മേക്കിങ്ങ് ഉജ്ജ്വലം; പക്ഷേ പൊളിറ്റിക്സ് കേരളാവിരുദ്ധമോ?

തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തെ ഉടനീളം മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ സമഗ്രതയിൽ അനുഭവിപ്പിക്കാതെ ഏതാനും ജില്ലകളിലെ കുറച്ചു ഭാഗങ്ങളിലെ കുറച്ചു മനുഷ്യരെ മാത്രം ബാധിച്ച ഒരു ഇഷ്യു ആയിട്ടാണ് സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ പറയുന്നപോലെ ഏതോ പള്ളീലച്ചൻ പറഞ്ഞയച്ച നാലേനാല് വള്ളക്കാർ ആയിരുന്നില്ല 2018ൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

എം റിജു

എതാണ്ട് ഹോളിവുഡ് നിലവാരത്തിലുള്ള ദൃശ്യങ്ങളുമായി ഒരു മലയാള സിനിമ! അതാണ് ജൂഡ് ആന്റണി ജോസഫിന്റെ 2018 എന്ന പടം. ഒറ്റവാക്കിൽ പറഞ്ഞാൽ പൊളിച്ചുവെന്നേ പറയാൻ കഴിയൂ. അടുത്തകാലത്തൊന്നും ഇത്രയും ഗംഭീരമായ മേക്കിങ്ങുള്ള ഒരു പടം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം. 2018 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് പറയാൻ ഒരുപാടുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ വലിയൊരു വിപത്തിന്റെ ഒാർമ പുതുക്കൽ എന്നപോലെ മലയാളികളുടെ കണ്ണും മനസ്സും നിറഞ്ഞു കവിയുകയാണ്.

പ്രളയത്തെ ചുറ്റിപറ്റിയുള്ള ഡോക്യുമെന്റേഷൻ തന്നെയാണ് സർവൈവൽ ത്രില്ലർ മോഡിൽ എടുത്ത ഇൗ സിനിമ ചെയ്യുന്നത്. 2018 ഒാഗസ്റ്റ് 9 മുതലുള്ള കുറച്ചു ദിവസങ്ങളിൽ ഇവിടെ നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിനിമ മുന്നോട്ട് നീങ്ങുന്നു.കടൽ, മഴ, പ്രളയം, ഷട്ടർ തുറക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗ്രാഫിക്സിനെ, ശബ്ദവിന്യസത്തെ, വി എഫ് എക്സിനെ ഒക്കെ സിനിമ നന്നായി തന്നെ ഉപയോഗിക്കുന്നു. ‘വെള്ളപ്പൊക്കത്തെ വലിയ സ്ക്രീനിൽ അനുഭവിപ്പിക്കാൻ’ ചിത്രത്തിന് കഴിയുന്നുണ്ട്. മഴ നിറയുന്നത് പ്രളയം പടരുന്നത് ഒക്കെ കാണുന്നവരിലേക്ക് അതേ വികാരത്തെ എത്തിക്കുന്നു.

രക്ഷാ ക്യാമ്പുകൾ, കളക്ഷൻ സെന്ററുകൾ, സന്നദ്ധ പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, സമൂഹ മാധ്യമ കൂട്ടായ്മകൾ തുടങ്ങി പ്രളയകാലത്തെ അനുഭവങ്ങൾ സിനിമയിൽ എത്തുന്നുണ്ട്. ഗർഭിണിയെ എയർലിഫ്റ്റ് ചെയ്യുന്നതടക്കം പലതും യഥാർത്ഥ സംഭവങ്ങളിൽ നിന്ന് നേരിട്ട് തന്നെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ചിത്രീകരിച്ചവയാണ്. അവയെ സിനിമാറ്റിക്ക് ആയി തന്നെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
സർവ്വവൈവൽ ത്രില്ലർ എന്ന വിഭാഗത്തിൽ പൊതുവെ മലയാളത്തിൽ രണ്ട് തരത്തിലാണ് നിർമ്മിക്കപ്പെടാറുള്ളത്. ത്രില്ലിംഗ് ആയും വൈകാരികമായും. ‘2018’ പൂർണമായും വൈകാരികമായി നിർമിച്ച സിനിമയാണ്.

ഒരു നാടിന്റെ കഥ; നായകനില്ല

ഇൗ സിനിമക്ക് പൊതുവേ നായകനില്ലെന്നും ഒരു നാടിന്റെ കഥയാണെന്നും പറയാം. പേടി കാരണം പട്ടാളത്തിൽ നിന്ന് ഒാടിപ്പോന്ന ചെറുപ്പക്കാരനാണ് അനൂപ് ( ചിത്രത്തിൽ ടൊവിനോ) അന്ധനായ ദാസേട്ടന്റെ കടയിലെ സഹായിയായി കൂടിയ അനൂപിന്റെ ലക്ഷ്യം കടൽ കടക്കുകയാണ്. അപ്പനും ചേട്ടനും കടലിന്റെ മക്കളാണെങ്കിലും മൽസ്യത്തൊഴിലാളിയാകാൻ നിക്സൺ ( ആസിഫലി) ആഗ്രഹിച്ചില്ല. ഒരു സൂപ്പർ മോഡലാകണം എന്ന ലക്ഷ്യത്തോടെ വാതിലുകൾ മുട്ടുന്ന നിക്സന് കുലത്തൊഴിലിനോട് പരമപുച്ഛമാണ്. കളക്ട്രേറ്റിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ ഭാര്യയോടും മകളോടുമുള്ള കടമകൾ പലപ്പോഴും ഷാജിക്ക് ( കുഞ്ചാക്കോ ബോബൻ) മറക്കേണ്ടിവരുന്നു. മത്സ്യത്തൊഴിലാളികളുടെ ചങ്കിലെ പെടപ്പാണ് എന്തിനും ഏതിനും കൂടെ നിൽക്കുന്ന മാത്തച്ചനും ( ലാൽ) വിൻസ്റ്റനും ( നരേൻ). അങ്ങനെ പോവുന്ന കഥ.

ആദ്യം ചിത്രത്തിലെ പോസീറ്റീവുകളെ കുറിച്ച് പറയാം. അണ്ടർ വാട്ടർ സീനുകൾ , കടലിലെ സീനുകൾ ഇവ ഒന്നാം ക്ലാസ് എന്നു തന്നെ പറയാം. സുധീഷിന്റെ കുടുംബം രക്ഷപെടാനായി നടത്തുന്ന ശ്രമങ്ങൾ നന്നായിട്ടുണ്ട്. പക്ഷേ
ഇതിൽ ഏറ്റവും പോരായ്മയായി തോന്നിയത് സംഭാഷണങ്ങളിലെ നാടകീയതയാണ്. അഭിനേതാക്കളിൽ പലരും അഭിനയിക്കാനായി അഭിനയിക്കുക എന്ന രീതിയാണ് ചിത്രത്തിൽ എമ്പാടും കാണാൻ കഴിയുക. പ്രെഡിക്റ്റബിൾ എന്ന് പറഞ്ഞാൽ അതിന് ഉത്തമ ഉദാഹരണമാണ് ഇൗ ചിത്രം . ഇതിലെ ട്വിസ്റ്റുകൾ എന്ന് പറഞ്ഞ അവതരിപ്പിക്കുന്നതെല്ലാം നമ്മൾ പ്രതീക്ഷിക്കുന്നതു തന്നെയാണ്. പലയിടത്തും, അതി നാടകീയത, അമിതാഭിനയം ഇവ കടുന്നുവരുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും ലോറിയോടിച്ച് വരുന്ന തമിഴ് കഥാപാത്രം ഒക്കെ സ്കൂൾ നാടകത്തിലെ കഥാപാത്രത്തിന് സ്വന്തമാണ്.

പക്ഷേ മൊത്തത്തിൽ എല്ലാ കഥാപാത്രങ്ങളുടെയും നിലവാരം എടുക്കുമ്പോൾ, സിനിമക്ക് ഒരു ഫീൽഗുഡ് മൂഡ് നിലനിർത്താനായിട്ടുണ്ട്. പ്രളയവും അണ്ടർ വാട്ടർ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും പ്രാണഭീതി നിറഞ്ഞ നിലവിളികളും അതിജീവനവും എല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. യഥാർഥ വെള്ളപ്പൊക്കം അതുപോലെ തന്നെ സംവിധായകൻ സിനിമയ്ക്കായി സെറ്റിട്ട് സൃഷ്ടിക്കുകയായിരുന്നു. പാട്ടുകളും ബിജിഎമ്മും ഇമോഷനൽ ഫീൽ നിലനിർത്തി സിനിമയുടെ നട്ടെല്ലായി മാറി. ഒരു ദുരന്തകാലം ഒപ്പിയെടുത്ത് വീണ്ടും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയതിൽ അഖിൽ ജോർജിന്റെ ഛായാഗ്രഹണം കയ്യടിയർഹിക്കുന്നു.

കേരളാവിരുദ്ധ സിനിമയോ?

സിനിമയുടെ നെഗറ്റീവ് കിടക്കുന്നത് സ്ക്രിപ്റ്റിങ്ങിന്റെ ചില ഭാഗത്താണ്. തിരുവനന്തപുരം മുതൽ കാസർകോട്് വരെ കേരളത്തെ ഉടനീളം മുക്കിക്കളഞ്ഞ 2018ലെ പ്രളയത്തെ സമഗ്രതയിൽ അനുഭവിപ്പിക്കാതെ ഏതാനും ജില്ലകളിലെ കുറച്ചു ഭാഗങ്ങളിലെ കുറച്ചു മനുഷ്യരെ മാത്രം ബാധിച്ച ഒരു ഇഷ്യു ആയിട്ടാണ് സ്ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നത്. സംവിധായകന്റെ കൃത്യമായ രാഷ്ട്രീയം ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ.

പ്രളയം മറ്റെല്ലാവരെയും പോലെ ബാധിക്കുകയും ഒരുപക്ഷേ മറ്റ് വിഭാഗങ്ങളെക്കാൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്ത മുസ്ലീം വിഭാഗത്തെ 2018ൽ നിന്നും പാടെ തമസ്കരിച്ചതായി പരാതിയുണ്ട്. ചിത്രത്തിൽ പറയുന്നപോലെ ഏതോ പള്ളീലച്ചൻ പറഞ്ഞയച്ച നാലേനാല് വള്ളക്കാർ ആയിരുന്നില്ല 2018ൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.. ‘കേരളത്തിന്റെ സൈന്യം’ എന്ന് ആദരവോടെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി അഭ്യർഥിച്ചതിൻ പ്രകാരം വളളവുമായി കുതിച്ചെത്തിയ ജാതിവ്യത്യാസമില്ലാത്ത നൂറുകണക്കിന് ധീരന്മാരായിരുന്നു.

അതുപോലെ, കേരളാമുഖ്യമന്ത്രിയുടെ ഇൗ വിഷയത്തിലെ ഇടപെടലും ചിത്രത്തിൽ കാണിക്കുന്നില്ല. അന്ന് പിണറായി വിജയന്റെ സൈ്ഥര്യം ഏറെ പ്രശംസിക്കപ്പെട്ടതാണ്. പക്ഷെ ജനാർദ്ദനായി വരുന്ന മുഖ്യമന്ത്രി ഒരു സീനിൽ മാത്രമാണ് വരുന്നത്. (ആഷിക് അബു നിപ്പ ദുരന്തത്തെക്കുറിച്ച് എടുത്ത വൈറസ് എന്ന സിനിമയിൽ ആരോഗ്യമന്ത്രി ശൈലജടീച്ചറെ, നടി രേവതി, ദുർബലമായാണ് അവതരിപ്പിച്ചതും എന്നത് മറക്കരുത്) അതുപോലെ ഡാം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം എന്ന ചില വാട്സാപ്പ് ധാരണകളെ ചിത്രം ബലപ്പെടുത്തുന്നതുപോലെ തോനുന്നു.

ഇൗ തകർന്ന് തരിപ്പണമായ കേരളത്തെ കെട്ടിപ്പടുക്കാൻ ചുരുങ്ങിയത് ഇരുപതുകൊല്ലമെങ്കിലും വേണ്ടിവരും എന്നായിരുന്നു അന്ന് ചാനൽ ചർച്ചകളിൽ മുഴുവൻ കേട്ടിരുന്നത്. 5കൊല്ലം പോലും തികഞ്ഞിട്ടില്ല, കേരളം റിക്കവർ ആയി എന്നോർക്കണം. ഇത് ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യവും ആർജവവും തന്നെയാണ് അത്. ആ ഒരു ആംഗിളിൽനിന്ന് നോക്കുമ്പോൾ ഒരു സർക്കാർ വിരുദ്ധ കേരളാ വിരുദ്ധ സിനിമയായാണ് ഇതെന്ന് പറയുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.

പക്ഷേ അത് സംവിധായകന്റെ ആവിഷ്ക്കാര സ്വതന്ത്ര്യമാണ്. അതിനെ നമുക്ക് വിമർശിക്കാമെങ്കിലും അങ്ങനെ ചെയ്യണം എന്ന് ശഠിക്കാൻ കഴിയില്ല. പക്ഷേ എന്തെല്ലാം കുറുവുകൾ ഉണ്ടെങ്കിലും, തീയേറ്ററുകളെ നിറയ്ക്കാൻ ഇൗ സിനമക്ക് കഴിഞ്ഞു എന്നതുതന്നെ വലിയ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *