മന്ത്രി മുങ്ങിയാൽ എന്തു സംഭവിക്കും!
കേരളത്തിൽ സി പി എം നേരിട്ട് സംസ്ഥാനതലത്തിൽ വലിയ ഒരുക്കങ്ങളോടെ ഒരു പരിപാടി സംഘടിപ്പിച്ചിട്ട് അതു ഉദ്ഘാടനം ചെയ്യാമെന്നേറ്റ മന്ത്രി മുങ്ങിയാൽ എന്തു സംഭവിക്കും! സാധാരണ നിലയിൽ ആ മന്ത്രിയുടെ പദവി തന്നെ അപകടത്തിലാകും. എന്നാൽ മന്ത്രി മുങ്ങിയപ്പോൾ സംഘാടകരും പാർട്ടിയും ഹാപ്പിയാവുകയും മന്ത്രി ആശ്വസിക്കുകയും ചെയ്ത ഒരു പരിപാടി കഴിഞ്ഞ ആഴ്ച കോഴിക്കോട്ടു നടന്നു. മുങ്ങിയത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിപാടി സംഘടിപ്പിച്ചത് എ കെ ജി പഠന ഗവേഷണ കേന്ദ്രം. എന്നുവെച്ചാൽ സിപിഎം സംസ്ഥാന നേതൃത്വം.
അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനമാണ് മെയ് 3 മുതൽ 5 വരെ കോഴിക്കോട്ട്നടന്നത്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ഉന്നതനിലവാരം കൈവരിക്കാനുള്ള നിർദേശങ്ങളാണ് സമ്മേളനം ചർച്ച ചെയ്തത്. അഞ്ഞൂറോളം പ്രബന്ധങ്ങൾ. ആയിരത്തിലേറെ പ്രതിനിധികൾ. മൂന്നുദിവസമായി അമ്പതോളം സെഷനുകൾ. ആത്യന്തിക ലക്ഷ്യം സ്കൂൾ വിദ്യാഭ്യാസത്തെ ആധുനികവൽക്കരിക്കൽ.
ഡൽഹിയിൽ നിന്ന് പ്രഭാത് പട്നായക് അടക്കമുള്ള വിദഗ്ധർ എത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മന്ത്രി മൂന്നുദിവസം ഇവിടെ താമസിച്ച് ചർച്ചകൾ ശ്രദ്ധിക്കുമെന്നും പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കുട്ടി വന്നില്ല. അതു പക്ഷേ സംഘാടകർക്ക് ആശ്വാസമായെന്നു വേണം കരുതാൻ. പ്രഭാത് പട്നായക്കിനെപ്പോലെ ലോകമറിയുന്ന ഒരാളെ കൊണ്ട് ഉദ്ഘാടനം നടത്തിക്കാൻ കഴിഞ്ഞല്ലോ. അതിരിക്കട്ടെ. മന്ത്രി എന്താണ് വരാതിരുന്നത്? പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല ശിവൻകുട്ടിക്ക്. തിരുവനന്തപുരത്ത് അദ്ദേഹം സജീവമായി പൊതുരംഗത്തുണ്ടായിരുന്നു. ആദ്യ ദിവസം വന്നില്ലെങ്കിൽ അടുത്ത ദിവസമോ അവസാന ദിവസമോ മന്ത്രിക്ക് എത്തി നോക്കാമായിരുന്നു. എന്നാൽ മന്ത്രിയുടെ പൊടി പോലും കണ്ടില്ല.
കോഴിക്കോട്ട് പഠന കോൺഗ്രസിന് പോകരുതെന്ന് മന്ത്രിയെ ആരും ഉപദേശിക്കാൻ ഇടയില്ല. പാർട്ടിയും അങ്ങിനെ ചെയ്യാൻ ഇടയില്ല. അപ്പോൾ പോകേണ്ടതില്ലെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചതാണ്. അതാണ് ഒൗചിത്യം. ബുദ്ധിയെന്നും പറയാം. മന്ത്രി വരാത്തതുകൊണ്ട് പഠന കോൺഗ്രസിന് ഒരു കുറവുമുണ്ടായില്ല. അഥവാ, വന്നിരുന്നെങ്കിലോ? ഉദ്ഘാടന പ്രസംഗം നടത്തേണ്ടേ ? വിദ്യാഭ്യാസം ആധുനികവൽക്കരിക്കാനുള്ള ശ്രമത്തിന് താനായിട്ട് പ്രശ്നമൊന്നും ഉണ്ടാക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചുകാണും. മന്ത്രിക്ക് എഴുതി വായിച്ചുകൂടായിരുന്നോ എന്ന് ചില അവിവേകികൾ ചോദിക്കുന്നുണ്ട്. എഴുതിയാലും വായിക്കണമല്ലോ. അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും ദുഷ്ടവിചാരം കാണും. ഏതായാലും അതിൽ മന്ത്രി വീണില്ല.
സത്യം പറഞ്ഞാൽ ശിവൻകുട്ടി ചെയ്തത് വലിയ ത്യാഗവും സേവനവുമാണെന്ന് ആരും അംഗീകരിക്കും. സ്വന്തം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനുള്ള ചർച്ചയിൽ നിന്ന് അദ്ദേഹം ബുദ്ധിപൂർവം മാറിനിന്നു. നല്ലൊരു മാതൃക അദ്ദേഹം കാഴ്ചവെച്ചു. ഇതേസമയം, മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് മൂന്നുദിവസം ഇവിടെ തങ്ങി ചർച്ചകൾക്ക് മാർഗനിർദേശം നൽകി.