45 കോടിക്ക് വീട് മോഡി പിടിപ്പിച്ച് കെജ്രിവാൾ

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് അരവിന്ദ് കെജ്രിവാളെന്ന രാഷ്ട്രീയ നേതാവിന്റെ രംഗപ്രവേശം നടന്നത് .തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അദ്ദേഹവും ആം ആദ്്്്മി പാർട്ടിയും ഉയർത്തിപ്പിടിച്ചത് അഴിമതിക്കെതിരായിരുന്നു. എന്നാൽ ഇൗ അവകാശ വാദങ്ങളെയൊക്കെ തകിടം മറിച്ചു ഉയർന്നവന്ന മദ്യനയ അഴിമതിക്കേസ് അവർക്കേറ്റ ആദ്യ തിരിച്ചടിയായി. ഇപ്പോൾ മറ്റൊരു ഗുരുതര ആരോപണമാണ് കെജ്രിവാളിനെ വെട്ടിലാക്കിയിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ ഒൗദ്യോഗിക വസതിയായ ‘ശീഷ് മഹൽ’ നവീകരിക്കാൻ 45 കോടി രൂപ മുടക്കിയെന്നാണ് ആക്ഷേപം. ടൈംസ് നൗ നവഭാരത്’ എന്ന ഹിന്ദി ചാനൽ പുറത്തുവിട്ട റിപ്പോർട്ട് വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. റിപ്പാർട്ടുകൾ പ്രകാരം കെജ്രിവാളിന്റെ ഒൗദ്യോഗികവസതി നവീകരണത്തിനായി 44.78 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. ഇതോടെ ബിജെപിയും കോൺഗ്രസും കടുത്ത വിമർശനവുമായി രംഗത്തുവന്നു.

നവീകരിച്ച വീട്ടിലെ കർട്ടനുകൾക്കുമാത്രം ഒരുകോടി രൂപ ചെലവിട്ടു. അകത്തളം അലങ്കരിക്കാൻ 11.30 കോടി, മാർബിൾ പാകിയ തറയ്ക്ക് 6.02 കോടി, ഇന്റീരിയർ കൺസൾട്ടൻസിക്ക് ഒരു കോടി, വീട്ടുപകരണങ്ങൾ, വൈദ്യുതസംവിധാനങ്ങൾ, അഗ്നിശമന സംവിധാനം എന്നിവയ്ക്ക് 2.58 കോടി വീതം, അലമാരയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും 1.41 കോടി, അടുക്കള ഉപകരണങ്ങൾക്ക് 1.1 കോടി, ക്യാമ്പ് ഒാഫീസിന് 8.11 കോടി എന്നിങ്ങനെയാണ് ചെലവഴിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രാഷ്ട്രീയക്കാർ ആഡംബരമുള്ള വീടുകളിൽ താമസിക്കുന്നതിനെയും പൊതുചെലവിൽ മറ്റ് സൗകര്യങ്ങൾ ആസ്വദിക്കുന്നതിനെയും വിമർശിച്ചിരുന്നയാളാണ് കെജ്രിവാളെന്നും എന്നാൽ ഇപ്പോൾ സ്വയം മഹാരാജാവായെന്നാണ് ധാരണയെന്നും ബിജെപി വക്താവ് സംബിത് പത്ര വിമർശിച്ചു. പ്രധാനമന്ത്രിയോട് വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് വ്യക്തത വരുത്താൻ ആവശ്യപ്പെട്ട അതേരീതിയിൽ, സ്വന്തം വസതി നവീകരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും പത്രസമ്മേളനത്തിൽ ഉത്തരംനൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരന്റെ പാർട്ടി എന്ന് അർഥമുള്ള ‘ആംആദ്മി’ എന്ന വാക്കിനോട് നീതിപുലർത്താൻ കെജ്രിവാളിനായില്ലെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കുറ്റപ്പെടുത്തി. ആറുലക്ഷത്തിലധികം കുടുംബങ്ങളാണ് ഡൽഹിയുടെ ചേരികളിലുള്ളത്. കോവിഡ് കാലത്ത് ഒാക്സിജനുവേണ്ടി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ കെജ്രിവാൾ വീടു മോടിപിടിപ്പിക്കാൻ കോടികൾ ചെലവഴിക്കുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം 1942ൽ പണിത വീട് ജീർണാവസ്ഥയിലാണെന്നും അതിനാലാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. മേൽക്കൂരകൾ ചോർന്നൊലിക്കുകയും ചില ഭാഗങ്ങൾ തകരുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന് ശുപാർശ ചെയ്തിരുന്നു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ആളുകളെ വ്യതിചലിപ്പിക്കാനാണ് ഇൗ വിവാദം സൃഷ്ടിച്ചതെന്ന് പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ‘ഫക്കീറെ’ന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിക്കായി 500 കോടി രൂപ ചെലവിലാണ് വീട് നിർമിക്കുന്നതെന്നും ഇപ്പോൾ പ്രധാനമന്ത്രി താമസിക്കുന്ന വീട് പുതുക്കിപ്പണിയാൻ 90 കോടി രൂപ ചെലവഴിച്ചതായും ആം ആദ്മി ആരോപിക്കുന്നു.
ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാംവീർ ഭാദുരി ഇൗ ആഡംബരത്തിന്റെ പേരിൽ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടു. ‘ഡൽഹി കൊവിഡുമായി മല്ലിടുമ്പോൾ മുഖ്യമന്ത്രി തന്റെ വീട് പുതുക്കിപ്പണിയാൻ കോടികൾ ചെലവഴിക്കുകയായിരുന്നു. 2013ൽ വീടോ സെക്യൂരിറ്റിയോ ഒൗദ്യോഗിക വാഹനമോ എടുക്കില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു,” ഭാദുരി പറഞ്ഞു.
വാർത്ത ഹൈലൈറ്റ് ചെയ്യാതിരിക്കാൻ കെജ്രിവാൾ മാധ്യമ സ്ഥാപനങ്ങൾക്ക് 2050 കോടി രൂപ വാഗ്ദാനം ചെയ്തതായും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *