We Talk

പരീക്ഷയിൽ പരാജയപ്പെട്ടു; ആന്ധ്രയിൽ ഒമ്പത് വിദ്യാർത്ഥികൾ ജീവനൊടുക്കി

ആന്ധ്രാപ്രദേശിൽ 11,12 ക്ലാസ് പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ പ്രമുഖ കോളേജുകളിൽ വിദ്യാർഥികളുടെ ആത്മഹത്യകൾ പെരുകുന്നതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത. ഐഐടിയുടെ വിവിധ ക്യാമ്പസുകളിൽ ഈ വർഷം മാത്രം ജീവനൊടുക്കിയത് നാല് വിദ്യാർത്ഥികളാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021-ൽ 13,000-ത്തിലധികം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. 2020-ൽ നിന്ന് 4.5 ശതമാനം കൂടുതലാണിത്. ദിവസേന രാജ്യത്ത് 35  ഓളം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ 864 മരണങ്ങളും പരീക്ഷയിലെ പരാജയം മൂലമാണ്. 2021-ൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,834 പേരാണ് ജീവനൊടുക്കിയത്. രണ്ടാം സ്ഥാനത്ത് മധ്യപ്രദേശ്- 1,308 പേർ, പിന്നാലെ തമിഴ്‌നാട്- 1,246 പേർ.

        മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആളുകൾക്ക് പലപ്പോഴും പ്രൊഫഷണൽ സഹായം നേടാൻ കഴിയുന്നില്ലെന്ന് ചൈൽഡ് ആൻഡ് അഡൾട്ട് സൈക്കോളജിസ്റ്റായ ഡോ ആഷിമ ശ്രീവാസ്തവ പറയുന്നു. സർക്കാർ ഹെൽപ്പ് ലൈനുകളും എൻജിഒ ഹെൽപ്പ് ലൈനുകളും ഇത്തരം സാഹചര്യങ്ങളിൽ വളരെ സഹായകരമാണ്. അവ സൗജന്യവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ്. ആരോഗ്യകരമായ ഉറക്കമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അമിതമായ സമ്മർദ്ദവും ഉത്ക്കണ്ഠയും  കൈകാര്യം ചെയ്യാൻ സഹായകമായ നിരവധി വ്യായാമങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തെ യുവാക്കളുടെ മരണത്തിന്റെ നാലാമത്തെ പ്രധാന കാരണമായ ആത്മഹത്യ അതീവ ഗുരുതരമായ ഒരു വിഷയമാണ്. ആത്മഹത്യ തടയുന്നതിനുള്ള ദേശീയ നയം ആരോഗ്യത്തിന് പ്രത്യേകിച്ച് മാനസികാരോഗ്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനും ലോകാരോഗ്യ സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള അനിവാര്യമായ ചുവടുവെപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *