We Talk

പൊലീസ് അനാസ്ഥയില്‍ ബലി കൊടുത്തത് വനിതാ ഡോക്ടറുടെ ജീവന്‍

 ഞെട്ടിത്തരിക്കുന്ന സംഭവങ്ങളിലൂടെയാണ് കേരളം ഓരോ ദിവസവും കടന്നു പോകുന്നത്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ലഹരിക്കടിമയായ  അധ്യാപകന്റെ കുത്തേറ്റു വനിതാ ഡോക്ടര്‍ മരിച്ച വാര്‍ത്തയുമായാണ് ഇന്ന് , ബുധനാഴ്ച  നേരം പുലര്‍ന്നത്. ഇരുപത്തിമൂന്നുകാരിയും കോട്ടയം സ്വദേശിയുമായ ഡോ . വന്ദന ദാസിനെ  പരിശോധനക്കിടയില്‍ മേശപ്പുറത്തിരുന്ന കത്രിക എടുത്തു തലങ്ങും വിലങ്ങും കുത്തുകയാണുണ്ടായത്. നെടുമ്പന യു പി സ്‌കൂള്‍ അധ്യാപകനായ സന്ദീപിനു , ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സ കഴിഞ്ഞു വീട്ടില്‍ എത്തിയശേഷം അടുത്തുള്ളവരുമായി ഉണ്ടാക്കിയ വഴക്കിനിടയില്‍  അടിപിടിയില്‍ കാലിനു മുറിവേറ്റതിനെ തുടര്‍ന്നാണ് പോലീസ്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഹൗസ് സര്‍ജനായ വന്ദനയാണ്  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. മുറിവ് തുന്നിക്കെട്ടിക്കൊണ്ടിരുന്നതിനിടയില്‍ സന്ദീപ് മേശപ്പുറത്തിരുന്ന കത്രിക എടുത്തു വന്ദനയെ പലതവണ ആഞ്ഞു കുത്തി. മുതുകിലും നെഞ്ചത്തുമായി  ആറു കുത്തേറ്റ വന്ദനയെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


   അക്രമാസക്തനായ  പ്രതിയെ വിലങ്ങിട്ടു ഡോക്ടര്‍ക്കു മുന്‍പില്‍ ഹാജരാക്കണം എന്ന  പ്രാഥമിക കാര്യം പോലീസ്  അവഗണിച്ചതാണ് അച്ഛനമ്മമാരുടെ ഏക മകളായ വന്ദനയുടെ ജീവനെടുക്കാന്‍ കാരണമായത്. ഡോക്ടറെ കൂടാതെ ആശുപത്രി ഗാര്‍ഡ് മണിലാല്‍, സന്ദീപിനെ കൊണ്ടുവന്ന പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി എന്നിവര്‍ക്കും കുത്തേറ്റു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊല്ലം പൂയപ്പള്ളി സ്വദേശി 42 കാരനായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്.  ചികിത്സക്കിടയില്‍ കത്രിക കൈക്കലാക്കിയ ഇയാള്‍ അക്രമാസക്തനായപ്പോള്‍ മുറിക്കുള്ളിലിട്ടു പൂട്ടി. ഈ മുറിയില്‍ ഡോക്ടറും ഉണ്ടായിരുന്നു. അക്രമ സ്വഭാവമുള്ള ആളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് കാണിച്ച അനാസ്ഥയാണ്  യുവ ഡോക്ടറുടെ ജീവനെടുക്കാന്‍ കാരണമായത്. ആശുപത്രിയില്‍ എത്തിച്ച സംഘത്തിലെ  പോലീസുകാരനെയാണ് ആദ്യം  സന്ദീപ് ഇടിച്ചു വീഴ്ത്തിയത്. ഇതോടെ ഓടിയെത്തിയ എസ് ഐയെയും ആക്രമിച്ചു. തുടര്‍ന്നാണ് മുറിക്കുള്ളിലിട്ട് പൂട്ടിയത്. വന്ദന അടക്കം രണ്ടു ഡോക്ടര്‍മാരും മുറിക്കകത്തായി. ഇത്രയും അക്രമകാരിയായ ഒരാളെ കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് ഇത്രയും ഹൃദയഭേദകമായ ദുരന്തത്തിനിടയാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അടിയന്തിര വിഭാഗം ഒഴികെ വിഭാഗങ്ങള്‍ മിക്ക ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നില്ല.

     സംസ്ഥാനത്തു ഡോക്ടര്‍മാര്‍ക്കെതിരെ  ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ് . ജോലിസ്ഥലത്തു സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു  ഡോക്ടര്‍മാര്‍  നിരന്തരം മുറവിളി കൂട്ടുന്നുണ്ടെങ്കിലും രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കു ഒരു കുറവുമില്ല. കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് കഴിഞ്ഞ വന്ദന പരിശീലനത്തിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൌസ് സര്‍ജനായി പ്രവര്‍ത്തിക്കുന്നത്. ആക്രമണം ഉണ്ടായപ്പോള്‍ വന്ദന ഭയന്നു പോയി എന്നാണ് മറ്റു ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം തടയാന്‍ നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നത് പോലെ നിയമം പുസ്തക താളുകളിലാണ്.  ആശുപത്രികളില്‍ സുരക്ഷ ശക്തമാക്കാനും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനുമൊക്കെ തീരുമാനം എടുത്തെങ്കിലും നടപ്പിലായിട്ടിട്ടില്ല. പ്രതി സന്ദീപ് ഡോക്ടറെ കീഴ്‌പ്പെടുത്തിയ ശേഷം പുറത്തു കയറിയിരുന്നു കുത്തുകയാണുണ്ടായതെന്നാണ് സംഭവം കണ്ട  ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *