We Talk

മഹർഷിക്കും മാപ്പിള സ്ളാങ്ങ്! മാമുക്കോയയുടെ ബഷീറിയൻ മതേതര ജീവിതം!

വൈക്കം മുഹമ്മദ് ബഷീറിന്റെ സർവമത സാഹോദര്യവും വിശ്വസഹോദര്യവും തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ മാമുക്കോയക്കും ഉണ്ടായിരുന്നത്. വിശ്വാസിയായി നിന്നുകൊണ്ടുതന്നെ കൃത്യമായ മതപരിഷ്ക്കരണത്തിന് കിട്ടാവുന്ന വേദികളിലെല്ലാം അദ്ദേഹം ശ്രമിച്ചു. അഹിന്ദു, അമുസ്ലീം എന്ന വാക്കുകൾ പ്രയോഗിക്കുന്നതുപോലും അരോചകമാണെന്ന അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല.

എം റിജു

‘മലബാറിൽ ജനിച്ച ഒരാൾ മഹർഷിയായാലും ഇങ്ങനെയാണ് സംസാരിക്കുക’ മന്ത്ര മോതിരം എന്ന ഒരു പഴയ സിനിമയിലെ മാമുക്കോയയുടെ തഗ്ഗ് ഡയലോഗ് എത്രയോ വർഷങ്ങൾക്ക് ശേഷവും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കലാഭവൻ മണിയുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാപ്പിയുടെ (കലാഭവൻ മണി) സംവിധാനത്തിൽ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്. കുമാരനാണ് (ദിലീപ്) ദുഷ്യന്തൻ. മാമുക്കോയ മഹർഷിയും.

തപോവനത്തിലെ കന്യകയെ വണ്ടുകൾ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തൻ പറയുമ്പോൾ മഹർഷിയുടെ മറുപടി ഇങ്ങനെ ”പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാൽപ്പത് വണ്ട് കൂടിയിട്ടല്ലേ ഇൗ പെണ്ണിനെ പീഡിപ്പിക്കുന്നത്.”അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരൻ ഇങ്ങനെ പറയുന്നു, ”അബ്ദുക്ക നിങ്ങളിതിൽ മഹർഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.”

അപ്പോൾ അബ്ദു; ”കുമാരാ നിനക്ക് ഇൗയിടെയായി അൽപ്പം വർഗീയത കൂടുന്നുണ്ട്. എടോ കലാകാരൻമാർ തമ്മിൽ വർഗീതയ പാടില്ല. മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ.” ഇതേ നിലപാട് തന്നെയായിരുന്നു മാമുക്കോയക്ക് ജീവിതത്തിലും. കലയിൽ വർഗീയത പാടില്ല എന്ന് അദ്ദേഹം ആവർത്തിച്ചു. 76ാം വയസ്സിൽ മാമുക്കോയയുടെ നിര്യാണം കലാകേരളത്തിന് മാത്രമല്ല മതേതര കേരളത്തിന് കുടി തീരാത്ത നഷ്ടമാണ്.

ഫോട്ടോ ഹറാമായ കലാം

താൻ വളർന്നുവന്നകാലവും ആധുനിക കാലവും തമ്മിൽ താരതമ്യപ്പെടുത്തി, മതമൗലികവാദികൾക്ക് കൊട്ടുകൊടുക്കാൻ മാമുക്കോയ ഇടക്കിടെ മറക്കാറില്ല. ഇൗയിടെ സമസ്തയിലെ ഒരു പണ്ഡിതൻ സ്റ്റേജിൽ കയറിയ പെൺകുട്ടിയെ ശാസിച്ചപ്പോൾ പ്രതികരണം ആരാഞ്ഞ ഒരു മാധ്യമ പ്രവർത്തകനോട് മാമുക്കോയ പ്രതികരിച്ചത് ഇങ്ങനെയാണ്
” പണ്ട് ഇവിടുത്തെ മുസ്ലിയാൻമ്മാർക്ക് എഴുത്ത് ഹറാമായിരുന്നു. വായന ഹറാമായിരുന്നു. പിന്നെ അതൊക്കെ ഹലാലായി. ഒരുകാലത്ത് ഫോട്ടോ പിടിക്കൽ ഹറാമായിരുന്നു, ഡാൻസും സിനിമയും നാടകവുമൊക്കെ അങ്ങനെ ആയിരുന്നു. പെണ്ണുങ്ങൾക്ക് ഇത് ഒന്നും തീരെ പറ്റിയിരുന്നില്ല. എന്നിട്ട് എന്തുണ്ടായി. ഇപ്പോൾ വീഡിയോക്കും ഫോട്ടോക്കും മുന്നിൽ നിൽക്കുന്നത് നമ്മുടെ മൗലവിമാരാണ്. അതുപോലെ കാലം മാറും” .

വൈക്കം മുഹമ്മദ് ബഷീറിന്റെ സർവമത സാഹോദര്യവും വിശ്വസഹോദര്യവും തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ മാമുക്കോയക്കും ഉണ്ടായിരുന്നത്. വിശ്വാസിയായി നിന്നുകൊണ്ടുതന്നെ കൃത്യമായ മതപരിഷ്ക്കരണത്തിന് കിട്ടാവുന്ന വേദികളിലെല്ലാം അദ്ദേഹം ശ്രമിച്ചു. അഹിന്ദു, അമുസ്ലീം എന്ന വാക്കുകൾ പ്രയോഗിക്കുന്നതുപോലും അരോചകമാണെന്ന അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും വാൽ ആവാനും അദ്ദേഹം ശ്രമിച്ചില്ല. ഇടക്ക് കോഴിക്കോട് സിപിഎം അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നൊക്കെ വാർത്തയുണ്ടായിരുന്നെങ്കിലും മാമുക്കോയക്ക് അതിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇടതുഭരണത്തിലെ അഴിമതിയും ഫാസിസ്റ്റ് പ്രവണതക്കും എതിരുമായിരുന്നു അദ്ദേഹം. കുറച്ച് വർഷം മുമ്പ് ഒരു വഴി പ്രശ്നത്തിന്റെ പേരിൽ ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനുമായും അദ്ദേഹം ഉടക്കിയിരുന്നു.

ബഷീർ എന്ന ഗുരുവും വഴികാട്ടിയും

തന്റെ ജീവിതത്തിലെ ഗുരുവും വഴികാട്ടിയുമായി മാമുക്കോയ വിലയിരുത്തിയിരുന്നത്, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിനെ ആയിരുന്നു. അഗാധമായിരുന്നു അവർ തമ്മിലുള്ള സ്നേഹ ബന്ധം. ബഷീറിന് ഭ്രാന്ത് വന്നപ്പോൾ പേടിച്ചത് അടക്കമുള്ള പല കഥകളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ബേപ്പൂരിൽ ബഷീർ താമസം ആരംഭിച്ചപ്പോൾ മുതൽ മാമുക്കോയ ആ വീട്ടിലെ സ്ഥിരസന്ദർശകനായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കും. ബഷീർസാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഒരു കുടുംബാംഗത്തെപ്പോലെ ബഷീർ അദ്ദേഹത്തെ കരുതുകയും ചെയ്തു.

‘കാക്ക’ എന്നാണ് ബഷീർ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോൾ കടംവാങ്ങാൻ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കിൽ ബഷീർ രണ്ടു തരത്തിലുള്ള ഒപ്പ് ഇടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കിൽ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലിഷിലാണെങ്കിൽ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകൾ ധാരാളം കൈപ്പറ്റിയിട്ടുണ്ട് മാമുക്കോയ. പ്രമുഖരായ പലരെയും ബഷീറിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരുന്നത് മാമുക്കോയ ആയിരുന്നു. അതുകൊണ്ടുതന്നെ ‘ബഷീറിന്റെ ബ്രോക്കറാ’ണ് മാമുക്കോയ എന്നൊരു തമാശയും പ്രചരിച്ചു.

ബഷീറുമായുള്ള അടുപ്പം നിരവധി സാഹിത്യകാരൻമാരുമായി പരിചയപ്പെടാനും മാമുക്കോയയ്ക്ക് അവസരമൊരുക്കി. എസ്.കെ.പൊറ്റെക്കാട്ട്, തിക്കോടിയൻ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ മാമുക്കോയയും ഭാഗമായി. മാമുക്കോയയ്ക്ക് സുഹ്റയുടെ കല്യാണാലോചന കൊണ്ടുവന്നത് പൊറ്റെക്കാട്ട് ആയിരുന്നു. എസ്കെയുടെ സുഹൃത്തിന്റെ മകളായിരുന്നു സുഹറ. 26ാം വയസ്സിൽ 15 കാരിയായ സുഹ്റാബീവിയെ ഭാര്യയാക്കിയപ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലാത്ത അവസ്ഥ അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എസ്.കെ, കോഴിക്കോട് അബ്ദുൽഖാദർ, എം.എസ്.ബാബുരാജ് തുടങ്ങിയവരൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വികെഎൻ, എംടി, തിക്കോടിയൻ, ഉറൂബ്, ടി. പത്മനാഭൻ, സുകുമാർ അഴീക്കോട്, ജോൺ എബ്രഹാം, സുരാസു, കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രമുഖരുമായെല്ലാം മാമുക്കോയ അടുപ്പം സൂക്ഷിച്ചു. ബഷീറിന്റെ ശിപാർശയിൽ ഒന്ന് രണ്ട് സിനിമാ വേഷങ്ങളും അദ്ദേഹത്തിന് കിട്ടി.

നൊമ്പരമായ ഒരു ഗൃഹപ്രവേശനം

മാമുക്കോയ 1994 ൽ കോഴിക്കോട് പുതിയ വീട് വച്ചു. ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമാക്കാൻ ഉഷാറായി ഒാടിനടന്നത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചെറിയ പരിപാടിയാണ് മാമുക്കോയ ഉദ്ദേശിച്ചത്. പക്ഷേ ബഷീർ നാലു പ്രമുഖരെ ചടങ്ങിലേക്ക് കൊണ്ടുവരാമെന്ന് ഉറപ്പുപറഞ്ഞു. സാക്ഷാൽ ഇഎംഎസ്, സുകുമാർ അഴീക്കോട്,നിത്യചൈതന്യയതി, മൊയ്തു മൗലവി എന്നിവരാണ് വിഎെപി കൾ.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന് ഗൃഹപ്രവേശ തീയതി നിശ്ചയിച്ചു. പക്ഷേ ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചു. അതോടെ മാമുക്കോയയുടെ വീട് മരണവീട് പോലെയായി. ഒടുവിൽ വലിയ ചടങ്ങുകളോ അതിഥികളോ ആഘോഷമോ ഒന്നുമില്ലാതെ ഗൃഹപ്രവേശം നടത്തേണ്ടിവന്നു.തന്റെ ജീവിതത്തിലെ വലിയ വേദനകളിൽ ഒന്നായാണ് ആ സംഭവത്തെ മാമുക്കോയ വിശേഷിപ്പിച്ചത്.

പക്ഷേ ബഷീറിനെപ്പോലെ ലളിത ജീവിതമായിരുന്നു മാമുക്കോയയുടെതും.താരജാടകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത പച്ച മനുഷ്യനായിരുന്നു മാമുക്കോയ.മലയാളത്തിൽ 450 ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടു. ഒരു മുണ്ടും ഷർട്ടുമണിഞ്ഞ് അരക്കിണറിലൂടെയും കോഴിക്കോട്ടെ തെരുവുകളിലൂടെയും ഒരു സാധാരണക്കാരനെ പോലെ അദ്ദേഹം നടന്നു. അളകാപുരിയിലും ഹോട്ടൽ ഇംപീരിയലിലും കൊസ്മോ പൊളിറ്റൻ ക്ലബ്ബിലുമൊക്കെ സൊറ പറഞ്ഞിരിക്കുന്ന മാമുക്കോയ കോഴിക്കോട് നഗരവാസികൾക്ക് നിത്യ കാഴ്ചയായിരുന്നു. ആ സ്നേഹ സാനിധ്യം ഇനി ഒാർമ്മയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *