മെറ്റ് ഗാലയിൽ താരമായത് ആലപ്പുഴയിലെ പരവതാനി
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിൽ ഇത്തവണ ഒരു മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. അമേരിക്കയിൽ നടന്ന മെറ്റ് ഗാലയിൽ കണ്ണുടക്കുന്ന ചുവപ്പും നീലയും കലർന്ന പരവതാനി നെയ്തത് ഇങ്ങ് കേരളത്തിലാണ്. ആലപ്പുഴ ചേർത്തലയിലെ ‘നെയ്ത്ത് ബൈ എക്സ്ട്രാ വീവ്സ്’ ആണ് ഈ പരവതാനി നെയ്തത്. സിസൽ നാരുകൾ ഉപയോഗിച്ച് നിർമിച്ച പരവതാനി അമേരിക്കയിലെ ഡിസൈനർമാരാണ് വരച്ചത്. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ തുടങ്ങി പ്രശസ്തരെല്ലാം ഈ ഫാഷൻ മേളയ്ക്കെത്താറുണ്ട്. മെറ്റ് ഗാലയിലെ ഇന്ത്യൻ സെലിബ്രിറ്റി സാന്നിധ്യവും ശ്രദ്ധേയമാണ്. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം മുൻ വർഷങ്ങളിൽ ഗാലയിൽ പങ്കെടുത്തവരാണ്.
നെയ്ത്ത് മേഖലയിൽ 100 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ‘നെയ്ത്ത് ബൈ എക്സ്ട്രാവീവ്സ്’ എന്ന സ്ഥാപനം ആരംഭിച്ചത് 1917 ലാണ്. എക്സ്ട്രാവീവ്‌സ് ഇന്ന് കാണുന്ന ലോക പ്രശസ്ത ബ്രാൻഡ് എന്ന തലത്തിലേക്ക് ഉയർന്നതിന് കാരണം ആ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ശിവൻ സന്തോഷിന്റെയും ഭാര്യ നിമിഷ ശ്രീനിവാസിന്റെയും പരിശ്രമമാണ്. ഏകദേശം 7000 ചതുരശ്ര മീറ്റർ പരവതാനിയാണ് മെറ്റ് ഗാല ഇവന്റിനായി നിർമിച്ചത്. ചെറിയ പോരായ്മ പോലുമില്ലാതെ പരവതാനി നിർമിക്കുകയെന്നതു വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഫൗണ്ടറായ ശിവൻ സന്തോഷ് പറഞ്ഞു. അഗാബെ എന്ന കള്ളിമുൾച്ചെടി ഇനത്തിൽ പെട്ട ഒരു ചെടിയുടെ തൊലിയിൽനിന്നുള്ള സൈസൽ എന്ന പ്രകൃതിദത്തമായ നാരുകളാണ് പരവതാനി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മഡഗാസ്കറിൽ നിന്നുള്ള ഏറ്റവും മികച്ച ഗുണനിലവാരമുള്ള നാരുകളാണ് ഇതിനായി തിരഞ്ഞെടുത്തത്.
പരവതാനിക്കു വേണ്ടിയുള്ള നെയ്ത്ത് മുഴുവൻ നടന്നത് കേരളത്തിലെ ചേർത്തലയിലുള്ള നെയ്ത്ത് സ്ഥാപനത്തിലാണ്. 70 ദിവസം നീണ്ട പരിശ്രമത്തിലൂടെയാണ് പരവതാനിയുടെ നിർമാണം പൂർത്തിയാക്കിയത്. പരവതാനിയുടെ ഹാൻഡ് പെയ്ന്റിങ്ങും മറ്റും പൂർത്തിയാകാൻ ഏകദേശം 100 ദിവസം വേണ്ടി വന്നു. ബീജ് വൈറ്റ് നിറത്തിലുള്ള പരവതാനിയുടെ മുകളിലായി ഹാൻഡ് പെയിന്റ് ചെയ്തിരിക്കുന്നത് ന്യൂയോർക്കിലെ പ്രശസ്തരായ ആർട്ടിസ്റ്റുകളാണ്.
അമേരിക്കയിലുള്ള ഫൈബർ വർക്ക്സ് എന്ന സ്ഥാപനം വഴിയാണ് മെറ്റ് ഗാലയുടെ പരവതാനി നെയ്ത് നൽകാനുള്ള അവസരം നെയ്ത്ത് ബൈ എക്സ്ട്രാ വീവ്‌സിന് ലഭിക്കുന്നത്. നെയ്ത് നൽകുകയെന്നത് മാത്രമായിരുന്നു എക്സ്ട്രാ വീവ്‌സിന്റെ ഉത്തരവാദിത്വം. ഡിസൈൻ ചെയ്യുന്നത് മെറ്റ് ഗാലയുടെ തന്നെ ഡിസൈനേഴ്സ് ആണ്.
ഇതാദ്യമായല്ല മെറ്റ് ഗാലയുടെ പരവതാനി ഇവർ നെയ്ത് നൽകുന്നത്. എക്‌സ്‌ട്രാവീവ്സ് ഒരുക്കിയ രണ്ടാമത്തെ മെറ്റ് ഗാല പരവതാനിയാണിത്. വൈറ്റ് ഹൗസിലെ ഒരു പരിപാടിക്ക് വേണ്ടിയും എക്സ്ട്രാ വീവ്‌സ് പരവതാനി നെയ്ത് നൽകിയിട്ടുണ്ട്.