മണപ്പുറം ഫിനാൻസിൽ ഇഡി റെയിഡ്

കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയിഡ്. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ വിവിധ ഓഫീസുകളിലാണ് ബുധനാഴ്ച റെയിഡ് നടന്നത്. കമ്പനിയുടെ ആസ്ഥാനവും പ്രൊമോട്ടർ വി പി നന്ദകുമാറിന്റെ വസതിയും റെയിഡ് ന‌ടന്നവയിൽ ഉൾപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്നിലധികം സ്ഥലങ്ങളിൽ ഇഡി റെയിഡ് നടത്തിയത്.
ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമായി 150 കോടിയിലധികം രൂപയുടെ നിക്ഷേപം പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ചു എന്നതാണ് പ്രധാന ആരോപണം. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിലുള്ള പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. അന്വേഷണത്തിൻെറ ഭാഗമായി പ്രൊമോട്ടറുടെ വസതിയും കമ്പനി ആസ്ഥാനവും ഉൾപ്പെടെ 4 സ്ഥലങ്ങളിൽ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് അന്വേഷണത്തിൻെറ ഭാഗമായി ജീവനക്കാരിൽ നിന്നുള്ള മൊഴികളും രേഖകളും ശേഖരിക്കുന്നുണ്ട്. കെവൈസി രേഖകൾ ഇല്ലാതെ നടന്നെന്ന് പറയുന്ന വലിയ തോതിലുള്ള പണമിടപാടുകളും അന്വേഷിക്കും.

അതേ സമയം റെയിഡ് ന‌‌ടന്ന പശ്ചാത്തലത്തിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഇടിഞ്ഞു. 12 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്. 113 രൂപയിലാണ് ഇപ്പോൾ വ്യാപാരം. മണപ്പുറം ഫിനാൻസിൻെറ ഓഹരി വില കഴിഞ്ഞ വർഷം മുതൽ ഏതാണ്ട് ഫ്ലാറ്റാണ്. ഈ മാസം ഏകദേശം 10 ശതമാനം വരെ ഓഹരി വില ഇടിഞ്ഞിരുന്നു. ജൂൺ പകുതിയോടെ 90 രൂപയിൽ നിന്ന് ഏറ്റവും താഴ്ന്ന നിരക്കായ 80 രൂപയിലേക്ക് എത്തിയിരുന്നു. മണപ്പുറത്തിന്റെ ഓഹരി വില 2021 നവംബറിൽ രേഖപ്പെടുത്തിയ 200 രൂപയിൽ നിന്ന് 2022 ജൂൺ പകുതിയോടെയാണ് 80 രൂപയായി കുറഞ്ഞത്. 60 ശതമാനത്തിലധികം ആണ് ഓഹരി വില ഇടിഞ്ഞത്.

ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ ജോയ് ആലൂക്കാസിൽ ഇഡി റെയ്ഡ് നടത്തുകയും കോടിക്കണക്കിനു രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

1992-ൽ സ്ഥാപിതമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് അതിവേഗമാണ് വളർന്നത്. നിലവിൽ വി പി നന്ദകുമാർ ആണ് എംഡിയും സിഇഒയും. രാജ്യത്തുടനീളം 5073 ശാഖകളും 41,000-ത്തിലധികം ജീവനക്കാരും സ്ഥാപനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *