728 വയസ്സായിട്ടും ജീവിച്ചിരിക്കുന്ന സ്വാമി ! കേരളത്തില്‍ പുനര്‍ജ്ജനിക്കുന്ന കള്‍ട്ടിന്റെ കഥ
കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍, ഒരു അത്ഭുതയോഗി പുനര്‍ജ്ജനിക്കയാണ്. 728 വയസ്സായിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്വാമി തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. 11 വര്‍ഷം തുടര്‍ച്ചയായി കടലിനടിയിലും, 400 വര്‍ഷം ഹിമാലയത്തിലും ജീവിച്ചത്രേ. പുതിയ കള്‍ട്ടാവാനിടയുള്ള പ്രഭാകര സിദ്ധയോഗിയുടെ കഥ.

‘685 വയസ്സായ യതിവര്യന്‍ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയില്‍’ എന്ന തലക്കെട്ടോടെ 80 കളുടെ തുടക്കത്തില്‍ വന്ന വാര്‍ത്ത ഴയകാല യുക്തിവാദികള്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കുമൊക്കെ ഓര്‍മ്മയുണ്ട്. വാര്‍ത്ത ഇങ്ങനെ: ‘മുപ്പതു വയസ്സുള്ള അപരിചിതനെ പോലീസ് അറസ്റ്റു ചെയ്തു. പൂണൂലും നാമമാത്രമായ വസ്ത്രവും ധരിച്ച യുവാവ് തനിക്ക് 685 വയസ്സുണ്ടെന്നാണ് പറഞ്ഞത്. 11 വര്‍ഷം തുടര്‍ച്ചയായി കടലിനടിയില്‍ താമസിച്ചിരുന്നതായും അയാള്‍ പറഞ്ഞു. ചെറുമത്സ്യങ്ങളും കടല്‍പ്പച്ചയും കഴിച്ചാണ് അവിടെ ജീവിച്ചിരുന്നത്. 400 വര്‍ഷം ഹിമാലയത്തിലും കഴിഞ്ഞു. പ്രഭാകരന്‍ എന്നു പേരുള്ള ഇയാളെ തിരുവിതാംകൂറിലെ പലയോഗ്യന്മാരും ആരാധിച്ചു വരുന്നു. ഇയാളെ പോലീസ് തടങ്കലില്‍ വെച്ചതില്‍ തദ്ദേശീയരില്‍ വലിയൊരു വിഭാഗത്തിനും കലശലായ ആക്ഷേപമുണ്ട്….’ ഇങ്ങനെ പോകുന്ന വാര്‍ത്തയില്‍, അറസ്റ്റിനു ശേഷം ഭക്ഷണമോ മലമൂത്ര വിസര്‍ജ്ജനമോ നടത്താതെ പൂര്‍ണ ആരോഗ്യവാനായാണ് ഈ യോഗികള്‍ ഇരുന്നതെന്നും കൗതുകപൂര്‍വം വിവരിക്കുന്നുണ്ട്. അതാണ് സാക്ഷാല്‍ പ്രഭാകര സിദ്ധയോഗികള്‍.
എന്നാല്‍ ഈ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും, 120 വയസ്സാണ് മനുഷ്യന്റെ പരമാവധി ആയുസ്സ് എന്നും വ്യക്തമാക്കി ജോസഫ് ഇടമറുകിലേപ്പോലുള്ള യുക്തിവാദികള്‍ രംഗത്ത് എത്തിയിരുന്നു. (1997 ല്‍ 122ാം വയസ്സില്‍ അന്തരിച്ച ജീന്‍ കാല്‍മെന്റ് എന്ന ഫ്രഞ്ച് വനിതയാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മനുഷ്യനായി കണക്കാക്കപ്പെടുന്നത്) ഈ കാമ്പയിനുശേഷം കുറേക്കാലത്തേക്ക് ഈ അത്ഭുത യോഗിയെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍, ഈ യോഗി പുനര്‍ജ്ജനിക്കയാണ്. 728 വയസ്സായിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്വാമി തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നു. ഒരു പുതിയ കള്‍ട്ടായി പ്രഭാകര സിദ്ധയോഗി മാറുകയാണ്. വിശ്വാസം ആവാം. പക്ഷേ ഒറ്റനോട്ടത്തില്‍തന്നെ അസംബന്ധമാണെന്ന് തോന്നുന്നവര്‍ക്ക് മലയാളികള്‍ തലവെക്കുന്നതാണ് അതിശയം.
ഏഴ് നൂറ്റാണ്ട് ജീവിച്ച മനുഷ്യന്‍!
നട്ടെല്ലില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തി മരണത്തെ അതിജീവിക്കാന്‍ കഴിവുള്ള ഋഷിവര്യനായിരുന്നു അദ്ദേഹമെന്നാണ് ആരാധകര്‍ തള്ളുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പഭാകര സിദ്ധയോഗിയുടെ ചരിത്രം ഇങ്ങനെയാണ്. ”കൊല്ലവര്‍ഷം 438ല്‍ മീനത്തിലെ പൂരുരുട്ടാതി നക്ഷത്രത്തില്‍ കാലടി അകവൂര്‍ മനയിലായിരുന്നു യോഗികളുടെ ജനനമെന്ന് പറയപ്പെടുന്നു. ഇരവി നാരായണന്‍ നമ്പൂതിരിയുടെയും, ഗൗരി ലക്ഷ്മി അന്തര്‍ജനത്തിന്റെയും പത്താമത്തെ പുത്രനായി പിറന്ന പ്രഭാകരന്‍ നമ്പൂതിരിയാണ് പിന്നീട് ശിവപ്രഭാകര സിദ്ധയോഗിയായി അറിയപ്പെട്ടത്. തെന്നിന്ത്യയിലെ 18 സിദ്ധയോഗികളില്‍ ഒരാളായിരുന്നു ശിവപ്രഭാകര സിദ്ധയോഗി. തമിഴ്‌നാട്ടില്‍ പാമ്പാട്ടി സിദ്ധര്‍, പഞ്ഞിസ്വാമി, കരിയില സ്വാമി, എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ” ഇങ്ങനെ പോകുന്ന കഥകള്‍.
പത്താമത്തെ വയസ്സില്‍ കുലദൈവമായ ശ്രീരാമചന്ദ്രനെ ഗുരുവായി സ്വീകരിച്ച് ഒരു അവധൂതനാല്‍ ആകൃഷ്ടനായി സര്‍വസംഗപരിത്യാഗിയായി അദ്ദേഹം ഹിമാലയ സാനുക്കളിലെത്തിയെന്നും കഥകള്‍ പറയുന്നു. ”ഹിമാലയത്തില്‍ തപസ്സ് അനുഷ്ഠിച്ച് അഷ്ട ഐശ്വര്യ സിദ്ധികളും നേടി. അതിനു ശേഷം അവധൂതവൃത്തി അവലംബിച്ച് 12 ാം നൂറ്റാണ്ടു മുതല്‍ 21ാം നൂറ്റാണ്ടു വരെ പരകായ പ്രവേശം എന്ന യോഗവിദ്യയിലൂടെ 14 ശരീരങ്ങള്‍ മാറി, മാറി സ്വീകരിച്ച് വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും വിവിധ പേരുകളില്‍, അവതാര ഉദ്ദേശ്യങ്ങള്‍ നടത്തി ദിവ്യാത്ഭുതങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. സന്ന്യാസലോകത്തെ അറിയപ്പെട്ട എത്രയോ മഹാത്മാക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് സന്ന്യാസദീക്ഷയും അനുഗ്രഹവും ലഭിച്ചിട്ടുള്ളതായി പറയപ്പെടുന്നു. നീലകണ്ഠ തീര്‍ഥപാദര്‍, തൈക്കാട് അയ്യാ സ്വാമി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, കരുവാറ്റ രാമഭദ്രാനന്ദസ്വാമികള്‍ തുടങ്ങിയ ഗുരുവര്യന്മാരെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ” ഇങ്ങനെയാണ് അപദാനകഥകള്‍ പോകുന്നത്.
ലെനിന്‍ കണ്ടെത്തിയത് മഞ്ഞുകട്ടകള്‍ക്കിടയില്‍
ഒരുപാട് അത്ഭുദകഥകള്‍ പ്രഭാകര സിദ്ധയോഗികളെക്കുറിച്ച് പ്രചരിക്കുന്നത്.
അപൂര്‍വങ്ങളായ പല ഔഷധികളെക്കുറിച്ചും പ്രഭാകര സിദ്ധയോഗികള്‍ അനുയായികള്‍ക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നത്രേ. ഉടല്‍ കായപച്ചയാണ് ഇവയിലൊന്ന്. ഇത് ചതച്ചെടുത്ത നീരു ദേഹത്തു പുരട്ടിയാല്‍ അന്യര്‍ കാണാതെ സഞ്ചരിക്കാം. വെള്ളിച്ചാമരപ്പാലയുടെ പാല്‍ എടുത്ത് പതിവായി സേവിച്ച് ഭൂഗര്‍ഭനിധി കണ്ടെത്താനുള്ള വിദ്യയും അദ്ദേഹത്തിന് അറിയാമായിരുന്നത്രേ.
ഏഴുനൂറിലേറെ വര്‍ഷം ജീവിച്ചതായി പറയപ്പെടുന്ന അദ്ദേഹം 1986 ഏപ്രില്‍ ഏഴിനായിരുന്നു ശരീരം ഉപേക്ഷിച്ചത്. അതും മീനത്തിലെ പൂരൂരുട്ടാതി നാളില്‍. അക്കാര്യം അദ്ദേഹം മുമ്പേ പ്രവചിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലായിരുന്നു സമാധി. 1986 ല്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയില്‍ സ്ഥാപിച്ച ആശ്രമമാണ് ശിവപ്രഭാകരസിദ്ധയോഗീര്വര ആശ്രമം. അമൂല്യഔഷധഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം രചിച്ച താളിയോല ഗ്രന്ഥങ്ങള്‍, അദ്ദേഹത്തിന്റെ യോഗദണ്ഡ്, ശ്രീചക്രം തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചു വരുന്നു. രമാദേവി അമ്മയാണ് ക്ഷേത്രത്തിന്റെ രക്ഷാധികാരി. ആലുപ്പുഴയില്‍ മാത്രമായി ഒതുങ്ങിയ പ്രഭാകര സിദ്ധയോഗിയെ പുതിയ ആത്മീയ ആചാര്യനാക്കാനാണ് ഫേസ്ബുക്കിലടക്കം ചിലര്‍ പ്രചാരണം നടത്തുന്നത്.
ഫേസ്ബുക്കിലെ ചില അത്ഭുതകഥകള്‍ നോക്കുക. റോബര്‍ട്് ഇ സ്രൗബോഡ എന്ന സായിപ്പ് 1993ല്‍ പ്രിന്റ് ചെയ്ത കുണ്ഡിലിന അഗോര 2 എന്ന ബുക്കില്‍ 213ാമത്തെ പേജില്‍, പ്രഭാകര സിദ്ധയോഗി എന്ന അമാനുഷ സിദ്ധനെ കണ്ടുമുട്ടിയ വിവരങ്ങള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു. ”കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ലെനിന്റെ കാലത്ത് മഞ്ഞുകട്ടകളുടെ അടിയില്‍ നിന്ന് കണ്ടെത്തി റഷ്യന്‍ പട്ടാളക്കാര്‍ ലെനിന്റെ കൊട്ടാരത്തില്‍ എത്തിച്ച അര്‍ദ്ധനഗ്‌നനായ സന്യാസി പ്രഭാകര സിദ്ധരാണത്രേ. സഖാവ് ലെനിന്‍ സ്വാമിക്ക് റഷ്യയുടെ പ്രാന്തപ്രദേശത്ത് മഞ്ഞുകാല വസതിയും പണിതു കൊടുത്തു. ലെനിന്റെ പട്ടാള ഉദ്യോഗസ്ഥന്മാരില്‍ സ്വാമിയുടെ ഭക്തരായിത്തീര്‍ന്ന പലരും ഇപ്പോഴുമുണ്ട്.” ഫേസ്ബുക്ക് പ്രചാരണം അങ്ങനെ പോവുന്നു.
ഇപ്പോള്‍ 728 വയസ്സ് കഴിഞ്ഞ സ്വാമി തമിഴ്‌നാട്ടില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും പ്രചാരണമുണ്ട്. പ്രഭാകര സിദ്ധയോഗികള്‍ 70 കളില്‍ അമൃതാനന്ദമയീമഠം സന്ദര്‍ശിച്ചുവെന്ന ഒരു വീഡിയോയും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അന്ന് അദ്ദേഹത്തിന് 700 വയസ്സായിരുന്നുവെന്നാണ് പറയുന്നത്. കൂടെ നടന്നിട്ട് പെട്ടന്ന് അപ്രത്യക്ഷമാകുക എന്നത് പ്രഭാകര സിദ്ധയോഗിശ്വരന്റെ ഒരു കുസൃതി ആയിരുന്നത്രേ. ഇതുപോലെ നിരവധി അത്ഭുത കഥകളുണ്ട്.
പ്രബുദ്ധനെന്ന് അഹങ്കരിക്കുന്ന മലയാളി ഇത്തരത്തിലുള്ള കള്‍ട്ടുകളില്‍ വ്യാപകമായി എങ്ങനെ എത്തിപ്പെടുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. നേരത്തെ ഇലന്തൂര്‍ നരബലിക്കാലത്ത് ആള്‍ദൈവങ്ങള്‍ക്കും അദ്ധവിശ്വാസങ്ങള്‍ക്കും എതിരെ വലിയ കാമ്പയില്‍ നടന്നിരുന്നു. പക്ഷേ ഇപ്പോള്‍ അത് എല്ലാവരും മറന്നമട്ടാണ്. അതോടെയാണ് ഈ രീതിയിലുള്ള അദ്ധവിശ്വാസ കള്‍ട്ടുകള്‍ നിര്‍ബാധം തഴച്ചുവളരുന്നത്.