റെക്കോർഡ് കളക്ഷൻ; ബോക്സ് ഓഫീസ് തൂത്തുവാരി 2018

കേരളം നേരിട്ട പ്രളയവും അതിജീവനവും ഇതിവൃത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായ 2018 ന് റെക്കോർഡ് കളക്‌ഷൻ. മെയ് 5ന് റിലീസായ ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 32 കോടിയാണ്. സിനിമയുടെ ആഗോള കളക്‌ഷനാണിത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്‌ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. ശനിയാഴ്ച അർധരാത്രി മാത്രം 67 സ്‌പെഷൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. ഞായറാഴ്ചയിലെ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇതോടെ ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിൽ നിന്നും സിനിമ സാമ്പത്തികമായും ലാഭമായി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്നും മാത്രം ലഭിച്ചത് 9 കോടിയാണ്. യുഎഇ കലക്‌ഷന്‍ 9.3 കോടി. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്നാണ് ഈ ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയറ്റർ ഉടമകൾ. അവധി ദിനങ്ങള്‍ അല്ലാത്ത ദിവസങ്ങളിലും വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്.
ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയുണ്ടായിട്ടും വലിയ പ്രമോഷനൊന്നുമില്ലാതെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്.

Leave a Reply

Your email address will not be published. Required fields are marked *