കൊലയാളി റഫറിയുടെ തല അരിഞ്ഞെടുത്ത് കൊടിമരത്തിൽ കെട്ടിത്തൂക്കിയ ക്രൂരത..!

ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവം
നിത്യ സൗഹൃദവും സാഹോദര്യവും ആണ് സ്പോർട്സിന്റെ മുഖമുദ്ര . ബ്രസീലുകാർ കാൽപ്പന്തു കളിക്കു സമ്മാനിച്ച പേരാണ് ” ജോഗോ ബോണീറ്റോ ‘ എന്നത് . സുന്ദരമായ കളി എന്നാണ് ഇൗ പോർച്ചുഗ്രീസ് വാക്കിന്റെ അർഥം . ലോകമെമ്പാടുമുള്ള പന്തു കളി ആരാധകരിൽ ആവേശം ജ്വലിപ്പിക്കുന്ന ഈ വിനോദം ചിലപ്പോഴൊക്കെ അഭിനിവേശം മൂത്തു അനിയന്ത്രിതമായ ആക്രമണത്തിലേക്കും അപകടകരമായ കയ്യേറ്റങ്ങൾക്കും വേദിയായിട്ടുമുണ്ട് . അങ്ങിനെ സുന്ദരമായ കളിക്ക് പേരുകേട്ട ബ്രസീലിൽ തന്നെയാണ് കാൽപ്പന്തുകളിയുടെ ചരിത്ര താളുകളിൽ ചോരകൊണ്ടെഴുതിയ ഏറ്റവും വികൃതമായ കറുത്ത അദ്ധ്യായം എഴുതി ചേർത്തതും.
2013 ജൂൺ 30 നു ബ്രസീലിലെ ഏറ്റവും ദരിദ്ര മേഖലയായ മാരൻ ഹോ വോയിൽ നടന്ന പ്രാദേശിക ലീഗ് മത്സരം നയിച്ചിരുന്നത് കേവലം 20 വയസുമാത്രം പ്രായമുണ്ടായിരുന്ന ഒക്റ്റോവിയോ ഡിസിൽവ കാറ്റൻഹെഡ് ജോർദാൻ എന്ന അമച്വർ റഫറി ആയിരുന്നു . കളിക്കിടെ മാരകമായ ഫൗൾ ചെയ്ത 30 വയസുകാരനായ ഹോസേ നിർദോസ് സാന്റോസ് അബ്രു എന്ന കളിക്കാരന് അയാൾ ചുകപ്പുകാർഡ് കാണിച്ച് പുറത്തേക്കുള്ള വഴികാണിച്ചു കൊടുത്തു . എന്നാൽ ഗ്രൗണ്ട് വിടാൻ തയാറാകാതെ അയാൾ റഫറിയുടെ മുഖത്തു അതി ശക്തമായ ഒരു ഇടി കൊടുക്കുകയാണുണ്ടായത് . പ്രഹരത്തിന്റെ ആഘാതത്തിൽ റഫറി നിലത്തു വീണുപോയി . പിന്നെ ലോകം കാണുന്നത് ഫുട്ബോൾ രംഗത്തു അതുവരെ സംഭവിച്ചിട്ടില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രവർത്തിയായിരുന്നു .
സമാധാനപരമായി കളി നിയന്ത്രിക്കേണ്ടിയിരുന്ന റഫറി അരയിൽ കരുതി വച്ചിരുന്ന ഒരു കത്തി എടുത്ത് അബ്രുവിനെ തുരു തുരാ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അയാളെ അപ്പോൾത്തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ചോര വാർന്നൊഴുകി അയാളുടെ ശ്വാസം നിലക്കുകയായിരുന്നു .
ഈ രംഗങ്ങൾ കണ്ടിരുന്ന രോഷാകുലരായ അബ്രുവിന്റെ ബന്ധുക്കളും കൂട്ടുകാരും അയാളുടെ ടീമിന്റെ ആരാധകരും കളിക്കളത്തിലേക്ക് പാഞ്ഞു കയറുകയും കൈയിൽ കിട്ടിയ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് റഫറിയെ ആക്രമിച്ചു. അടിച്ചും എറിഞ്ഞും അതി ഭീകരമായി അയാളെ കൊന്നു .എന്നിട്ടും കലിയടങ്ങാതെ അവർ അയാളുടെ തല വെട്ടിയെടുത്ത് മെയിൻ ഗ്യാലറിക്കു മുന്നിലുള്ള ക്ലബിന്റെ പതാക നാട്ടുന്ന സ്തൂപത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. ലോക കായിക ചരിത്രത്തിലെ ഏറ്റവും നിന്ദ്യവും അപലപനീയവും ആയ ക്രൂരകൃത്യം നടന്നത് കാൽപ്പന്തു കളിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരിടത്തായി എന്നത് ആവിശ്വസനീയമായ യാഥാർഥ്യമായി ഇന്നും ഫുട്ബോൾ ചരിത്രത്തിൽ നില നിൽക്കുന്നു. കേട്ടാൽ പോലും ചോര ഉറഞ്ഞുകൂടുന്ന യാഥാർഥ്യം.