അൽഷിമേഴ്‌സിന് പുതിയ മരുന്ന്
അൽഷിമേഴ്സ് രോഗത്തിന് പുത്തൻ മരുന്ന് കണ്ടെത്തി ശാസ്ത്രലോകം. രോഗത്തിന്റെ പുരോഗതിയെ മൂന്നിലൊന്ന് മന്ദഗതിയിലാക്കാൻ കഴിവുള്ള ഡോണനമാബ് എന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ എലി ലില്ലി എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. നേരത്തേ അൽഷിമേഴ്സ് ബാധിതരുടെ സ്മൃതി ശോഷണത്തിന്റെ വേഗം കുറയ്ക്കുന്ന ലകാനമാബ് എന്ന മരുന്നും ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. അൽഷിമേഴ്സ് രോഗം ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാനുള്ള കഴിവിനെ സാരമായി ബാധിക്കും. ഒാർമ ചെറിയ തോതിൽ നഷ്ടമായി തുടങ്ങുന്നതാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. പക്ഷേ പിന്നീട് അത് സംസാരിക്കാനും ചുറ്റുപാടുകളോട് പ്രതികരിക്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവ് നഷ്ടപ്പെടുന്നതിലേക്ക് വരെ നയിക്കുന്നു.
എലി ലില്ലിയിൽ നിന്നുള്ള പുതിയ മരുന്നും ലകാനമാബിന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടും ഒരേ രോഗത്തിന്റെ ചികിത്സയിൽ വഴിത്തിരിവായ മരുന്നുകളാണ്. ആന്റിബോഡികളായാണ് ഇവ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സാധാരണ ആന്റിബോഡികൾ വൈറസുകളെ ആക്രമിക്കുന്നു, എന്നാൽ ബീറ്റാ അമിലോയിഡ് എന്ന് വിളിക്കപ്പെടുന്ന തലച്ചോറിലെ ഒട്ടിപ്പിടിക്കുന്ന ഒരു വസ്തു നീക്കം ചെയ്യുന്ന വിധത്തിലാണ് ഈ രണ്ട് മരുന്നുകളുടെയും പ്രവർത്തനം രൂപപ്പെടുത്തിയിരിക്കുന്നത്. “അൽഷിമേഴ്‌സ് രോഗത്തെ ചികിത്സിച്ച് മാറ്റാനുള്ള ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിന് ഇതോടെ മാറ്റം വരുകയാണ്,” യുകെയിലെ നാഷണൽ ഹോസ്പിറ്റൽ ഫോർ ന്യൂറോളജി ആൻഡ് ന്യൂറോ സർജറിയിലെ കോഗ്നിറ്റീവ് ഡിസോർഡേഴ്‌സ് ക്ലിനിക്ക് മേധാവി ഡോ. കാത്ത് മമ്മറി പറയുന്നു.
ഡോണനമാബിന്റെ പാർശ്വഫലങ്ങൾ
ഡോണനമാബ് എന്ന മരുന്നിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലമാണ് മസ്തിഷ്ക വീക്കം. അൽഷിമേഴ്‌സ് ചികിത്സയുടെ ഭാവി ഇതുപോലുള്ള നേട്ടങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെങ്കിലും, ഡോണനെമാബ് ഉപയോഗിച്ചുള്ള പഠനത്തിൽ ഗുരുതരമായ മസ്തിഷ്ക വീക്കത്തിന്റെ സംഭവങ്ങൾ 1.6% ആണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം രണ്ട് പേർക്ക് പരീക്ഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
“മറ്റ് മാരക രോഗങ്ങൾക്കുള്ള ഫലപ്രദമായ ചികിത്സകൾ പോലെ തന്നെ, ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ അപകടസാധ്യതകൾ ഇതിന് ഉണ്ടെങ്കിലും, ഡോണനമാബ് നൽകിയേക്കാവുന്ന ക്ലിനിക്കൽ നേട്ടങ്ങൾ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എലി ലില്ലി ഗ്രൂപ്പ് ന്യൂറോ സയൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ഡോക്ടർ മാർക്ക് മിന്റൺ പറഞ്ഞു. എന്നാൽ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല, അത് നേടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.