ഒരു സിനിമ കണ്ടാൽ തകരുമോ മതേതരത്വം?
പരശുരാമൻ മഴുവെറിഞ്ഞു വീണ്ടെടുത്തതാണ് കേരളം എന്നാണ് ഐതിഹ്യം. ഒരു സിനിമ വന്നതു കൊണ്ട് അത് അറബിക്കടലിലേക്ക് താഴ്ന്നു പോകില്ല. അതിനാൽ കേരള സ്റ്റോറി എന്ന സിനിമക്കെതിരെയുള്ള കോലാഹലങ്ങൾ നിർത്തി താൽപര്യമുള്ളവർ അതു കാണട്ടെ. കൊള്ളാത്തതാണെങ്കിൽ ജനം തള്ളും .കൊള്ളാവുന്നതാണെങ്കിൽ കൊള്ളുകയും ചെയ്യും. .
ബംഗാളിയായ സുദീപ്തോ സെൻ സംവിധാനം ചെയ്ത ഈ സിനിമക്ക് ഇത്രയും പ്രശസ്തി ഉണ്ടാക്കികൊടുത്തത് അത് നിരോധിക്കണമെന്ന് പറഞ്ഞു മുറവിളി കൂട്ടിയ മുസ്‌ലിം സംഘടനകളും വ്യക്തികളും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദപ്പെട്ട നേതാക്കളുമാണ്. .ഐ എസിൽ ചേർന്നവരുടെ കണക്കെടുക്കാൻ കൗണ്ടറുകൾ തുറക്കുമെന്ന മുസ്‌ലിം യൂത്ത് ലീഗുകാരുടെ പ്രഖ്യാപനം ഇതിനിടയിലെ ഏറ്റവും വലിയ തമാശയാണ്. കേരളാ സ്റ്റോറിയുടെ മാർക്കറ്റിങ് യൂത്ത് ലീഗ് ഏറ്റെടുത്ത പോലെയാണ് സോഷ്യൽ മീഡിയയിലെ അവരുടെ പോസ്റ്ററുകൾ കണ്ടാൽ തോന്നുക. ഇവർക്കൊക്കെ തലയിൽ ആൾ താമസം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
സുദീപ്തോ സെന്നിന്റെ ആദ്യ ചിത്രമല്ല ഇത്. ഇൻ ദി നെയിം ഓഫ് ലവ് എന്ന പേരിൽ 2018 ൽ സെൻ എടുത്ത സിനിമ ഡൽഹിയിൽ ജെ എൻ യുവിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചത് തർക്കത്തിലും അടിപിടിയിലുമാണ് കലാശിച്ചത്. അന്ന് സെന്നിനും കണക്കിന് അടി കിട്ടി. അന്നത്തെ സിനിമയുടെ ഒരു എൻലാർജ്ഡ് പതിപ്പാകാം കേരളാ സ്റ്റോറി എന്ന് കരുതാം. കേന്ദ്ര ഫിലിം സെൻസർബോർഡ് എ സർട്ടിഫിക്കറ്റോടെ അതിനു പ്രദർശനാനുമതി നൽകിയ സ്ഥിതിക്ക് മെയ് 5 നു തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതേണ്ടത്. . സിനിമ നിരോധിക്കണം എന്ന വാദഗതി ഇന്നത്തെ ഇന്റർനെറ്റ് കാലത്തു അപ്രായോഗികമാണ്. തിയേറ്ററുകളിൽ നിരോധിച്ചാൽ ഓ ടി ടി യിൽ റിലീസ് ചെയ്തു അത് വീടുകളിൽ ഇരുന്ന് കണ്ടു കൂടേ ? ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ നിരോധനത്തെ കുറിച്ച് പറയുന്നതും അശ്ലീലമാണ്. നമുക്ക് സ്വീകാര്യമായതു മാത്രം കാണാം, മറ്റുള്ളതെല്ലാം നിരോധിക്കണം എന്ന കാഴ്ചപ്പാട് ജനാധിപത്യ വിരുദ്ധവുമാണ്.
കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ചു വിവാഹം കഴിച്ചു ഐ എസിൽ ചേർക്കാൻ സിറിയയിലേക്കും ഇറാഖിലേക്കും മറ്റും കൊണ്ടു പോകുന്നു എന്ന ആക്ഷേപത്തിൽ ഊന്നിയാണ് സിനിമ നിരോധിക്കണമെന്ന മുറവിളി ഉയർന്നത്. കേരളാ സ്റ്റോറിയുടെ ടീസർ ഇറങ്ങിയപ്പോൾ അതിൽ മുസ്‌ലിമായി മതപരിവർത്തനം ചെയ്ത ഹിന്ദു മലയാളി നഴ്‌സ് പറയുന്നതു ഇത്തരത്തിൽ 32000 ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിലെ പെൺകുട്ടികളെ മതം മാറ്റി ഐ എസിൽ ചേർക്കാൻ കൊണ്ടുവന്നെന്നാണ്. ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്‌സ് സിനിമയിൽ ഉണ്ടെങ്കിൽ അത് വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ചു നൂറിനും ഇരുനൂറിനും ഇടയിൽ സ്ത്രീകൾ ഐ എസിൽ ചേരാൻ കേരളത്തിൽ നിന്ന് പോയിട്ടുണ്ട്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് 2020 ൽ പുറത്തു വിട്ട കണക്കു പ്രകാരം ഐ എസിൽ എത്തിയ ഇന്ത്യൻ വംശജരുടെ എണ്ണം 66 ആണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഇതിനകം ഐ എസിൽ ചേരാൻ 42000 സ്ത്രീകൾ എത്തിയെന്നാണ് പൊതുവിൽ പ്രചരിക്കുന്ന കണക്ക്. അതിൽ 32000 പേരും കേരളത്തിൽ നിന്നാണെന്ന പ്രസ്താവന അവിശ്വസനീയമാണ്. സിനിമയിൽ അങ്ങനെ പറയുന്നുണ്ടെങ്കിൽ ഇസ്‌ലാമിക വിരുദ്ധം എന്നതിലുപരി അത്ഹിന്ദു വിരുദ്ധവും ആണ്.. കേരളത്തിലെ ഹിന്ദു പെൺകുട്ടികൾ മുസ്‌ലിം ചെറുപ്പക്കാർ വന്നു വിളിച്ചാലുടൻ ഐ എസിൽ ചേരാൻ ഇറങ്ങിപുറപ്പെടുന്നു എന്ന് പറയുന്നതിനപ്പുറം അസംബന്ധം എന്തുണ്ട് ? അത്രക്കു പൊട്ടിപെണ്ണുങ്ങൾ ആണോ ഈ സംസ്ഥാനത്തേത് ?. ഇന്നത്തെ ഓരോ പെൺകുട്ടിയിലും ഒരു ഉണ്ണിയാർച്ചയോ ഝാൻസി റാണിയോ ഉണ്ട് എന്നതാണ് വസ്തുത. അവരെ പ്രേമം നടിച്ചു വലയിലാക്കി സിറിയയിൽ കൊണ്ടു പോകാനൊന്നും കഴിയില്ല. എന്നാൽ, പരസ്പരം പ്രണയ ബദ്ധരായി മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തു വിവാഹം കഴിച്ചു പിന്നീട് ഏതോ ഘട്ടത്തിൽ ഐ എസിൽ ചേരാൻ ഭർത്താവിനൊപ്പം സിറിയയിൽ പോയ ഹതഭാഗ്യകൾ ഉണ്ട്. . ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പർവ്വതീകരിച്ചു എല്ലാവരും സിറിയയിലേക്ക് വണ്ടി കാത്തിരിക്കുകയാണെന്ന വാദഗതി കടുത്ത സ്ത്രീ വിരുദ്ധത കൂടിയാണ്.
കേരളാ സ്റ്റോറി നിരോധിക്കണമെന്ന ആവശ്യം ഒരു ഭാഗത്തു ഉയരുമ്പോൾ കക്കുകളി എന്ന മലയാള നാടകം സ്റ്റേജ് ചെയ്യുന്നത് തടയണമെന്ന ആവശ്യവുമായി കത്തോലിക്കാ സഭയും മുന്നോട്ടു വന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടി ഈ ആവശ്യത്തെയും പിന്താങ്ങി. ആലപ്പുഴയിൽ നെയ്തൽ എന്ന നാടക സംഘം ഒരു കൊല്ലമായി സംസ്ഥാനത്തു കളിച്ചു വരുന്ന നാടകമാണിത്. സന്യാസത്തെയും കന്യാസ്ത്രീകളെയും അച്ചന്മാരെയും അപകീർത്തിപ്പെടുത്തുന്നു എന്നാണ് ആക്ഷേപം. തങ്ങൾക്കു ഹിതകരമല്ലാത്തതു വരുമ്പോൾ അത് നിരോധിക്കണമെന്ന് പറയുന്നതും ഫാസിസമല്ലേ ?
ക്രിസ്ത്യൻ സഭകളുടെ പ്രതിഷേധത്തെ തുടർന്ന് 1986 ൽ പ്രമുഖ നാടകകൃത്തും സംവിധായകനുമായ പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തിൽ നിരോധിച്ചതു ഈ സന്ദർഭത്തിൽ ഓർമ്മയിൽ വരുന്നതാണ്. . ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ച കേരളത്തിൽ ആരംഭിച്ചത് അക്കാലത്താണ്. അന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമായിരുന്ന ഇടതു പക്ഷത്തിന്റെ നിലപാടുകളിൽ ഇന്ന് പ്രകടമായ മാറ്റം കാണുന്നു. കോൺഗ്രസ് അന്നും ഇന്നും സംഘടിത മതങ്ങളുടെ താല്പര്യത്തിനൊത്തു നിൽക്കുന്നു. സിനിമയും നാടകവും നിരോധിക്കാനുള്ള ഓലിയിടലുകളാണ് ആ പാർട്ടിയിൽ നിന്ന് കേൾക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നാണ് ക്രിസ്ത്യാനികളുടെ വിശ്വാസം. ക്രിസ്തുവിന്റെ ഹൃദയത്തിലും മുറിവ് സംഭവിച്ചെന്നും അങ്ങിനെ ആറു മുറിവുകൾ ഉണ്ടെന്നും ആന്റണി എഴുതിയതാണ് നാടകത്തിനെതിരെ സഭ പരസ്യമായി രംഗത്തിറങ്ങാൻ കാരണമായത്.
കാലം മുന്നോട്ടു പോകുന്തോറും സമൂഹം കൂടുതൽ ഇടുങ്ങിയതായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.. ഭഗവാൻ കാല് മാറുന്നു , എന്ന കെ പി എ സിയുടെ നാടകവും ഒരു ഭഗവത്ഗീതയും കുറേ മുലകളും എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാസമാഹാരവും മഹാഭാരതത്തിലെ കഥാപാത്രങ്ങളെ വിഭിന്നമായ വീക്ഷണത്തിലൂടെ കണ്ട എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴവും ഇന്നാണ് പുറത്തു വന്നിരുന്നതെങ്കിൽ അതിനെയെല്ലാം നിരോധിക്കണമെന്ന ആവശ്യം ഉയരുമെന്ന് ഉറപ്പ്.