ലയണൽ മെസ്സി പിഎസ്ജി വിടാൻ ഒരുങ്ങുന്നു! ഉറ്റു നോക്കി കായികലോകം
പിഎസ്ജിയുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നില്ലെന്ന് മെസ്സി ക്ലബ്ബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഈ സീസണിനു ശേഷം മെസ്സി പിഎസ്ജി വിടുമെന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ഹോർഹെ മെസ്സിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2021ലാണ് മെസ്സി ബാഴ്സലോണ എഫ്സിയില്‍ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. പിഎസ്ജി ജഴ്സിയില്‍ 71 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മെസ്സി 31 ഗോളുകളും 34 അസിസ്റ്റുകളും നേടി. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സി ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്ന് നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദര്‍ശിച്ചതിന് പിന്നാലെ പിഎസ്ജി മെസ്സിക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തി. ക്ലബില്‍ പരിശീലനത്തിന് പോലും താരത്തിന് അനുമതി നല്‍കില്ലെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മെസ്സി പിഎസ്ജി വിടും എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം പിഎസ്ജി ക്ലബ്ബിനോട് മാപ്പ് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
“ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു യാത്രയെന്നും ഇത് തന്റെ സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ക്ലബ്ബിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുന്നു”.. എന്നു പറഞ്ഞാണ് മെസ്സി ഖേദപ്രകടനം നടത്തിയത്. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി വെറും മൂന്ന് മത്സരങ്ങളാണ് കളിക്കാനാവുക. അതേസമയം മത്സരവിലക്ക് തീർന്നതിനു ശേഷം അർജന്റീന താരം ലയണൽ മെസ്സിയുമായി സംസാരിക്കുമെന്ന് പി എസ് ജി കോച്ച് ക്രിസ്റ്റഫർ ഗാൽറ്റിയർ പറഞ്ഞു. ക്ലബ്ബിന്റെ തീരുമാനത്തിൽ തനിക്കു പങ്കില്ലെന്നും വിലക്കിന്റെ കാര്യം തന്നെ അറിയിക്കുകയാണ് ചെയ്തതെന്നും ഗാൽറ്റിയർ വ്യക്തമാക്കി .