‘ദ കേരള സ്റ്റോറി’; മലപോലെവന്നത് എലിയാവുമ്പോൾ

ഒരു ചലച്ചിത്രത്തിന്റെ മൂഡ് അല്ല, വെറും ഡോക്യൂമെന്ററിയുടെ സ്വഭാവമാണ് പലപ്പോഴും ദ കേരള സ്റ്റോറി ചിത്രം പ്രകടിപ്പിക്കുന്നത്. പലയിടത്തും സമാന്യം നന്നായി ബോറടിക്കുന്നുമുണ്ട്. തിരക്കഥ എവിടെയും എത്തിയിട്ടില്ല. പ്രോപ്പഗാൻഡ മൂവി എന്നല്ല ഒരു പൊട്ട മൂവി എന്നാണ് ഇൗ പടത്തെ വിശേഷിപ്പിക്കേണ്ടത്.

എം റിജു

മലപോലെ വന്നത് എലിപോലെയാവുക. വിവാദ കൊടുങ്കാറ്റുയർത്തിയ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ഒരു ചലച്ചിത്രത്തിന്റെ മൂഡ് അല്ല, വെറും ഡോക്യൂമെന്ററിയുടെ സ്വഭാവമാണ് പലപ്പോഴും ചിത്രം പ്രകടിപ്പിക്കുന്നത്. പലയിടത്തും സമാന്യം നന്നായി ബോറടിക്കുന്നുമുണ്ട്. തിരക്കഥ എവിടെയും എത്തിയിട്ടില്ല. പ്രോപ്പഗാൻഡ മൂവി എന്നല്ല ഒരു പൊട്ട മൂവി എന്നാണ് ഇൗ പടത്തെ വിശേഷിപ്പിക്കേണ്ടത്.

സത്യത്തിൽ കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾക്ക് അറിയാം, ഇൗ പടം സമാന്യം തല്ലിപ്പൊളിയാണെന്നന്ന്. അതിനാൽ അവർ ഇറക്കിയ ഒരു തരികിട നമ്പർ ആയിരിക്കണം വിവാദം. ടീസറിൽ 32,000 പേർ കേരളത്തിൽനിന്ന് എ.എസിൽ പോയി എന്ന് അവർ വിവാദത്തിനായി ബോധപൂർവം കൈയിൽനിന്ന് ഇട്ടതാവണം. അതോടെ ഇവിടെ ബഹളമായി. മുഖ്യമന്ത്രി മുതൽ സാംസ്ക്കാരിക നായകർവരെ ഇളകി. അതോടെ ഇൗ പൊട്ടപ്പടം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പാളിപ്പോയ തിരക്കഥ

സുദീപ്തോ സെൻ സംവിധാനം ചെയ്തിരിക്കുന്ന ദ കേരള സ്റ്റോറി ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയതെങ്കിലും അതിനെ ശക്തിപ്പെടുത്താൻ തിരക്കഥയ്ക്ക് കഴിഞ്ഞില്ല. കാസർകോടുള്ള നഴ്സിംഗ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെൺകുട്ടികളെ ഒരു സംഘം ബ്രെയിൻവാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മത പരിവർത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ ചോദ്യം ചെയ്യുന്നതായ രംഗത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത് . അഫ്ഗാൻ അതിർത്തിയാണ് പശ്ചാത്തലം. ശാലിനി എന്ന താൻ എങ്ങനെ ഫാത്തിമ ആയെന്നും, എങ്ങിനെയാണ് അവിടെയെത്തിയതെന്നും അവൾ വിശദമാക്കുന്നു. ശാലിനിയുടേയും കൂട്ടുകാരികളുടേയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും, അവൾ അഫ്ഗാനിസ്ഥാനിൽ എത്തിയ ശേഷം നടന്നതും, ചോദ്യം ചെയ്യൽ രംഗങ്ങളും ഇടകലർത്തിയാണ് ചിത്രത്തിന്റെ അവതരണം.

കഥാഗതി പൂർണ്ണമായും ഉൗഹിക്കാനാകുമെങ്കിലും, നമ്മൾ വാർത്തകളിലൂടെ മാത്രം കേട്ടിട്ടുള്ള കാര്യങ്ങൾ എങ്ങിനെയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. പക്ഷെ, നിരാശയാണ് ചിത്രം സമ്മാനിച്ചത്. വിഷയത്തെക്കുറിച്ച് പ്രേക്ഷകരേക്കാൾ അറിവൊന്നും സംവിധായകന് ഉണ്ടായിരുന്നില്ല. ചിത്രത്തിനായി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, അതിന്റെ ഫലമൊന്നും തിരക്കഥയിൽ കാണാനില്ല. കേന്ദ്ര കഥാപാത്രമായ ശാലിനിയോട് പോലും കാണികൾക്ക് കണക്ഷൻ ഉണ്ടാകാൻ പ്രയാസമാണ്.

സത്യത്തിൽ എടുത്ത് ചീത്തയാക്കിയ ചിത്രമാണ് കേരള സ്റ്റോറി. പ്രണയവും, മതംമാറ്റവും, എെ എസി ലേക്കുള്ള യാത്രയും, അഫ്ഗാൻ ജയിലും, സിറിയയിലെ യുദ്ധവും, അവിടെയുണ്ടായ ലൈംഗിക അതിക്രമണങ്ങളും, ഭർത്താക്കൻമ്മാരുടെ മരണവും അടക്കം എന്തെല്ലാം സംഭവങ്ങൾ പറയാനുണ്ടായിരുന്നു. എെ.എസിലെത്തിപ്പെട്ടാൽ പിന്നെ ഒരാളുടെ ഭാര്യ എല്ലാവരുടെയും ഭാര്യയാണെന്നും, തങ്ങളെ ലൈംഗിക അടിമകൾ ആയി ഉപയോഗിക്കയാണെന്നും ഇവിടെനിന്ന് രക്ഷപ്പെട്ട പലരും പറഞ്ഞിരുന്നു. ഇന്ന് ലോകത്തിന്റെ നൊമ്പരമാണ് എെ .എസ് വിധവകൾ. കേരളത്തിൽനിന്ന് പോയ നിമിഷ ഫാത്തിമ അടക്കമുള്ളവർ ഇന്നും അഫ്ഗാൻ ജയിലിലാണ്. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉണ്ടായപ്പോൾ ഒക്കെ വൻ പ്രതിഷേധമാണ് രൂപപ്പെട്ടത്. ആ രീതിയിലുള്ള ഒരു കഥ ഡെവലപ്പ് ചെയാൽ അത് ഉള്ളുലക്കുന്ന ഒരു ചലച്ചിത്ര അനുഭവം ആവുകമായിരുന്നു.

മലയാളം വാക്കുകൾ അരോചകം

ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദാനി, പ്രണയ് പച്ചോരി, പ്രണവ് മിശ്ര, വിജയ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ഡ്രാമ ചിത്രമായതിനാൽ തന്നെ അഭിനയത്തിനുള്ള സാധ്യതകൾ ഏറെയുണ്ടായിരുന്നു, പക്ഷേ ശരാശരിയിൽ കൂടുതലായ പ്രകടനങ്ങളൊന്നും കാണാനായില്ല. ശാലിനിയെ അവതരിപ്പിച്ച ആദാ, നിമയായി എത്തിയ യോഗിത, ഗീതാഞ്ജലിയെ അവതരിപ്പിച്ച സിദ്ധി, ആസിഫയായി വേഷമിട്ട സോണിയ എന്നിവരൊക്കെ തിരക്കഥയ്ക്ക് അനുസരിച്ച് അവരുടെ ജോലി ചെയ്തിട്ടുണ്ട് അത്രമാത്രം. മലയാളി കഥാപാത്രങ്ങളായി സിദ്ധിയും, യോഗിതയും ചേർന്നുപോയെങ്കിലും നായികയായ ആദാ ശർമ്മയ്ക്ക് തന്റെ കഥാപാത്രം ഒരു കൈ അകലത്തായിരുന്നു. പ്രണയ് പച്ചോരി, പ്രണവ് മിശ്ര, വിജയ് കൃഷ്ണ തുടങ്ങിയവരുടെ കാര്യമെടുത്താൽ അവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയെന്ന് പറയാം.

സംഗീതവും, ഛായാഗ്രഹണവും മാത്രമാണ് ചിത്രത്തിൽ ആശ്വാസമേകിയ ഘടകങ്ങളായി അടയാളപ്പെടുത്താനാകുന്നത്. അഫ്ഗാൻ രംഗങ്ങളിലും, നിർണ്ണായകമായ മറ്റ് രംഗങ്ങളിലും പശ്ചാത്തല സംഗീതം കരുത്തറിയിച്ചു. വിഷയത്തിന് അനുസരിച്ചുള്ള ഗൗരവം തിരക്കഥയിൽ ഇല്ലാതിരുന്നതാണ് പ്രധാന പ്രശ്നം. അതിനൊപ്പം ചേർക്കാവുന്ന മറ്റൊന്നാണ് സംഭാഷണം. ചിത്രത്തെ തളർത്തിയ ഘടകങ്ങളിൽ അതും ഉൾപ്പെടുന്നു. കഥാപാത്രങ്ങൾ മലയാളികളാണ്, കഥാപശ്ചാത്തലം കേരളമാണ് എന്നീ കാര്യങ്ങൾ ഒാർമ്മിപ്പിക്കാനായി മലയാളം വാക്കുകൾ തിരുകിക്കയറ്റിയ സംഭാഷണങ്ങൾ വളരെ അരോചകമായി. പോരാത്തതിന് മലയാളം പറയിപ്പിച്ചിട്ട് അത് ഹിന്ദിയിലേക്കോ ഇംഗ്ലീഷിലേക്കോ തർജ്ജമ ചെയ്ത് അടുത്ത വരിയായി വീണ്ടും ആവർത്തിക്കുന്നുണ്ട്! അഭിനേതാക്കൾക്ക് മലയാളം വ്യക്തമായി പറയാനാകാത്തതും കല്ലുകടിയായി.

കാശ്മീർ ഫയൽസ് എത്ര മുകളിൽ

ഇനി കാശ്മീർ ഫയൽസിനോട് ചിത്രത്തെ താരതമ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്. ഒന്നാമത് കാശ്മീർ ഫയൽസ് ഒരു പ്രൊപ്പഗൻഡ സിനിമയാണെന്നതിനോട് ്യോജിപ്പില്ല. കാശ്മീർ പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരതകൾ വളരെ കൃത്യമായാണ് അതിൽ പറയുന്നത്. അവസാനം ഒരോരുത്തരെയായി ഭീകരർ വെടിവെച്ച് ശവക്കുഴിയിലേക്ക് ഇടുന്നത് കണ്ടാൽ നടുങ്ങിപ്പോകും.

ഇതൊക്കെ കാശ്മീരിൽ നടന്നതുതന്നെയാണ്. കരാട്ടെ ബിട്ട എന്ന ഭീകരന്റെ അഭിമുഖമൊക്കെ ഇപ്പോഴും യുട്യൂബിൽ കിടക്കുന്നുണ്ട്. വെറുതെ കറങ്ങി നടക്കുമ്പോൾ പോലും ഞാൻ കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ച് കൊല്ലുമെന്നാണ് ബിട്ട പറയുന്നത്. ഭർത്താവിനെ വെടിവെച്ച് കൊന്നിട്ട്, ആ രക്തം ഒഴുകിയെത്തിയ അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്നത് അടക്കമുള്ള കാശ്മീർ ഭീകരരുടെ കൊടും ക്രൂരതകൾ ചിത്രം പറയുന്നത്് ഒന്നും കെട്ടുകഥ ആയിരുന്നില്ല. ഇന്നും അഭയാർത്ഥികളായി ഡൽഹിയിൽ കഴിയുന്ന പണ്ഡിറ്റുകൾ അതിന് ഉത്തരം നൽകും.

കാശ്മീർ ഫയൽസുമായി തട്ടിച്ചുനോക്കുമ്പോൾ, ‘ദ കേരള സ്റ്റോറി’ക്കുള്ള പ്രധാന പ്രശ്നം, ഒരു അത് സിനിമാറ്റിക്ക് അല്ല എന്നതാണ്. കാശ്മീർ ഫയൽസ് ഒരു ത്രില്ലർപോലെ ഒഴുകിപ്പോവുന്ന സിനിമയാണ്. ഇടതുബുദ്ധിജീവികളെ പരിഹസിക്കാനായി ഉള്ള ഡിബേറ്റ് സെഷൻ മാത്രമാണ്, ചിത്രത്തിൽ അൽപ്പം കല്ലുകടിയായി തോന്നുന്നത്. പക്ഷേ ദ കേരള സ്റ്റോറിക്ക് ആ രീതിയിലുള്ള ഒരു സിനിമാറ്റിക്ക് അനുഭവം സമ്മാനിക്കാൻ ആവുന്നില്ല. മേക്കിങ്ങിലും തിരക്കഥയിലും ചിത്രം, പൂർണ്ണമായും പാളിയെന്ന് പറയാം.

എന്തിനായിരുന്നു ഇൗ ബഹളം?

പക്ഷെ എന്തിനായിരുന്നു ഇൗ സിനിമയെക്കുറിച്ച് ഇത്രമാത്രം ബഹളം ഉണ്ടാക്കിയത് എന്ന് മനസ്സിലാവുന്നില്ല. ഇത്രയും ദുർബലമായ ഒരു സിനിമക്ക് എങ്ങനെയാണ്, കേരളത്തിന്റെ മതേതരത്വം തകർക്കാൻ കഴിയുക. കേരളാ സ്റ്റോറി പ്രദർശനം തടയണം എന്ന് പറയുന്നത് ശരിക്കും ഫാസിസമാണ്. കേരളത്തിൽ ആവിഷ്ക്കാര സ്വതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന ആളുകൾ ഒക്കെയും, ഇൗ രീതിയിൽ പെറുമാറുന്നത് ബാലിശമാണ്.

ഇനി കേരള സ്റ്റോറി എന്ന സിനിമ ഒരു പ്രൊപ്പഗാൻഡ് സിനിമയാണോ എന്ന് നോക്കാം. ഒരിക്കലും അല്ല എന്നാണ് ചിത്രം കണ്ടാൽ മനസ്സിലാവുക. കേരളത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ചിത്രം പറയുന്നത്. ഇന്ന് പ്രചരിപ്പിക്കുന്നപോലെ മൂന്നോ നാലോ പേർ മാത്രമല്ല കേരളത്തിൽനിന്ന് എെ എസ്സിൽ പോയത്. 2013 മുതൽ 17വരെയുള്ള കാലഘട്ടത്തിൽ നുറോളം പേർ, കേരളത്തിൽനിന്ന് നേരിട്ട് സിറിയയിൽ എത്തിയിട്ടുണ്ട്. കാസർകോടും, കണ്ണുരുമുള്ള പല കുടുംബങ്ങളെ ഒന്നടങ്കം കാണാതായിരുന്നു. മുസ്ലീലീഗ് തൊട്ട് സമസ്തവരെയുള്ള സംഘടനകൾ ഇൗ വിപത്തിനെതിരെ കാമ്പയിൻ നടത്തിയിരുന്നു. യഥാർത്ഥത്തിൽ കേരളത്തിൽ മുസ്ലീം സമുദായത്തിൽ വർധിച്ചുവരുന്ന മുജാഹിദ്വത്ക്കരണത്തെയാണ് അവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സാക്കിർ നായിക്ക് മുതൽ എം എം അക്ബർവരെയുള്ളവർ എെ എസ് റിക്രൂട്ട്മെന്റിന്റെ പേരിൽ പ്രതികൂട്ടിൽ ആയിരുന്നു. പക്ഷേ ഇൗ പടം കമ്യുണിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത്. മതം മാറ്റം നടന്ന വീടിന്റെ ചിത്രങ്ങളിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ പടം കാണാം. മതം മാറാത്തതിന്റെ പേരിൽ ഒരു വീട് അഗ്നിക്കിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്. ഇതൊന്നും ഒരിക്കലും കേരളത്തിൽ സംഭവിക്കാത്തതാണ്. കാശ്മീർ ഫയൽസിൽ ഒരിടത്തും, ഇതുപോലെ വസ്തുതാവിരുദ്ധമായ സംഭവങ്ങൾ ചിത്രീകരിച്ചിട്ടില്ല. കാശ്മീർ ഫയൽസിൽ കാണിച്ച ഒാരോ കൂട്ടക്കൊലയും ഏതൊക്കെ സ്ഥലത്താണ് സംഭവിച്ചത് എന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് കൃത്യമായി പറയാൻ കഴിയുന്നുണ്ട്.

അതുപോലെ ചില ഡയലോഗുകളും തീർത്തും മോശമാണ്. ‘ദൈവത്തിന്റെ സ്വന്തം നാട് ഒരു ടൈം ബോംബിന് മുകളിലാണ്, അതിനെ രക്ഷിക്കൂ’ എന്നതടക്കമുള്ള സംഭാഷണങ്ങളോടും നിക്ഷ്പക്ഷ മലയാളിക്ക് യോജിക്കാനാകില്ല. ചുരുക്കത്തിൽ പറഞ്ഞാൽ വാർത്തകളിലൂടെ മാത്രം കേരളത്തെ അറിഞ്ഞിട്ടുള്ള ഉത്തരേന്ത്യക്കാരുടെ വീക്ഷണമാണ് കേരള സ്റ്റോറിയിൽ കാണാനായത്. എന്നുവെച്ച് ഇൗ ചിത്രത്തെ നിരോധിക്കണമെന്നും, തിയറ്റർ കൊടുക്കാതെ മാറ്റിനിർത്തപ്പെടണം എന്ന അഭിപ്രായമില്ല. കേരളാ സ്റ്റോറി എന്ന സിനിമ എടുക്കാനുള്ള സ്വതന്ത്ര്യം അവർക്കുള്ളതുപോലെ അതിനെ വിമർശിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ഒരു മോശം സിനിമ എന്നല്ലാതെ, ഒരു പ്രൊപ്പഗാൻഡ മൂവി എന്നനിലയിൽ കാണാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *