അത്ഭുതമായോ ഈ അത്ഭുതവിളക്ക്?

അത്ഭുതങ്ങളൊന്നുമില്ല എന്നാൽ മടുപ്പിക്കില്ല. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യന്റെ ആദ്യ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഫഹദ് നായകനായ പാച്ചുവും അത്ഭുതവിളക്കും ഒരു ഫീൽ ഗുഡ് എന്റർടെയിനറാണ്. അച്ഛൻ്റെ അതേ പാതയിൽ നമുക്കിടയിൽ നിന്നും ജീവിതങ്ങളെയും ജീവിത സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും അഖിൽ സത്യൻ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നു. പോരായ്മകൾ പലതുണ്ടെങ്കിലും ഏറെ നാളുകൾക്ക് ശേഷം തിയറ്ററിലെത്തുന്ന കുടുംബ പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന, തിയറ്റർ വിട്ടിറങ്ങുമ്പോൾ പുഞ്ചിരി സമ്മാനിക്കുന്ന അനുഭവം തന്നെയാണ് ചിത്രം. സത്യൻ അന്തിക്കാടിനെ പോലെ, സഹോദരൻ അനൂപ് സത്യനെ പോലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ഉറപ്പായും ആദ്യ ചിത്രത്തിലൂടെ തന്നെ അഖിൽ നേടിയെടുത്തിരിക്കുന്നു.
ചിത്രത്തിൻ്റെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അഖിൽ തന്നെയാണ്. സാധാരണമായി മുന്നോട്ടു പോകാവുന്ന ഓരോ സന്ദർഭങ്ങളെയും ലളിത സുന്ദരമായ നർമ മുഹൂർത്തങ്ങളോടെ അണിയിച്ചൊരുക്കിയിരിക്കുകയാണ് സിനിമയിൽ. നർമത്തെ മുറുകെ പിടിക്കുമ്പോഴും ചില വൈകാരിക സന്ദർഭങ്ങളിലൂടെ ഹൃദയത്തെ സ്പർശിക്കാനും ചിത്രത്തിനു കഴിയുന്നുണ്ട്.
പാച്ചു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന ഫഹദിന്റെ പ്രശാന്ത് ആണ് ചിത്രത്തിലെ നായകൻ. സത്യൻ അന്തിക്കാട് ചിത്രങ്ങളായ ഇന്ത്യൻ പ്രണയകഥയിലേയും ഞാൻ പ്രകാശനിലേയും ഫഹദിന്റെ കഥാപാത്രങ്ങളുടെ തുടർച്ചയാണ് പാച്ചു. അപ്പോഴും ആവർത്തന വിരസതയില്ലാതെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഫഹദിന് കഴിഞ്ഞിട്ടുണ്ട്. മുംബൈയിൽ ഒരു ആയുർവേദ മരുന്ന് കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തുന്ന പാച്ചു 34 വയസുള്ള അവിവാഹിതനാണ്. അയാൾ തന്നെ പറയുന്നത് പ്രകാരം പ്രായത്തിൻറെ സംഖ്യയ്ക്ക് തുല്യമായ പെണ്ണുകാണലുകൾ ഇതിനകം പാച്ചു നടത്തിയിട്ടുണ്ട്. അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന, മനോഹരമായ ചെറിയ കുടുംബമാണ് പ്രശാന്തിൻറേത്. ഇങ്ങനെ സമാധാനപരമായി മുന്നോട്ട് പോകുന്ന പാച്ചുവിൻറെ ജീവിതത്തിൽ നാട്ടിലേക്കുള്ള ഒരു യാത്രയ്ക്കിടെ അത്ഭുതവിളക്കായി മാറുന്ന തരത്തിലുള്ള ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയാണ്.
ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ കടന്നുപോകുന്ന അയാൾ ജീവിതത്തിലെ ചില തിരിച്ചറിവുകളിലേക്ക് എത്തുന്നതാണ് ചിത്രത്തിന്റെ ചുരുക്കം. ഗൗരവമേറിയ കഥാപാത്രങ്ങൾക്കു ശേഷം ഫഹദിനെ ലളിതമായ ഒരു വേഷത്തിൽ കാണുന്നതിൻറെ ഫ്രഷ്നസും പകരുന്നുണ്ട് ഈ കഥാപാത്രവും ചിത്രവും. ഫഹദിനെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമല്ല പാച്ചു. ശാന്തസ്വഭാവിയെങ്കിലും തൻറേതായ ജീവിതാകുലതകളൊക്കെയുള്ള പ്രശാന്തിനെ ഫഹദ് ലളിതമായി ഗംഭീരമാക്കിയിട്ടുണ്ട്. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ വിജി വെങ്കടേഷ് ആണ് ചിത്രത്തിൽ ഉമ്മച്ചി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രവും ഇതാണ്. സഹജീവികളോടുള്ള സ്‌നേഹവും വാർധക്യത്തിലെ ഒറ്റപ്പെടലും അതേസമയം ധൈര്യവുമെല്ലാം അടങ്ങിയ ലൈലയായി അവർ അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. ഹംസധ്വനിയായെത്തിയ പുതുമുഖമായ അഞ്ജന, നിധിയായെത്തിയ യുവനടി എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തകാലത്തിറങ്ങിയ കൊമേഴ്‌സ്യൽ ചിത്രങ്ങളിൽ തുല്യപ്രാധാന്യത്തോടെ നിലകൊള്ളുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാനായതിൽ സംവിധായകന് അഭിമാനിക്കാം. ഇന്ദ്രൻസ്, ശാന്തികൃഷ്ണ, അഭിറാം, സഞ്ജു ശിവറാം എന്നിവരും അവരവരുടെ കഥാപാത്രത്തോട് നീതിപുലർത്തി.
പാച്ചുവിൻറെ അച്ഛൻ വേഷത്തിൽ മുകേഷും അമ്മയായി ശാന്തികൃഷ്ണയും എത്തുന്നു. അച്ഛൻ- മകൻ വേഷത്തിൽ മികച്ച കെമിസ്ട്രിയോടെ മുകേഷും ഫഹദും അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ മറ്റു ചില കൗതുകമുണർത്തുന്ന കാസ്റ്റിംഗും ഉണ്ട്. ഇതുവരെ കാണാത്ത തരത്തിൽ ഗൗരവസ്വഭാവിയായ ഒരു ബിസിനസുകാരൻറെ റോളിലാണ് ചിത്രത്തിൽ വിനീത് എത്തുന്നത്. അസാമാന്യ പ്രകടനമാണ് വിനീത് കാഴ്ച വയ്ക്കുന്നത്. മലയാള സിനിമ അയാളെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല എന്ന് അടിവരയിടുന്നതാണ് വിനീതിന്റെ ഈ കഥാപാത്രം.
ഇതിനൊക്കെയപ്പുറം നമ്മെ വിട്ടുപോയ ഇന്നസെൻറിൻറെ അവസാന ചിത്രവുമാണ് പാച്ചുവും അത്ഭുവിളക്കും. മുകേഷ് അവതരിപ്പിക്കുന്ന ഫഹദിന്റെ അച്ഛൻ കഥാപാത്രത്തിൻറെ അടുത്ത സുഹൃത്തായാണ് ഇന്നസെൻറ് എത്തുന്നത്. കുറഞ്ഞ സ്ക്രീൻ ടൈമേ ഉള്ളുവെങ്കിലും തൻറേത് മാത്രമായ ചില മാനറിസങ്ങളിലൂടെ രസം നിറയ്ക്കുന്നുണ്ട് ഇന്നസെൻറ്. മുംബൈക്കൊപ്പം ഗോവയും കേരളവും പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ പ്രധാന പ്രത്യേകത അതിമനോഹരമായ ഫ്രെയിമുകളാണ്. ഒാരോ നഗരങ്ങളുടേയും യഥാർഥ ഭംഗി ഒപ്പിയെടുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏറിയ പങ്കും ഗോവയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻറെ സംഗീതം ചിത്രത്തിന്റെ ആസ്വാദനം ഉയർത്തുന്നുവെന്ന് നിസ്സംശയം പറയാം. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ഗ്രാമീണതയും പച്ചപ്പുമല്ല അഖിലിന്റെ ചിത്രത്തിൽ കാണാനാവുക. മുംബൈയിലെ മധ്യവർഗ സമൂഹത്തിന്റെയും ഗലികളുടേയും സ്വപ്‌നങ്ങൾ മനസിലടക്കിപ്പിടിച്ച് വിധിയോട് പൊരുതാനാവാതെ ഒഴുക്കിനനുസരിച്ചുതന്നെ മുന്നോട്ടുപോകുകയും ചെയ്യുന്ന ജീവിതങ്ങളാണ് അഖിലിന്റെ കഥാപാത്രങ്ങൾ. ഒരുപക്ഷേ ഗോവയ്ക്ക് നിറങ്ങളുടേയും കണ്ണഞ്ചിക്കുന്ന പ്രകാശത്തിന്റേയുമല്ലാത്ത മറ്റൊരു മുഖമുണ്ടെന്ന് കാണിച്ചുതരുന്ന സമീപകാലചിത്രം കൂടിയാണ്. ഈ പോസിറ്റീവ് വശങ്ങളെല്ലാമുണ്ടെങ്കിലും ചിത്രത്തിന്റെ ദൈർഘ്യം കല്ലുകടിയായെന്ന് പറയാതെ വയ്യ. രണ്ടേ കാലോ രണ്ടരയോ മണിക്കൂറിൽ ഒതുക്കാമായിരുന്ന ചിത്രം അനാവശ്യമായി വലിച്ചു നീട്ടിയതു പോലെ തോന്നി. ഏതായാലും കുടുംബ പ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രം തന്നെയാണ് പാച്ചുവും അത്ഭുതവിളക്കും.