അഴിമതിയുടെ വില ആ 22 ജീവൻ

താനൂർ പൂരപ്പുഴയിൽ പിഞ്ചു പൈതങ്ങൾ അടക്കം 22 പേർ മരണത്തിന്റെ നിലയില്ലാ കയത്തിലേക്ക് മുങ്ങിതാഴ്ന്ന വിവരം അറിഞ്ഞയുടൻ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉന്നത രാഷ്ട്രീയ നേതാക്കളും ആശ്വാസ വചനങ്ങളുമായി പാഞ്ഞും പറന്നുമെത്തി . മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും അപകടത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. തൊട്ടു പിന്നാലെ സംസ്ഥാനത്തുടനീളം വിനോദ സഞ്ചാര ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും മിന്നൽ പരിശോധനയുടെ പൊടിപൂരമായിരുന്നു. പത്രങ്ങളിലും ചാനലുകളിലും പതിവുപോലെ കദന കഥകളും ആത്മരോഷവും പുകയുന്നു. അത് ഏതാനും ദിവസങ്ങൾ കൂടി തുടരും. പിന്നീട് എല്ലാം പതിവ് പോലെ. അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ ഒരു ഷോർട്ട് ബ്രേക്ക്.

22 പേരെ ഈ ലോകത്തു നിന്നു പറഞ്ഞയച്ച താനൂർ ബോട്ട് ദുരന്തത്തിന് ആരാണുത്തരവാദി ? ഒരു ജുഡീഷ്യൽ അന്വേഷണവും നടത്താതെ പറയാം. നമ്മുടെ അഴിമതിയിൽ മുങ്ങിയ ഭരണ സംവിധാനം. നമ്മുടെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവുമാണ് ഈ സംഭവത്തിനു ആദ്യത്തെയും അവസാനത്തെയും ഉത്തരവാദികൾ. പൂരപ്പുഴയിൽ മുങ്ങിത്താഴ്ന്ന ബോട്ട് നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയതായിരുന്നു. പത്തു പേർക്ക് കയറാവുന്ന മീൻ പിടുത്ത ഫൈബർ വള്ളം വാങ്ങി അതിനെ 22 പേർക്ക് കയറാവുന്ന ഉല്ലാസ നൗകയാക്കി മാറ്റി. അതിൽ 39 പേരെ കയറ്റി സവാരി നടത്തി. ബോട്ട് ഉടമ നാസറിനു രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ നാട്ടിലെ ടൂറിസം മേഖലക്ക് കരുത്തു പകരാൻ കഴിയുന്നു. നാസറിന്റെ ഫേസ്‌ബുക്ക് പരിശോധിച്ചാൽ ഉറച്ച സിപിഎം അനുഭാവി ആണെന്ന് കാണാൻ കഴിയും. നാട് ഭരിക്കുന്നത് സിപിഎം ആയതിനാൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അതൊരു തണലാണ് . ഭരിക്കുന്നത് യു ഡി എഫ് ആകുമ്പോൾ കോൺഗ്രസോ ലീഗോ ആകുന്നത് കൂടുതൽ ഉചിതം.. ഇനി പണം ചെലവാക്കാൻ തയ്യാറാണെങ്കിലോ, ഈ രാഷ്ട്രീയ ബന്ധങ്ങളൊക്കെ തനിയെ വന്നു കൊള്ളും .
അഴിമതി ജീവിത രീതി ആയി മാറിക്കഴിഞ്ഞ ഒരു സംസ്ഥാനത്തു പണമോ സ്വാധീനമോ ഉണ്ടെങ്കിൽ എന്തും ഏതും നടക്കുമെന്നതാണവസ്ഥ.

താനൂരിൽ 22 പേരെ മുക്കിക്കൊന്ന അറ്റ്ലാന്റിക് ബോട്ടിനു രജിസ്ട്രേഷൻ ഇല്ലെന്നു മാത്രമല്ല, ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസും ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ഈ ബോട്ടിനു കുസാറ്റിന്റെ ഷിപ് ടെക്നോളജി വിഭാഗം സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നു.. ആലപ്പുഴ പോർട്ടിലെ ചീഫ് സർവേയർ ഇതിനു ഫിറ്റ്നസ്സും നൽകി. തുറമുഖ വകുപ്പിന്റെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അണ്ടർ പ്രോസസിങ്ങിൽ ആയിരുന്നു. അത് കാത്തിരിക്കാതെ നാസർ വിനോദ സഞ്ചാരികളെ കുത്തിനിറച്ചു ബോട്ട് സർവീസ് നടത്തി.അനുമതിയില്ലാതെ ബോട്ട് ജെട്ടികൾ നിർമിച്ചു. സഞ്ചാരികൾക്കു ലൈഫ് ജാക്കറ്റ് നൽകുക എന്ന മിനിമം സുരക്ഷ പോലും പാലിച്ചില്ല. മൽസ്യ തൊഴിലാളികൾ അടക്കം പ്രദേശ വാസികൾ വരാനിരിക്കുന്ന ദുരന്തത്തെകുറിച്ചു മുന്നറിയിപ്പ് നൽകിയിട്ടും ആരും അനങ്ങിയില്ല. ലൈസൻസ് ഇല്ലാത്ത ബോട്ട് കോസ്റ്റൽ പൊലീസിന് പിടികൂടി സർവീസ് നിർത്തി വെപ്പിക്കാമായിരുന്നു. രെജിസ്റ്റേഷൻ ഇല്ലാതെ ബോട്ടിറക്കിയതിനു തുറമുഖ വകുപ്പിന് നടപടി എടുക്കാമായിരുന്നു. പക്ഷേ , എല്ലാവരും കണ്ണടച്ചു . അതിനു കൊടുത്ത വിലയാണ് 22 ജീവനുകൾ. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ 1924 ൽ പല്ലനയാറ്റിലെ അപകടം മുതൽ ഇതുവരെ പതിനഞ്ചോളം വലിയ ബോട്ടപകടങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അതിൽ അഞ്ചാമത് ജുഡീഷ്യൽ അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് റിപ്പോർട്ട് നൽകിയ അഞ്ചു ജുഡീഷ്യൽ കമ്മിഷനുകളുടെയും ശുപാർശകൾ ജലരേഖയായി കിടക്കുകയാണ്. ബോട്ടുകൾക്ക് രൂപമാറ്റം വരുത്താൻ പാടില്ല, ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണം, ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തണം , ലൈസൻസും ഫിറ്റ്നസും ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കണം, കാലപ്പഴക്കമുള്ള ബോട്ടുകൾ ഓടിക്കാൻ പാടില്ല എന്നിങ്ങനെ അന്വേഷണ കമ്മീഷനുകൾ നൽകിയ ശിപാർശകൾ മിക്കതും ഇനിയും നടപ്പിലാക്കിയിട്ടില്ല.
2009 ൽ 45 പേർ മരിച്ച തേക്കടി ബോട്ട് അപകടത്തെ പറ്റി അന്വേഷിച്ച കമ്മിഷന്റെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് കെ ടി ഡി സി സർവീസ് നടത്തിയ ബോട്ട് നിലവാരം കുറഞ്ഞതാണെന്നതായിരുന്നു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ നിന്നായിരുന്നു അന്ന് ബോട്ട് വാങ്ങിയത്. കെ ടി ഡി സി ഡയറക്ടർ ആയിരുന്ന എം ശിവശങ്കർ അടക്കം ഇതിൽ കുറ്റക്കാർ ആണെന്ന് കമ്മിഷൻ കണ്ടെത്തിയിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ നേതൃത്വവും ഭരണ സംവിധാനവും ഒരു പോലെ അഴിമതിയിലും സ്വജന പക്ഷപാതത്തിലും മൂക്കറ്റം മുങ്ങിയിരിക്കുമ്പോൾ ഏതു അന്വേഷണവും പ്രഹസനം ആകാനേ ഇടയുള്ളൂ. ദുരന്തത്തിലേക്ക് വഴുതി വീഴാതിരിക്കാൻ പൊതുജനം സ്വയം കരുതിയിരിക്കുക എന്നത് മാത്രമാണ് പോംവഴി. സർക്കാർ നിങ്ങളുടെ രക്ഷക്കുണ്ട് എന്നു വെറുതെ സമാധാനിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *