ന്യൂജന്‍ താരങ്ങളേ; ധൈര്യമുണ്ടോ ലഹരി ചലഞ്ചിന്!

നടൻ സുശാന്ത്സിങ് രജ്പുത്തിന്റെ മരണം വിവാദമായ സമയത്ത് ഹിന്ദി സിനിമയിൽ നടി കങ്കണ ഒരു ചലഞ്ച് മുന്നോട്ട് വെച്ചിരുന്നു. യുവതാരങ്ങൾ സ്വയം രക്ത പരിശോധന നടത്തി തങ്ങൾ ലഹരി വിമുക്തരാണെന്ന് പ്രഖ്യാപിക്കാനായിരുന്നു അത്. ഇതുപോലെ ഒരു ചലഞ്ച് മലയാള സിനിമയിൽ വന്നാലുള്ള അവസ്ഥ എന്തായിരിക്കും!

എം റിജു

2020ൽ ബോളിവുഡിൽ ഡ്രഗ് മാഫിയ ഏറെ ചർച്ചയായ കാലം. നടൻ സുശാന്ത്സിങ് രജ്പുത്തിന്റെ മരണം ആ കാമ്പയിന് ആക്കം കൂട്ടി. ആ സമയത്ത് നടി കങ്കണ റാവത്ത് ഒരു വെല്ലുവിളി നടത്തി. ‘രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു’ കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ ഒരു ചലഞ്ച് ഏറ്റെടുത്ത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് മാതൃകയാകാൻ ധൈര്യമുണ്ടോ എന്നും കങ്കണ വെല്ലുവിളിച്ചു.

ഇത് ആരും ഏറ്റെടുത്തില്ല. കാരണം വ്യക്തം. ഹിന്ദി സിനിമാലോകത്തെ വിക്ടറി പാർട്ടികൾ പലതും ഡ്രഗ് പാർട്ടികളാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. രക്ത പരിശോധന നടത്തിയാൽ പണി പാളുമെന്ന് അവർക്ക് പലരും അറിയാം. ഇപ്പോൾ സമാനമായ അവസ്ഥ വന്ന് ചേർന്നിരിക്കുന്നത്, ഇൗ കൊച്ചു മലയാള സിനിമയിലാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരായ നടന്മാർ ഉണ്ട് എന്നും അവരുടെ വിവരങ്ങൾ പോലീസിന് കൈമാറും എന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. ഇൗ സാഹചര്യത്തിൽ കങ്കണ ചോദിച്ചപോലെ സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിക്കാൻ നമ്മുടെ മലയാളത്തിലെ ന്യൂജൻ നടന്മാർ തയ്യാറുണ്ടോ. അത് ചോദിക്കാൻ കങ്കണയെപ്പോലെ തന്റേടമുള്ള ഒരു നടി ഇല്ലാതെ പോയി.

നീലച്ചടയനിൽനിന്ന് എംഡിഎംഎയിലേക്ക്

ചാലക്കുടിയിൽനിന്ന് കൊച്ചി ലുലുമാളിലേക്ക് ഒരു പറ്റം യുവനടന്മാരോട് കഥ പറയാനായി നടത്തിയ കാർ യാത്ര ഒരിക്കലും മറക്കില്ലെന്നാണ് ആ യുവ സംവിധായകൻ പറയുന്നത്. ‘ഒാൺ ദ വേ’ കഥ പറയാം എന്ന നടന്റെ വാക്ക് വിശ്വസിച്ച് ആഡംബര കാറിൽ കയറിയതാണ് സംവിധായകൻ. യാത്ര തുടങ്ങി അൽപ്പം കഴിഞ്ഞതോടെ വണ്ടി മുഴുവൻ കഞ്ചാവിന്റെ ഗന്ധം. നടനും ശിങ്കിടികളും പറയുന്നതൊക്കെ പരസ്പര ബന്ധമില്ലാതെ. എങ്ങനെയോ കൊച്ചിയിൽ എത്തി എന്നേയുള്ളൂ. കാറിൽനിന്ന് പുറത്തിറങ്ങിയതും സംവിധായകൻ ഛർദിച്ചതും ഒന്നിച്ച്!

ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ അനുഭവം ഇങ്ങനെ. മുമ്പൊക്കെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് തങ്ങൾക്ക് പരിഹരിക്കാൻ എറെ ഉണ്ടായിരുന്നത്. പക്ഷേ പിന്നീടത് രാവിലെ ‘നീലച്ചടയൻ’ തേടി നടക്കേണ്ട അവസ്ഥയായി. അല്ലാതെ ഇൗ നടന്മാർ സൈറ്റിലേക്ക് എത്തില്ല. ഇപ്പോഴത് എംഡിഎംഎയും എൽഎസ്ഡിയും പോലുള്ള സിന്തറ്റിക്ക് ഡ്രഗ്ഗുകളായി. ‘എം അടിക്കണ്ടേവർ എം അടിക്കും അത് നമുക്ക് ഒന്ന് ചെയ്യാൻ കഴിയില്ല’ എന്ന് പറഞ്ഞത് ബിഗ്ബോസ് ഫെയിമായ നടി ആഞ്ചലീനയാണ്. ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമക്കെതിരെ ഇതിന്റെയടക്കം പേരിൽ കേസും ഉണ്ടായി.

മലയാളത്തിൽ സീരിയൽ നടി അശ്വതിബാബു തൊട്ട് നമ്മുടെ ഷൈൻ ടോം ചാക്കേയും ഷെയിൻനിഗവും വരെ ഇൗ വിഷയത്തിൽ ആരോപിതരാണ്. കുറച്ചുവർഷം മുമ്പാണ് കൊച്ചിയിൽ സീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കേസിൽ പിടിയിലായത്. നടി താമസിച്ചിരുന്ന കൊച്ചി പാലച്ചുവടിലെ ഫ്ളാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുപോലെ എത്രയെത്ര കേസുകൾ. ‘നീലകാശം പച്ചക്കടൽ ചുവന്ന സൂര്യൻ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ലഹരിയിൽ തുണിയില്ലാതെ ഒാടി അടുത്ത ഫൽറ്റിലെ വീട്ടമ്മയെ കയറിപ്പിടിച്ചതും കേസായിരുന്നു. ഒരു പകർച്ചവ്യാധിപോലെ മലയാള സിനിമയെയും ലഹരി വിഴുങ്ങുകയാണ്.

കാരവൻ സംസ്ക്കാരം വന്നതോടെയാണ് മലയാള സിനിമയിൽ ഇൗ രീതിയിൽ ലഹരി വ്യാപനം വന്നത് എന്നാണ് പൊതുവെയുള്ള പരാതി.”ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുന്നില്ല. മുമ്പൊക്കെ വർക്ക് ഇല്ലാത്ത സമയത്തും എല്ലാവരും ചേർന്ന് സെറ്റിൽ സംസാരിച്ചിരിക്കുകയായിരുന്നു പതിവ്. ഇപ്പോൾ ന്യൂജൻകാർ കാരവാനിന് അകത്താണ്. സിനിമാ സെറ്റുകളിൽ ലഹരിയുടെ ഉപയോഗം കർശനമായി തടയണം. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം.’ പ്രൊഡ്യൂസേഷ്സ് അസോസിയേഷനിലെ ഒരു പ്രമുഖൻ വീ ടോക്ക് മീഡിയയോട് പ്രതികരിച്ചു.

തീരെ പ്രാഫഷണൽ കമ്മിറ്റ്മെന്റ് ഇല്ലാത്ത രീതിയിലാണ് പുതുതലമുറ പെരുമാറുന്നത്. സ്വന്തം പിതാവ് ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവൻ ഇൗ കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. പാതിരാവരെ നീളുന്ന ഡിജെ പാർട്ടികൾ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ നിരവധിയാണ്. ന്യൂജൻ സംവിധായകരുടെ കാര്യവും പറയാനില്ല. തിരക്കഥാ ഡിസ്ക്കഷൻ എന്നു പറഞ്ഞ് നിർമ്മാതാവിന്റെ ചെലവിൽ കൊച്ചിയിലെ ഒരു ഫൽറ്റിൽ കുടിയും വലിയുമായി കഴിഞ്ഞ ഒരു യുവ സംവിധായകനും കൂട്ടരും ഇത് ചോദ്യം ചെയ്ത നിർമ്മാതാവിനോട് പറഞ്ഞത് ‘തന്റെ മോന്ത കണ്ടാൽ സിനിമ വരില്ലെന്നാണ്’.

അടുത്തിടെയാണ് ന്യൂജൻ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റർവ്യൂ ചെയ്യാൻ കൊച്ചിയിലെ ഒരു മാധ്യമപ്രവർത്തകൻ താരത്തിന്റെ ഫൽറ്റിലെത്തിയത്. വൃത്തികേടായി കിടക്കുന്ന റൂമിൽ പാതിയടഞ്ഞ കണ്ണുമായി യുവനടൻ ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളിൽനിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റർവ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവർത്തകൻ തിരിച്ചുപോയി. ഇപ്പോൾ ഇൗ ലഹരി പരാതികളെ തുടർന്ന് സിനിമയ്ക്ക് ആണെന്ന് പറഞ്ഞാൽ കൊച്ചിയിൽ ഫൽറ്റോ വീടോ കിട്ടാത്ത അവസ്ഥ വന്നിരിക്കയാണ്.

എല്ലാ പ്രകൃതിയുടെ വികൃതികൾ

ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്ന കാര്യം പോലും ഒാർമ്മയില്ലാത്ത നടൻ. ശ്രീനാഥ് ഭാസിയെക്കുറിച്ച് പ്രൊഡ്യുസർമാർ പറയുന്നത് അങ്ങിനെയാണ്. നിർമ്മാതാവും പ്രൊഡക്ഷൻ എക്സിക്യുട്ടീവുമായ ഷിബു സുശീലൻ ഇൗയിടെ ‘ഹോം’ എന്ന സിനിമയുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് തുറന്നടിച്ചിരുന്നു. ഇന്ദ്രൻസിനെപ്പോലെയുള്ള സീനിയർ ആയ നടൻമ്മാരെ രാവിലെ തന്നെ വന്നാലും മണിക്കൂറുകൾ വൈകിയാണ് ശ്രീനാഥ് ഭാസി എത്തുക. വിളിച്ചാൽ ഫോൺ എടുക്കില്ല എന്നത് ന്യൂജൻ താരങ്ങളുടെ സവിശേഷ സ്വഭാവം ആണ്.

നമ്മുടെ ഷെയിൻ നിഗം ആവട്ടെ എന്നും വിവാദ നായകനാണ്. നേരത്തെ ‘പ്രകൃതി അനുവദിക്കുന്നില്ല’ എന്ന കാരണം ചൂണ്ടിക്കാട്ടി, വെയിൽ എന്ന സിനിമയുടെ ഷൂട്ടിങ്ങിൽനിന്ന് വിട്ടുനിന്നതിനെ തുടർന്ന് വിലക്ക് നേരിട്ട ഇൗ നടൻ ഇപ്പോൾ വീണ്ടും വിലക്കിലെത്തിയിരിക്കയാണ്. ആർഡിഎക്സ് എന്ന സിനിമയുടെ സെറ്റിൽ ഇൗ നടൻ കാട്ടിക്കൂട്ടിയ കാര്യങ്ങളൊക്കെ ഇപ്പോൾ അങ്ങാടിപ്പാട്ടാണ്. ഷെയിനിന്റെ അമ്മ കണ്ട് ബോധ്യപ്പെട്ടാലാണത്രേ, സീനുകൾക്ക് അപ്രൂവൽ നൽകുക. നടൻ ആന്റണി പെപ്പെയുമൊത്തുള്ള ഒരു സീനിൽ, മുന്നിൽ താൻ നടക്കണമെന്ന് പറഞ്ഞ് ഷൂട്ടിങ്ങ് നിർത്തിവെപ്പിച്ചു. ഒരിക്കലും സെറ്റിൽ സമയത്തിന് വരില്ല. ഇതിനെല്ലാം പുറമെ ഷെയിനിന്റെ അമ്മയും പെങ്ങളുമെല്ലാം, ഡയറക്ടറെ പരിഹസിച്ചതായും പരാതിയുണ്ട്. അതുപോലെ ഷെറഫുദ്ദീൻ, ആസിഫ് അലി തുടങ്ങിയ താരങ്ങളെക്കുറിച്ചും വ്യാപകമായ സമാനമായ പരാതികൾ ഉണ്ട്.

എന്തുകൊണ്ടാണ് ഇൗ താരങ്ങൾ ഇങ്ങനെ ഭ്രാന്തെടുത്ത പോലെ പെരുമാറുന്നത്. മമ്മൂട്ടിയും, മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾപോലും, സെറ്റിൽ പൂർണ്ണമായും അച്ചടക്കത്തോടെ പെരുമാറുമ്പോൾ, ഇവർ ലക്ഷങ്ങൾ വാങ്ങി നിർമ്മാതാവിനെ കുത്തുപാള എടുപ്പിക്കയാണ്്. 50നും 75 ലക്ഷത്തിനും ഇടയിൽ പ്രതിഫലം വാങ്ങിയാണ്, അവർ ഇങ്ങനെ പെരുമാറുന്നത് എന്നോർക്കണം. അതുകൊണ്ടുതന്നെ ഇപ്പോൾ ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും വിലക്കിക്കൊണ്ടുള്ള മൂന്ന് സിനിമാ സംഘടനകളുടെ തീരുമാനത്തെ എതിർക്കാനും കഴിയില്ല.

പക്ഷേ ഇതുകൊണ്ട് ഒന്നും തീരുന്നതല്ല മലയാള സിനിമിലെയും ലഹരി മാഫിയ.
ശരിക്കും നടി കങ്കണ ബോളിവുഡിൽ ഉയർത്തിവിട്ടതുപോലുള്ള ഒരു കാമ്പയിൽ ആണ് കേരളത്തിലും ഉണ്ടാവേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് യുവ നടൻമ്മാർ സ്വയം രക്തപരിശോധനക്ക് വിധേയമാവുക. എന്നിട്ട് തങ്ങൾ ലഹരിക്ക് അടിമകൾ അല്ലെന്ന് ബോധ്യപ്പെടുത്തുക. എത്രപേർക്ക് ഉണ്ടാവും അതിനുള്ള ധൈര്യം!

Leave a Reply

Your email address will not be published. Required fields are marked *