അമേരിക്കയിൽ ഗർഭച്ഛിദ്ര മരുന്നിനായി യുവതികൾ തെരുവിൽ
ലോകത്ത് ഏറ്റവും കൂടുതൽ വ്യക്തിസ്വാതന്ത്ര്യവും ലൈംഗീക സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ് അമേരിക്ക. അവിടെ കഴിഞ്ഞ ഏപ്രിൽ 15 ന് യുവതികൾ അടങ്ങുന്ന സംഘം ഒരു പ്രത്യേക ആവശ്യവുമായി തെരുവിലിറങ്ങി.
ഗർഭച്ഛിദ്രം നടത്താനുള്ള തങ്ങളുടെ അവകാശങ്ങൾക്കുമേൽ ഒരു കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയായിരുന്നു പ്രതിഷേധം. ‘ഗർഭച്ഛിദ്രം ആരോഗ്യ സംരക്ഷണമാണ്’ (Abortion is Health Care) ‘ഗർഭച്ഛിദ്ര ഗുളികളെ ഞങ്ങൾ ഇഷ്ടപ്പെടുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചുമായിരുന്നു തെരുവിറങ്ങിയുള്ള പ്രതിഷേധം.
ഈ പ്രതിഷേധത്തിന് കാരണമായത് അമേരിക്കയിൽ വർഷങ്ങളായി പൊതുവിപണിയിൽ ലഭ്യമായിരുന്ന ഗർഭച്ഛിദ്ര മരുന്നായ മിഫപ്രിസ്റ്റോൺ (Mifepristone)എന്ന മരുന്ന് കോടതി നിരോധിച്ചതിനെ തുടർന്നായിരുന്നു. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ വിപണിയിലെത്തുന്ന ഒരു മരുന്നാണിത്. അമേരിക്കയിൽ ഭക്ഷണവും മരുന്നുകളും വിപണിയിലിറക്കാൻ അനുമതി നൽകുന്ന ‘ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ’തിരെ (FDA) ‘അലയൻസ് ഫോർ ഹിപ്പോക്രാറ്റിക് മെഡിസിൻ’ (Alliance for Hippocratic Medicine)എന്ന സംഘടന നൽകിയ ഹരജിയിലാണ് ടെക്സാസിലെ ജില്ലാ ജഡ്ജി മാത്യു കാക്‌സ്‌മാരിക് മരുന്ന് നിരോധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ‘മിഫപ്രിസ്റ്റോൺ’ എന്ന മരുന്നിന് അംഗീകാരം നൽകാൻ എഫ്.ഡി.എക്ക് അധികാരമില്ലെന്നും മരുന്നിന്‍റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗർഭച്ഛിദ്രത്തിന് എതിരെ പ്രവർത്തിക്കുന്ന സംഘടന കോടതിയെ സമീപിച്ചത്.
എന്നാൽ എഫ്.ഡി.എ നൽകിയ അപ്പീൽ അനുവദിച്ച് അമേരിക്കയിലെ സുപ്രീം കോടതി ടെക്സാസ് കോടതിയുടെ വിധി സ്റ്റേ ചെയ്യുകയും മരുന്ന് വിപണിയിൽ നിലനിർത്താൻ അനുമതി നൽകുകയും ചെയ്തു.
ഇതേദിവസം തന്നെ വാഷിംഗ്ടൺ സ്റ്റേറ്റിലെ ജില്ലാ ജഡ്ജി തോമസ് റൈസും മരുന്നിന് അനുകൂലമായ ഒരു വിധി പുറപ്പെടുവിച്ചു, 17 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ എഫ്.ഡി.എ ക്ക് നിർദ്ദേശം നൽകുന്നതായിരുന്നു കോടതിയുടെ ഉത്തരവ്.
മറ്റു പല ഗർഭച്ഛിദ്ര മരുന്നുകളേക്കാളും സുരക്ഷിതമാണ് ‘മിഫപ്രിസ്റ്റോൺ ’ എന്നും സംഘടന ഉയർത്തിയ സുരക്ഷാ ആശങ്കകൾക്ക് ശാസ്ത്രീയ തെളിവുകളുടെ പിൻബലമില്ലെന്നുമുള്ള എഫ്.ഡി.എയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി മരുന്നിനുള്ള അനുമതി നിലനിർത്തിയിരിക്കുന്നത്.