക്ക് ചില ഊഹങ്ങളിലെങ്കിലും എത്താമായിരുന്നു. അതിനു പോലും സാധ്യത തെളിഞ്ഞു കാണുന്നില്ല”- സഫറുള്ള ചൂണ്ടിക്കാട്ടി.

എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇങ്ങനെ എഴുതുന്നു. ”ഹമീദ് മാഷുടെ ഈദ്ഗാഹ് സംഭവത്തിലേക്ക് വരാം. ഞാന്‍ മാഷെ വിളിച്ചു. എന്റെ കൂടെ  സുഹൃത്തും കടുത്ത മുസ്ലിം ലീഗുകാരനുമായ നാസര്‍ ചാലക്കലിന്റെ നിരന്തരമായ ക്ഷണം അനുസരിച്ചാണ് വീടിനു തൊട്ടടുത്തുള്ള സലഫീ ഈദ്ഗാഹിലേക്ക പോയതെന്ന് മാഷ് പറഞ്ഞു. ആഘോഷ വേളകളിലെ മാറ്റം നിരീക്ഷിക്കുകയായിരുന്നു  ആ ക്ഷണം സ്വീകരിക്കുമ്പോള്‍ പ്രധാന ലക്ഷ്യം. നമസ്‌കാരം കഴിഞ്ഞ ശേഷമാണ് എത്തിയത്. ഖുതുബ നടക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ച പ്രധാന മാറ്റം, ഖുതുബ പറയുന്നത് പണ്ടത്തെ പോലെ മൗലവിയോ ഉസ്താദോ ഒന്നുമല്ല. കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ ഫിസിക്‌സ് അധ്യാപകനാണ്. സുപ്രിം കോടതിയിലെ സ്വവര്‍ഗ്ഗ വിവാഹ ഹരജി മുതല്‍ കാലികമായ എല്ലാറ്റിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആധുനിക, ശാസ്ത്രീയ, സാങ്കേതിക പുരോഗതികളുടെയൊക്കെ പശ്ചാത്തലത്തില്‍ മതപരമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു, സ്ത്രീകളുടെ സാന്നിധ്യമുണ്ടെങ്കിലും അവര്‍ മറയുടെ മറുവശത്താണ് -മാഷ് പറയുന്നു.

അതായത് ഹമീദ് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിലേക്ക് മടങ്ങുന്നുവെന്നത്  കല്ലുവെച്ച നുണമാത്രമാണ്. ആഘോഷ വേളകളിലെ മാറ്റം നിരീക്ഷിക്കാൻ  അങ്ങോട്ട് പോയി എന്നല്ലാതെ  തന്റെ ആശയത്തില്‍ യാതൊരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല എന്ന് വ്യക്തമാണ്. എന്നിട്ടും  സമൂഹ മാധ്യമ  ഗ്രൂപ്പുകളില്‍ അദ്ദേഹത്തിനെതിരെ പരിഹാസവും, ആഘോഷവും കൊഴുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *