ആതിരയുടെ പിന്നാലെ അരുണും…
സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി അരുണ്‍ വിദ്യാധരനെ(32)യാണ് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡും സംഭവ സ്ഥലത്ത് നിന്നു കണ്ടെടുത്തു. ഈ മാസം രണ്ടാം തിയ്യതി മുതലാണ് അരുണ്‍ മലപ്പുറം സ്വദേശിയായ രാജേഷ് എന്ന പേരിൽ ലോഡ്ജിൽ മുറിയെടുത്തത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് അരുണ്‍ മുറിയില്‍ നിന്നു പുറത്തിറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി അരുണ്‍ മദ്യപിച്ചിരുന്നുവെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇന്ന് രാവിലെയാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ആതിരയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത് . ആതിരയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബറാക്രമണം. കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയും അരുൺ വിദ്യാധരനും നേരത്തെ സൗഹൃദത്തിലായിരുന്നു. അരുണിനെ കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ട് വർഷം മുൻപ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അതിനുശേഷം ആതിരക്ക് വിവാഹലോചനകൾ വരാൻ തുടങ്ങി. കഴിഞ്ഞ ദിവസം വന്ന വിവാഹ ആലോചന ആതിരക്കും ഇഷ്ടപ്പെട്ടു. ഇതറിഞ്ഞതോടെയാണ് അരുൺ സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശങ്ങളും ചിത്രങ്ങളും പങ്കുവെക്കാൻ തുടങ്ങിയത് . ഇതറിഞ്ഞ ആതിര കടുത്ത മാനസിക വിഷമത്തിലായി. തുടർന്ന് സഹോദരി ഭർത്താവ് ആശിഷ് ദാസിന് അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞായറാഴ്ച വൈകീട്ട് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. പൊലീസ് രാത്രി തന്നെ അരുണിനെ ഫോണിൽ ബന്ധപ്പെട്ട് അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താൻ പറഞ്ഞു. എത്താമെന്ന് അരുൺ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരാതി നൽകിയശേഷവും യുവാവ് സൗഹൃദകാലത്തെ വാട്സ്ആപ് ചാറ്റുകളും മറ്റും പുറത്തു വിട്ട് ആക്ഷേപിച്ചു. ഇതോടെ ആതിര മാനസിക സമ്മർദ്ദത്തിലായി.തിങ്കളാഴ്ച രാവിലെയാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ വിഷമിക്കേണ്ടെന്നും താൻ ഒന്നും ചെയ്യില്ലെന്നും പറഞ്ഞാണ് രാത്രി ഉറങ്ങാൻ കിടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ ആറരയോടെ എഴുന്നേറ്റ ആതിര മുറിയില്‍നിന്ന് പുറത്തു വന്ന് എല്ലാവരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് സഹോദരി നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്‍ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനു പിന്നാലെയാണ് ഭീഷണിയും സൈബര്‍ ആക്രമണവും ആരംഭിച്ചതെന്നു സഹോദരി ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് പറഞ്ഞു .(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യ ചിന്തകൾ മനസിൽ വരുവരുമ്പോൾ 1056, 0471-2552056 എന്നീ നമ്പറുകളിൽ വിളിക്കുക.)