അവൾ ആറാഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും; ട്വിറ്ററിനു  പുതിയ സിഇഒ

ട്വിറ്ററിനു  പുതിയ സി ഇഒ യെ കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക്. വ്യക്തിയുടെ പേര് പറയാതെയാണ് മസ്‌കിന്റെ പ്രഖ്യാപനം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് പറഞ്ഞു. ‘ട്വിറ്ററിനു  പുതിയ സിഇഒയെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവർ ആറാഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും’ മസ്‌ക് ഒരു ട്വീറ്റില്‍ പറഞ്ഞു’.
തന്റെ പിന്‍ഗാമിയായി അദ്ദേഹം ആരെയാണ് തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ടെക്, മീഡിയ ഇന്‍സൈഡര്‍മാര്‍ക്കിടയിലും ടെക് ജീവനക്കാര്‍ക്കുള്ള അജ്ഞാത സന്ദേശമയയ്ക്കല്‍ ആപ്പായ ഓണ്‍ ബ്ലൈന്‍ഡിലും ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പരന്നിരുന്നു.
കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്സലിലെ പ്രധാനിയായ പരസ്യ സെയില്‍സ് എക്സിക്യൂട്ടീവ്  ലിന്‍ഡ യാക്കാരിനോയെയാണ് കമ്പനിയെ നയിക്കാന്‍ മസ്‌ക് തിരഞ്ഞെടുക്കുന്നത് എന്ന് സിലിക്കണ്‍ വാലി എക്സിക്യൂട്ടീവും മുന്‍ ഹോളിവുഡ് എക്സിക്യൂട്ടീവും ഊഹം പറയുന്നു.
അതേസമയം ട്വിറ്റര്‍ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ മുന്‍ യാഹൂ സിഇഒ മരിസ മേയറെ നിര്‍ദ്ദേശിച്ചതായി ഒരു സ്റ്റാഫ് പറഞ്ഞു. മുന്‍ യൂട്യൂബ് സിഇഒ സൂസന്‍ വോജ്സിക്കിയും മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്സിക്യൂട്ടീവ്  ശിവോണ്‍ സിലിസും ട്വിറ്റര്‍ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ബ്ലൈന്‍ഡിലെ കമന്റുകളിൽ കാണുന്നു.
മസ്‌കിന്റെ മറ്റ് കമ്പനികളിലെ പ്രമുഖ വനിതാ എക്‌സിക്യൂട്ടീവുകളായ, സ്പേസ് എക്സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെല്‍, ടെസ്ല ഇന്‍ക് ചെയര്‍ റോബിന്‍ ഡെന്‍ഹോം എന്നിവരും ആകാമെന്ന് സിഐ റൂസ്വെല്‍റ്റിലെ സീനിയര്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ ജേസണ്‍ ബെനോവിറ്റ്സ് അഭിപ്രായപെടുന്നുണ്ട്.
ടെസ്ല  ഓഹരികള്‍ വ്യാഴാഴ്ച 2.1% ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ട്വിറ്ററില്‍ മസ്‌കിന്റെ സജീവമായ ഇടപെടലിനെക്കുറിച്ചുള്ള ചില നിക്ഷേപകരുടെ ആശങ്കകള്‍ ലഘൂകരിക്കാന്‍ ഈ പ്രഖ്യാപനം സഹായിച്ചതായി വിദഗ്ധര്‍ പറഞ്ഞു. ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതാവിന്റെ ഓഹരികള്‍ക്കു  വിപണിയിൽ  തിരിച്ചടി നേരിട്ടിരുന്നു. ഈ നീക്കം ശതകോടീശ്വരനെ ബാധിക്കുമെന്നും നിക്ഷേപകര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *