ലേഡീസ് ഫസ്റ്റ് : അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം
അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യുക സ്ത്രീകള്‍ മാത്രമായിരിക്കും. സൈന്യവിഭാഗം മുതല്‍ ബാന്റും പ്രകടനങ്ങളിലും നിശ്ചല ദൃശ്യങ്ങളിലും പങ്കെടുക്കുന്നത് സ്ത്രീകള്‍ ആയിരിക്കും. സൈനിക മേഖലയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ തീരുമാനം.ജനുവരി 26 ന് ന്യൂഡല്‍ഹിയിലെ രാജ്പതില്‍ വെച്ച് നടക്കുന്ന ഈ പരേഡിനെ കുറിച്ചുള്ള പ്ലാന്‍ അടങ്ങിയ കുറിപ്പ് സേനയ്ക്കും മറ്റു വിഭാഗങ്ങള്‍ക്കും മാര്‍ച്ച് മാസം അയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, സാംസ്‌കാരിക- നഗര വികസന മന്ത്രാലയം എന്നിവര്‍ക്ക് പ്ലാനിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സാംസ്‌കാരിക വൈവിധ്യവും നേട്ടങ്ങളും വിളിച്ചോതുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ റിപ്പബ്ലിക് ഡേ പരേഡിൽ ആയിരങ്ങള്‍ പങ്കെടുക്കുകയും നിരവധി ആളുകള്‍ ടിവിയില്‍ തത്സമയം കാണുകയും ചെയ്യാറുണ്ട് . അടുത്തകാലത്തായി പ്രതിരോധ സേനയും പാരാമിലിറ്ററി യൂണിറ്റും സൈനിക കമാന്‍ഡര്‍മാരായും ഡെപ്യൂട്ടി കമാന്‍ഡര്‍മാരായും സ്ത്രീകളെ തെരഞ്ഞെടുക്കുന്നത് വര്‍ധിപ്പിച്ചിരുന്നു.ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പരേഡുകളാണ് നടന്നത്. നാരിശക്തി എന്ന പ്രമേയമായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ഡേ പരേഡ് തീം. കേരള , കർണ്ണാടക, തമിഴ്‌നാട്, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അണിനിരത്തിയ ടാബ്ലോകളും ഈ നാരിശക്തി പ്രമേയത്തിൽ അധിഷ്ടിതമായിരുന്നു.