പിണറായിക്കെന്തിനാണീ സുരക്ഷാപട

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ റിപ്പോർട്ട് ചോർന്നു എന്നത് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം ചർച്ച ചെയ്ത ഒന്നായിരുന്നു. സാംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നു മാധ്യമങ്ങളിൽ വന്നത്. ഇതേപ്പറ്റി സ്റ്റേറ്റ് പോലീസ് തന്നെ അന്വേഷിക്കുകയാണ്. . തീവ്ര സ്വഭാവമുള്ള മത രാഷ്ട്രീയ സംഘടനകളിൽ നിന്നു പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടെന്നതായിരുന്നു റിപ്പോർട്ടിന്റെ കാതൽ. മോദിയുടെ സന്ദർശന വേളയിലെ പോലീസ് വിന്യാസം, അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശദീകരിക്കുന്ന റിപ്പോർട്ടിൽ പോപ്പുലർ ഫ്രണ്ട്, പി ഡി പി , വെൽഫെയർ പാർട്ടി, മാവോയിസ്റ്റുകൾ തുടങ്ങി ചില സംഘടനകളുടെ പേരെടുത്തു പറയുന്നുണ്ട്.

എന്നാൽ, മോദി മുൻ നിശ്ചയ പ്രകാരം കേരളത്തിൽ വരികയും വിവിധ പരിപാടികളിൽ സംബന്ധിക്കുകയും യാതൊരു സുരക്ഷാ പ്രശ്നങ്ങളുമില്ലാതെ തിരിച്ചു പോകുകയും ചെയ്തു.റോഡ് ഷോക്കിടയിൽ ആവേശഭരിതനായി വാഹനത്തിൽ നിന്നിറങ്ങി ഇരുവശത്തും കാത്തു നിൽക്കുന്ന ആബാലവൃദ്ധം ജനങ്ങളെ അഭിവാദ്യം ചെയ്തു അദ്ദേഹം നടന്നു നീങ്ങിയത് രാജ്യം മുഴുവൻ ആഘോഷിച്ച ഒന്നായിരുന്നു. ജനങ്ങൾ മോദിക്ക് നേരെ പൂക്കൾ എറിയുകയും അദ്ദേഹം അവർക്കു നേരെ കൈ കൂപ്പുകയും ചെയ്തു. ഇടയ്ക്ക് ആരോ കയ്യിലുണ്ടായിരുന്ന മൊബൈൽ കൂടി പൂക്കളോടൊപ്പം എറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന സുരക്ഷാ ഭടൻ സമർത്ഥമായി അത് പിടിച്ചെടുത്തു.
കേരളം സുരക്ഷിത സംസ്ഥാനമായതു കൊണ്ടാണ് പ്രധാനമന്ത്രിക്ക് റോഡിലൂടെ ഇങ്ങിനെ നടന്നു പോകാൻ കഴിഞ്ഞതെന്നാണ് മോദി പോയ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. ഗോവിന്ദൻ മാസ്റ്ററുടെ ഇൗ അവകാശ വാദത്തെ സർവാത്മനാ പിന്തുണയ്ക്കുന്നു. മലയാളികൾക്ക് അഭിമാനകരമായ ഒന്നാണത്. എന്നാൽ , ഇത്രയൂം സുരക്ഷിതമായ സംസ്ഥാനത്തു എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയേറെ സുരക്ഷാ സംവിധാനങ്ങളോടെ യാത്ര ചെയ്യുന്നതെന്ന സംശയം ഇൗ സന്ദർഭത്തിൽ ഉയരുന്നത് സ്വാഭാവികം, ഗോവിന്ദൻ മാസ്റ്റർക്കും അങ്ങനെയൊരു സംശയം തോന്നേണ്ടതാണ്. ഇ എം എസ് മുതൽ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരിൽ ഏറ്റവും ഉന്നതമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മുഖ്യമന്ത്രി എന്ന ഖ്യാതി പിണറായി വിജയനാണ്.. റോഡ് മാർഗം അദ്ദേഹം യാത്ര ചെയ്യുമ്പോൾ എത്ര പോലീസ് കാറുകളാണ് അകമ്പടിയായി ചീറിപ്പായുന്നത്.? ഇരുപതിനും മുപ്പതിനും ഇടയിൽ പോലീസ്്്് വണ്ടികൾ ഉണ്ടെന്നാണ് കണക്ക്. ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയവയും ഒപ്പത്തിനൊപ്പം ഉണ്ട്. . റോഡുകളിൽ യാത്രക്കാരെ തടഞ്ഞു വെച്ച് മുഖ്യമന്ത്രി കടന്നു പോയ ശേഷമാണ് കടത്തി വിടുക. ഇതിന്റെ പേരിൽ ചിലർക്ക് ഒാഫിസുകളിൽ സമയത്തിന് എത്താൻ കഴിയാതെ പോകുന്നു. മറ്റു ചിലർക്ക് ട്രെയിനും ഫ്ളൈറ്റുമൊക്കെ മിസ് ആകുന്നു. . രാഷ്ട്രീയ ഭേദമെന്യേ യാത്രക്കാർ മുഖ്യമന്ത്രിയെ പ്രാകുന്ന സന്ദർഭമാണിത്. . ഇടതുപക്ഷത്തിന്റെ മുൻകാല മുഖ്യമന്ത്രിമാരിൽ ഒരാൾക്കും പിണറായി വിജയന്റെയത്ര സെക്യൂരിറ്റി ഉണ്ടായിട്ടില്ല. ഇ എം എസിനും നായനാർക്കുമൊക്കെ ഒന്നോ രണ്ടോ പോലീസ് കാറുകളാണ് അകമ്പടി സേവിച്ചിരുന്നത്. വി എസ് അച്യുതാനന്ദന്റെ മുന്നിലും പിന്നിലും ഇത്രയേറെ പോലീസ് വണ്ടികൾ ഉണ്ടായിട്ടില്ല.. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ അമിതമായി സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്ന് ആരോപണം ഉയർത്തിയവരാണ് ഇടതു പക്ഷം. തനിക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇൗ വിഷയത്തിൽ ഉയരുന്ന ആക്ഷേപങ്ങൾ അറിയാത്ത ആളല്ല പിണറായി വിജയൻ. പോലീസ് ഉദ്യോഗസ്ഥർ സെക്യൂരിറ്റി പ്രോട്ടോക്കോൾ തയ്യാറാക്കുമ്പോൾ തനിക്കിത്രയേറെ പോലീസുകാരെയും പോലീസ് വണ്ടികളും വേണ്ടെന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കണം. പ്രത്യേകിച്ച് ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പിന്റെ ഭീഷണി ഉള്ള ആളല്ല പിണറായി വിജയൻ. പിന്നെയെന്തിനാണ് ജനങ്ങളിൽ നിന്ന് അദ്ദേഹം ഇങ്ങിനെ അകന്നു നിൽക്കുന്നത്.?കൂടെയുള്ള ഉദ്യോഗസ്ഥർ വലിക്കുന്ന ചരടിനൊപ്പം ചലിക്കുന്ന പാവയായി ഒരു മുഖ്യമന്ത്രി മാറരുത്.. ഉൗരിപ്പിടിച്ച വാളുകൾക്കിടയിലൂടെ വിരിമാറ് വിരിച്ചു നടന്നു പോയി എന്ന് പറയുന്ന ആൾ ആരെയാണ് ഭയപ്പെടുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *