മരുന്നടിച്ച് പല്ലുപോയവരും കിളിപോയവരും ആരൊക്കെ? ‘അമ്മ’ ആ തേങ്ങ ഉടക്കുമോ?

ഒരു കുറ്റകൃത്യം അറിഞ്ഞുകൊണ്ട് മൂടിവെക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. അതിനാൽ ഇത്തരം വെളിപ്പെടുത്തൽ നടത്തിയ നടൻമ്മാരായ ടിനി ടോം, ബാബുരാജ്, അമ്മ ഭാരവാഹികൾ, പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്യേണ്ടത്.

എം റിജു

കോഴിക്കോട്: ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ താരം ആരാണ്, ഇടനിലക്കാരിൽനിന്ന് കിട്ടിയ വിവരം അറിയിച്ച് പൊലീസ് പിന്തുടർന്ന് എത്തിയ പ്രമുഖ നടൻ ആരാണ്? നടൻമാരായ ടിനി ടോമിന്റെയും ബാബുരാജിന്റെയും വെളിപ്പെടുത്തലുകളെ തുടർന്ന് എങ്ങും ചർച്ച അതാണ്. ന്യുജൻ താരങ്ങളിൽ മുൻ നിരയിലുള്ള പലരുടെയും പേരുകൾ പറഞ്ഞുകേൾക്കുന്നു. പക്ഷേ ആരൊക്കെയാണെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. ഇവിടെയാണ് ടിനി ടോമും ബാബുരാജുമൊക്കെ ഇരട്ടത്താപ്പ് കളിക്കുന്നതായി തോന്നുന്നത്. അവർ പേര് പറയാതെ മൊത്തത്തിൽ വെടിവെക്കുമ്പോൾ, അത് സംശയത്തിന്റെ നിഴലിലാക്കുന്നത്, ഒരു വിധത്തിലുള്ള ലഹരിയും ഉപയോഗിക്കാത്തവരെയാണ്.

എത്രയോ കാലമായി കേൾക്കുന്നതാണ് മലയാള സിനിമാ താരങ്ങളുടെ രാസലഹരി ഉപയോഗം. പ്രതിഫലത്തർക്കം വരുമ്പോൾ പോലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭീഷണിപ്പെടുത്തുന്നതാണ് മരുന്നടിക്കുന്നവരുടെ പേര് പുറത്തുവിടുമെന്ന്. ലിസ്റ്റ് താരസംഘടനായ ‘അമ്മ’യുടെ കൈയിലുണ്ടത്രേ. ഇത് കേൾക്കാൻ തുടങ്ങിയിട്ട് എത്രകാലമായി. കേട്ടുമടുത്ത പ്രേക്ഷകർക്ക് ഇപ്പോൾ പറയാനുള്ളത് ‘ആ കലം ഉടക്ക് സ്വാമി’ എന്നാണ്. ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടും എന്ന മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ ലൈനിലാണ് കാര്യങ്ങൾ. എന്നാൽ അത് ആരും തുറന്ന് പറയുന്നുമില്ല.

എന്തുകൊണ്ടാണ് ഇവർ ഇത് തുറന്നുപറയാത്തത്. അതിഗുരുതരമായ ഒരു സാമൂഹിക ആരോഗ്യ പ്രശ്നം മാത്രമല്ല, കടുത്ത നിയമലംഘനം കൂടിയാണത്. ഒരു കുറ്റകൃത്യം അറിഞ്ഞുകൊണ്ട് മൂടിവെക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. അതിനാൽ ഇത്തരം വെളിപ്പെടുത്തൽ നടത്തിയ നടൻമ്മാരായ ടിനി ടോം, ബാബുരാജ്, പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ‘അമ്മ’ ഭാരവാഹികൾ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്യേണ്ടത്്. ഒരു തലമുറയെ മൊത്തമായി നശിപ്പിക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് കൃത്യമായി അറിവുണ്ടായിട്ടും അവർ അത് മറിച്ചുവെക്കുക എന്ന് പറയുന്നത് ഇൗ നാടിനോടും നിയമ വ്യവസ്ഥയോടും ചെയ്യുന്ന അന്യായമാണ്.

ടിനിയും ബാബുരാജും പറഞ്ഞത്

മലയാളം സിനിമയിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ടാണ് മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാത്തതെന്നും നടൻ ടിനി ടോം തുറന്നടിക്കുന്നു. ആലപ്പുഴയിൽ കേരള സർവകലാശാല കലോത്സവ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.”ഒരു വലിയ നടന്റെ മകനായിട്ട് അഭിനയിക്കാൻ എന്റെ കുട്ടിയ്ക്ക് അവസരം ലഭിച്ചു. എന്റെ ഭാര്യ പറഞ്ഞു വിടാൻ പറ്റില്ലെന്ന്, ഭയം മയക്കുമരുന്ന് തന്നെയാണ്. സിനിമയെന്ന് പറഞ്ഞാൽ ഇവിടെ കച്ചവടം നടത്തുന്നതെന്നുമല്ല, അവനെ വിട്ടെന്ന് വിചാരിച്ച കുഴപ്പമില്ല. പക്ഷെ, 17ഉം 18ഉം വയസ്സിലാണ് ഏറ്റവും കൂടുതൽ വഴിതെറ്റുന്നത്, എനിക്ക് ആകെയുള്ളത് ഒരു മകനാണ്” ടിനി ടോം പറഞ്ഞു.

തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിലേക്ക് നയിച്ചെന്നും ടിനി ടോം പറഞ്ഞതായി മാതൃഭൂമി ന്യുസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലഹരി ഉപയോഗിക്കുമ്പോൾ താൻ നല്ലവണ്ണം അഭിനയിക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറയുന്നതായി ആ നടൻ തന്നോട് പറഞ്ഞെന്നും ടിനി ടോം കൂട്ടിച്ചേർത്തു. നടന്റെ പേര് ടിനി ടോം വ്യക്തമാക്കിയില്ല. താനും ഒരു കാലത്ത് ലഹരി ഉപയോഗിച്ചിരുന്നതായി ടിനി ടോം പറഞ്ഞു.

ഒരു പ്രമുഖ നടന്റെ വണ്ടി എക്സൈസ് നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടൻ ബാബുരാജ് ഒരു അഭിമുഖത്തിൽ പറയുന്നത്. ”ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോൾ. സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടത്തും ഇപ്പോൾ ലഹരി നിറയുകയാണ്. ഇൗ സാഹചര്യത്തിൽ സിനിമാ സംഘടനകളുടെയും പൊലീസിന്റെയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവൻ ലിസ്റ്റും കിട്ടിയിട്ടുണ്ട്. എന്നാൽ ലഹരി ഇടപാട് നടത്തുന്നവരും അതിൽ പിടിക്കപ്പെടുന്നവരും ഇത് ആർക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും. ഞങ്ങളുടെ അമ്മ സംഘടനയുടെ ഒാഫിസിൽ ഇതിന്റെ ലിസ്റ്റ് ഉണ്ട്. ഇതിന്റെ വിവരങ്ങളെല്ലാം ഞങ്ങൾക്ക് അവർ വളരെ കൃത്യമായി അയച്ചു തരുന്നുമുണ്ട്.

ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ട ഒരാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് എത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകിൽ ആയിരുന്നു. ഒരു പക്ഷെ അന്ന് അവർ ആ വണ്ടി നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ മേഖല പിന്നെ ഇല്ല. അതെല്ലാം വളരെ നഗ്നമായ സത്യങ്ങളാണ്.

പണ്ടെല്ലാം ഇത് കുറച്ച് രഹസ്യമായാണ് ചെയ്തു കൊണ്ടിരുന്നത്. ഇതിനെല്ലാം ഒരു മറവൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ മറവ് മാറുകയും പരസ്യമായി ചെയ്യാനും തുടങ്ങി. ലഹരി വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല. ജോലി സ്ഥലത്ത് ഉപയോഗിക്കുന്നത് പ്രശ്നമാണ്. ജോലി കഴിഞ്ഞ് പോയിട്ട് ഇഷ്ടം പോലെ ചെയ്തോളു”.ബാബുരാജ് പറഞ്ഞു.

നിഷേധിച്ച് ‘അമ്മ’

നോക്കുക, ജോലിസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിലേ ബാബുരാജിന് പ്രശ്നമുള്ളൂ. ഇത് ഒരു കുറ്റകൃത്യമാണെന്നും ലഹരി ഉപയോഗിക്കുന്നവരെ എത്രയെ പെട്ടെന്ന് അതിൽനിന്ന് മോചിപ്പിക്കാനുള്ള നീക്കം നടത്തണമെന്ന ബോധം അദ്ദേഹത്തിനില്ല.
എന്നാൽ ബാബുരാജിനെ ഉടൻ തന്നെ ‘അമ്മ’ ഭാരവാഹികൾ തള്ളകയും ചെയ്തു. തന്റെ കൈയിൽ ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ്് ഒന്നുമില്ലെന്നാണ് ‘അമ്മ’യുടെ വക്താവ് ഇടവേള ബാബു പറയുന്നത്.

”എന്റെ കൈയിൽ പട്ടികയൊന്നും ഇല്ല. നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിയും നൽകിയിട്ടില്ല. ‘അമ്മ’യിലും ഇത് ചർച്ചയായിട്ടില്ല. പക്ഷേ, സിനിമയിൽ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സർക്കാർ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോൾ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കർശനപരിശോധനയുണ്ടാകും” ഇടവേള ബാബു പറഞ്ഞു.

അതേ, ഒരു ടോം ആൻഡ് ജെറി കഥപോലെ ആവുകയാണ് മലയാള സിനിമയുടെ ലഹരി ഉപയോഗം. അങ്ങനെ ഉണ്ട് എന്ന് പറയുന്ന ആരും അതിന് തെളിവ് നൽകുന്നില്ല. ലോകവസാനംവരെ ഒരു ബ്ലാക്ക്മെയിലിങ്ങ് എന്ന നിലയിൽ ഇത് കൊണ്ടുപോവാൻ കഴിയുമെന്നാണോ ഇവർ കരുതുന്നത്്. ഇവിടെയാണ് പൊലീസും എക്സൈസും ഇടപടേണ്ടത്. ഇങ്ങിനെ ലഹരി മാഫിയ എന്ന് വിളിച്ചു പറയുന്നവരെ പിടികുടി ചോദ്യം ചെയ്യുക. അപ്പോൾ എല്ലാവിവരവും പുറത്താവും.അങ്ങിയാവട്ടെ മലയാള സിന്ിമയുടെ ലഹരി ഉപയോഗത്തിന്റെ അവസാനം.

Leave a Reply

Your email address will not be published. Required fields are marked *