ഡോക്ടർമാരെ തല്ലാനല്ല , കൊല്ലാനും തുടങ്ങി

” ഉടൻ ഒരാൾ കൊല്ലപ്പെടും. ഒരു പക്ഷേ, അത് ഞാനായിരിക്കും…. ഞാൻ എന്നല്ല, അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യ പ്രവർത്തകയോ കൊല്ലപ്പെടും, അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതം. പലപ്പോഴും തലനാരിഴക്കാണ് മരണം മാറിപ്പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല. ” ഐഎംഎ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം സർക്കാർ ആശുപത്രിയിലെ ഇഎൻടി സർജനുമായ ഡോ . സുൽഫി നൂഹു ഇക്കഴിഞ്ഞ മാർച്ച് 13 നു സമൂഹ മാധ്യമത്തിൽ കുറിച്ചതാണിത്.
ദുരന്ത നിവാരണ വിദഗ്‌ധൻ മുരളി തുമ്മാരുകുടിയും സമാന സ്വഭാവമുള്ള കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കു വെച്ചിരുന്നു. ഏപ്രിൽ ഒന്നിനായിരുന്നു അത്. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ മരണം സംഭവിക്കാതിരുന്നതെന്നും നിശ്ചയമായും അത്തരത്തിൽ ഒരു മരണം ഉണ്ടാകുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.


ഡോ സുൽഫിയും മുരളി തുമ്മാരുകുടിയും പങ്കുവെച്ച ആശങ്ക ഒട്ടും വൈകാതെ യാഥാർഥ്യമായി. അടിപിടിയിൽ പരിക്കേറ്റു ചികിത്സക്കായി പോലീസ് കൊണ്ടുവന്ന ലഹരിക്കടിമയായ അധ്യാപകൻ സന്ദീപിന്റെ കുത്തേറ്റ് കൊട്ടാരക്കര സർക്കാർ ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് മരിച്ച വിവരം കേരളം ഞെട്ടലോടെയാണ് കേട്ടത്. കോട്ടയം മാഞ്ഞൂർ സ്വദേശി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ചികിത്സ നൽകിക്കൊണ്ടിരിക്കെ അതിക്രൂരമായ ആക്രമണത്തിന് ഇരയായാണ്‌ അവർ മരിച്ചത്. ലഹരിക്കടിമയായി അക്രമം കാട്ടിയ ആളെ ചികിത്സക്ക് കൊണ്ടു പോകുമ്പോൾ കയ്യാമം വെക്കണമെന്ന സാമാന്യ ബുദ്ധി പൊലീസിന് ഇല്ലാതെ പോയി. സന്ദീപിന്റെ ആക്രമണത്തിൽ നിന്ന് ഡോക്ടറെ രക്ഷിക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും പോലീസ് വ്യതിചലിച്ചു. ഡോക്ടറെ കൊല ചെയ്യുമ്പോൾ അതിന്റെ കാഴ്ചക്കാരായി പോലീസ് മാറി നിന്നു എന്നാണ് വ്യക്തമാകുന്നത്.


കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി മാർച്ച് 17 നു ഡോക്ടർമാർ പണിമുടക്കിയിരുന്നു. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ഇന്ന് വീണ്ടും ഡോക്ടർമാർക്ക് പണി മുടക്കേണ്ടി വന്നിരിക്കുന്നു. ആക്രമണവും പണിമുടക്കും അങ്ങിനെ കേരളത്തിൽ തുടർകഥ ആവുകയാണ്. സംസ്ഥാനത്തു ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചു നടപ്പാക്കുമെന്ന് ഡോക്ടർമാരുടെ സംഘടനക്ക് സർക്കാർ കൊടുത്ത ഉറപ്പു ഇനിയും പാലിക്കപ്പെട്ടിട്ടില്ല. . മാസത്തിൽ അഞ്ചു ആരോഗ്യ പ്രവർത്തകരെങ്കിലും ആക്രമിക്കപ്പെടുന്ന സംസ്ഥാനത്തെ എന്താണ് വിളിക്കേണ്ടത് ? ഇത് ഖേരളം ആണ് എന്ന തള്ളിനു മാത്രം ഒട്ടും കുറവില്ല.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഏതൊരു സർക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്. അതിൽ സർക്കാർ പരാജയപ്പെടുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ പൗരൻ എന്താണ് ചെയ്യേണ്ടത് ? ഡോക്ടർമാർ സ്വന്തം ചെലവിൽ സുരക്ഷാ ഗാർഡുകളെ വെച്ച് രോഗികളെ കൺസൾട്ട് ചെയ്യേണ്ട സാഹചര്യമാണോ കേരളത്തിൽ വന്നിരിക്കുന്നത് ? മറുപടി പറയേണ്ടത് സർക്കാരാണ്. കാരണം ഇന്നലെ വരെ തല്ലായിരുന്നെങ്കിൽ ഇപ്പോൾ കൊല്ലാൻ തുടങ്ങിയിരിക്കുന്നു. ഡോക്ടർമാർക്ക് നേരെ നടക്കുന്ന ആക്രമണത്തെ കുറിച്ച് നിയമസഭയിലെ ചർച്ചക്കിടയിൽ ഡോക്ടർമാരിൽ തല്ലു കൊള്ളേണ്ടവരുണ്ട് എന്ന കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ ചിരിച്ചു തള്ളിയ ഭരണ – പ്രതിപക്ഷ അംഗങ്ങളും കണ്ണ് തുറക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *