ബിഗ്ബോസ് എന്തുകൊണ്ട് ഇങ്ങനെ ടോക്സിക്ക് ആവുന്നു?

ഒരോ ലക്കം കഴിയുന്തോറും മലയാളം ബിഗ്ബോസിന്റെ ടോക്സിസിറ്റി കൂടിക്കൊണ്ട് വരികയാണ്. വഴക്കും, തെറിവിളിയും, വ്യക്തി അധിക്ഷേപവും, പരദൂഷണവുമൊക്കെയായി നെഗറ്റിവിറ്റികളുടെ കുടാരമായ ഒരു ഷോ! ലോകത്തിന്റെ പലഭാഗത്തുമുള്ള ബിഗ്ബോസ്, ബിഗ് ബ്രദർ റിയാലിറ്റിഷോകൾ ഇങ്ങനെ അല്ല.

എം റിജു

ഒരു ഫുട്ബോൾ മത്സരത്തിൽ വിജയിയാവുക, അതിൽ ഏറ്റവും കൂടുതൽ ഫൗൾ നടത്തുന്ന വ്യക്തിയാണോ? അതുപോലെ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ അതിലെ ഏറ്റവും ടോക്സിക്ക് ആയുള്ള ആൾ വിജയിക്കുക എന്നു പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം. അങ്ങനെ ലോകത്തിലെ ഏറ്റവും വിചിത്രമായ ഷോയാണ് നമ്മുടെ മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസ്. മലയാളം എന്നത് ഇവിടെ എടുത്ത പറയണം. കമലഹാസൻ അവതരിപ്പിക്കുന്ന തമിഴ് ഷോ അൽപ്പം മെച്ചമുള്ളതാണ്. പക്ഷേ സൽമാൻഖാൻ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ്ബോസ് ഇതിനേക്കാൾ മോശവും.

ഒരോ ലക്കം കഴിയുന്തോറും മലയാളം ബിഗ്ബോസിന്റെ ടോക്സിസിറ്റി കൂടിക്കൊണ്ട് വരികയാണ്. വഴക്കും, തെറിവിളിയും, വ്യക്തി അധിക്ഷേപവും, പരദൂഷണവുമൊക്കെയായി നെഗറ്റിവിറ്റികളുടെ കുടാരമായ ഒരു ഷോ! അയൽവീട്ടിലേക്ക് ഒളിഞ്ഞു നോക്കാനുള്ള പ്രവണത കൂടുതൽ ഉള്ളവരാണ് മലയാളികൾ . ആ രീതിയിലുള്ള മധ്യവർഗ മലയാളിയുടെ മനശാസ്ത്രത്തെ തന്നെയാണ് ഇൗ ബിഗ്ബോസ് നിർമ്മാതാക്കളും, ചൂഷണം ചെയ്യുന്നത്. പക്ഷേ ഒന്നോർക്കണം, ലോകത്തിന്റെ പലഭാഗത്തുമുള്ള ബിഗ്ബോസ്, ബിഗ് ബ്രദർ റിയാലിറ്റിഷോകൾ ഇങ്ങനെ അല്ല. വ്യത്യസ്തമായ ഒരു അനുഭവ പരീക്ഷണം എന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് വെറും പരദൂഷണ ഷോയായി രൂപംമാറുന്നു.

ലോക നിലവാരം എങ്ങനെ?

ഹോളണ്ട് കേന്ദ്രീകരിച്ച വിഖ്യാതമായ എൻഡമോൾഷൈൻ ഗ്രൂപ്പാണ്, ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിൽ ഉള്ള റിയാലിറ്റി ഷോ ആയ ബിഗ്ബോസിന്റെയും, ബിഗ് ബ്രദറിന്റെയും ഉപജ്ഞാതാക്കൾ. ലോകത്തിലെ 40 ഭാഷകളിൽ ഇത്് അവതരിപ്പിക്കപ്പെടുന്നുണ്ട്. വളരെ രസകരമായ ഒരു അനുഭവപരീക്ഷണം എന്ന നിലയിലാണ് അവർ ബിഗ്ബ്രദർ, റിയാലിറ്റിഷോയെ കണ്ടത്. അതായത് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ , നൂറു ദിവസം ഒരുകൂട്ടം ആളുകൾ ജീവിക്കുമ്പോൾ, അവർക്ക് ഉണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങൾ പഠിക്കയാണ് ഇൗ ഷോ. ഭീകരമായ റിയാലിറ്റിഷോകൾ വേറെയുണ്ട്. അതാണ് മാൻ വേഴ്സസ് വൈൽഡ് തുടങ്ങിയവ. ഒരൂകൂട്ടം ആളുകളെ ഉടുതുണിപോലും ഇല്ലാതെ കാട്ടിൽ തള്ളുകയാണ്. അവിടെ അവർ ഗുഹാമനുഷ്യരെപ്പോലെ സർവൈവ് ചെയ്യുന്നതാണ് ഇത്തരം ഷോകളുടെ അടിസ്ഥാനം.

അതായത് ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന ഇത്തരം റിയാലിറ്റി ഷോകൾ പരദൂഷണത്തിൽ മാത്രം അഭിരമിക്കുന്നതല്ല. അത് ശരിക്കും അതിജീവനമാണ്. ബിഗ് ബ്രദർ റിയലിറ്റിഷോയിലൊക്കെ നോക്കുക, എപ്പോഴും ആശയങ്ങളാണ് ഏറ്റുമുട്ടാറുള്ളത്. ഫെമിനിസ്റ്റുകളും, മെയിൽ ഷോവനിസ്റ്റുകളം തമ്മിൽ, ലിബറലുകളും കൺസർവേറ്റീവുകളും തമ്മിൽ, അങ്ങനെ പോവുന്നു. പക്ഷേ നമ്മുടെ ബിഗ്ബോസിൽ അഖിൽ മാരാരും, ശോഭയും തമ്മിൽ നിക്കർ വെള്ളത്തിലെറിഞ്ഞതുപോലുള്ള വിവാദമാണ് നടക്കാറുള്ളത്! ആശയങ്ങൾ തമ്മിൽ ഒന്നും പറയാനില്ലാത്തുകൊണ്ടാവാണം, പരദൂഷണത്തിലും, നിസ്സാരമായ പ്രശ്നങ്ങളും ഉൗതിവീർപ്പിച്ച് കേരള ബിഗ്ബോസിൽ ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

മാത്രമല്ല, കേരളീയ മധ്യവർഗ സമൂഹവും ഏതാണ്ട് ഇങ്ങനെ തന്നെയാണെല്ലോ. നിലക്കടലക്ക് ഉപ്പ് ഇല്ലാത്തതിനാൽ കടപ്പുറത്ത് കൂട്ടത്തല്ല് ഉണ്ടാക്കിയപോലെ, പപ്പടത്തിനുവേണ്ടി വിവാഹസദ്യക്കിടെ കൂട്ടത്തല്ലുണ്ടാക്കിയപോലെയുള്ള ഒരു സമൂഹത്തിന് രസിക്കുന്നതാണ്, ഇൗ ഒരു കാര്യവുമില്ലാത്ത ബിഗ്ബോസ് ഫൈറ്റുകൾ.

‘ഞാൻ ഭാര്യയെ തല്ലാറുണ്ട്’

എന്നാൽ വിദേശ ബിഗ്ബ്രദർ ഷോകളിലും തെറികളും വഴക്കുമൊക്കെയുണ്ട്. പക്ഷേ അവിടെ നടക്കാത്ത ഒന്നാണ്, ജെൻഡർ ഹേറ്റ് കമന്റുകളും, ഹോമോഫോബിയയുമൊക്കെ. നമ്മുടെ അഖിൽ മാരാർ പറഞ്ഞപോലെ, ‘ഞാൻ ഭാര്യയെ തല്ലാറുണ്ട്’ എന്ന് പറഞ്ഞാൽ അപ്പോൾ ഒൗട്ടാവും. വർഷങ്ങൾക്ക്മുമ്പുള്ള ഒരു ബിഗ് ബ്രദർ ഷോയിൽ, നടി ശിൽപ്പാഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചത് വിവാദമായിരുന്നു. അതിനെതിരെ കടുത്ത നടപടിയാണ് ഷോയുടെ കണ്ടന്റ് മേക്കേഴ്സിൽനിന്ന് ഉണ്ടായത്. എന്നാൽ ‘അരിമോഷ്ടിച്ചാൽ അട്ടപ്പാടി മധുവിന്റെ അനുഭവം വരും’ എന്ന അഖിൽ മാരാരുടെ വാക്കുകൾ, മോഹൻലാലിന്റെ താക്കീതിലും ഒരു ക്ഷമാപണത്തിലും ഒതുങ്ങി.

ട്രാൻസ്ജെൻഡറുകളും, പരിസ്ഥിതിസ്ത്രീപക്ഷ വാദികളും അടക്കമുള്ളവർ വിദേശരാജ്യങ്ങളിൽ ഇത്തരം ഷോകളിൽ ജയിച്ചുകയറുമ്പോൾ, നമ്മുടെ നാട്ടിൽ ഏറ്റവും ടോക്സിക്ക് ആയുള്ള ആളുകൾ ആണ് ആഘോഷിക്കപ്പെടാറുള്ളത്. ഒന്നാം ബിഗ്ബോസിൽ സത്രീവിരുദ്ധതയും, മസ്കുലിനിറ്റിയും എല്ലാം ചേർന്ന സാബുമോൻ അബ്ദുസമദ് വിജയിയായി. രണ്ടാം സീസണിൽ സ്ത്രീകൾ ജീൻസ് ധരിക്കുന്നതുകൊണ്ടാണ് ഗർഭപാത്രം താഴ്ന്ന് പോകുന്നത് എന്ന് പറയുന്ന, സ്യൂഡോ സയൻസിന്റെ അചാര്യനായ ഡോ രജത്കുമാർ ആയിരുന്നു ഹീറോ. മൂന്നാം സീസണിൽ മാത്രമാണ് ടോക്സിക്ക് മല്ലുവിന് വലിയ പേര് കിട്ടാതെ പോയത്. നാലം സീസണിൽ അതാ വരുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ. എന്തിനും അലറലോട് അലറലാണ് പുള്ളിയുടെ ശൈലി. അയാൾ ഉണ്ടാക്കിയത് ലക്ഷക്കണക്കിന് ഫാൻസിനെയാൺ

അതായത് മലയാളം ബിഗ്ബോസിൽ ഏപ്പോഴും വലതുപക്ഷ ആശയക്കാരനായ ഒരു പുരുഷൻ ആഘോഷിക്കപ്പെടും എന്ന് ഉറപ്പാണ്. തന്റെ മുൻഗാമികളുടെ അതേ ട്രാക്കാണ് ഇൗ അഞ്ചാംസീസണിൽ അഖിൽ മാരാരും പിടിച്ചിട്ടുള്ളത്. പക്ഷേ ഒരു ടാസ്ക്കും ജയിക്കാത്ത ഡോ റോബിൻ രാധാകൃഷ്ണനെപ്പോലെ തനി വേസ്റ്റ് അല്ല അഖിൽ. ആള് ഒരു എന്റർടെയിനർ കൂടിയാണ്. പാട്ടും കോമഡിയുമൊക്കെയുണ്ട്. പക്ഷേ നാവിൽനിന്ന് വരുന്നതാണ് ഭീകരം. അതിനെ ബിഗ്ബോസിന്റെ നിർമ്മാതാക്കൾ പരോക്ഷമായി പ്രോൽസാഹിപ്പിക്കയാണ്. എന്നാലെ റേറ്റിങ്ങ് വരൂ.

വെറും പരദൂഷണ വ്യവസായം

ബിഗ്ബോസ് മലയാളം സീസണുകൾ കാണുമ്പോൾ അറിയാം, ഒാരോ ലക്കം കഴിയുന്തോറും ടോക്സിസിറ്റി കൂടുകയാണ്്. എൻഡമോൾ ഷൈൻ ഗ്രൂപ്പിന്റെ കൺസെപ്റ്റ്, അല്ല ഏഷ്യാനെറ്റിന്റെ ക്രൂ അംഗങ്ങൾക്ക് ് ഉദാഹരണമായി സ്ത്രീക്കും പരുഷനും ഒരുപോലെ ഫിസിക്കൽ ടാസ്ക്ക് കൊടുക്കുന്നതാണ്, ജെൻഡർ ന്യൂട്രാലിറ്റി എന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത് എന്നുതോനുന്നു. അങ്ങനെയാണെങ്കിൽ നൂറുമീറ്റർ ഒാട്ടമൊക്കെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒന്നിച്ച് ആക്കിക്കുടെ. ഒരു കുഴലിലൂടെ കുറേ പെയിന്റടിച്ച കട്ടകൾ വരുന്നു, അവ ആദ്യം കൈവശപ്പെടുത്തന്നവരാണ് വിജയി. അപ്പോൾ ബിഗ്ബോസ് അംഗങ്ങൾ തമ്മിൽ കൂട്ടയടിയാവുന്നു. കൈക്കരുത്തുള്ള പരുഷ മല്ലൻ ജയിക്കും. ഇങ്ങനെ ഭാവനാശൂന്യമാണ് മലയാളം ബിഗ്ബോസിലെ പല ടാസ്ക്കുകളും. എന്നാൽ ബിഗ്ബ്രദറിലൊക്കെ ബുദ്ധിയും ഭാവനയും ചേർത്തുകൊണ്ടുള്ള എത്രയേറെ ടാസ്ക്കുകൾ ആണെന്ന് നോക്കുക. ഇവിടെ മലയാളത്തിൽ ബുദ്ധിപരമായ ടാസ്ക്കുകൾ ഒന്നും അധികം കാണാറില്ല. 22കാരനും, 48കാരിയെയും, ഒരുപോലെ ഫിസിക്കൽ ടാസ്ക്കിൽ ഇടും. എന്നിട്ട് അവർ അടിപിടികൂടി കടിയും മാന്തും പിച്ചുമായി ആകെ നിലവിളിയാവും! അങ്ങനെ റേറ്റിങ്ങ് കൂട്ടേണ്ട ഗതികേടിലാണ് മലയാളം ബിഗ്ബോസ്.

ചരുക്കിപ്പറഞ്ഞാൽ ഒരു വ്യത്യസ്തമായ അനുഭവപരീക്ഷണം എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നെല്ലാം മാറി, വെറും പരദൂഷണ വ്യവസായമായി മാറിയിരിക്കയാണ് മലയാളം ബിഗ് ബോസ്. രാത്രി സംപ്രേഷണം ചെയ്യുന്ന ചവറ് സീരിയലുകളുടെ അതേ നിലവാരം. ഇതിലാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാൽ എല്ലാ വീക്കെൻഡുകളിലും വരുന്നത്. ‘എന്താ മോളൂസെ’ എന്ന സ്റ്റെലിൽ ടീമംഗങ്ങൾ ചെയ്യുന്ന വൃത്തികേടുകളെ ലളിതമായ ഒന്ന് പരാമർശിച്ചും വിമർശിച്ചും, പോവുകയാണ് ലാൽ ചെയ്യുന്നത്. എന്നാൽ തമിഴ് ബിഗ്ബോസിൽ കമലഹാസൻ നടത്തുന്ന ഇടപെടലുകൾ കാണണം. ആ ഷോയിലെ വില്ലൻമ്മാരെ കമൽ വരച്ചവരയിൽ നിർത്തുന്നതും, ഗ്രൂപ്പിസവും മറ്റും പൊളിച്ച് ഷോയെ നേർവഴിക്ക് കൊണ്ടുപോകുന്നതും, കാണണം. എന്നാൽ ഹിന്ദി ബിഗ്ബോസിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. അവിടെ അവതാരകൻ സൽമാൻഖാൻ തന്നെ, ഗ്രൂപ്പിസം ഉണ്ടാക്കുന്നുവെന്നാണ് ബ്ലോഗർമാർ പറയുന്നത്. സൽമാന് ഇഷ്ടപ്പെട്ടവരെ സംരക്ഷിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ആങ്കറിങ്ങ്!

ബിഗ്ബോസിന്റെ ടോക്സിക്ക് കണ്ടന്റിനെക്കുറിച്ച്, നേരത്തെയും പരാതികൾ ഉണ്ടായിരുന്നിട്ടും ഷോ കണ്ടക്റ്റർമാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പേര്കൂടിയാണ്, ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇത്തരം പരിപാടികൾ ആങ്കർ ചെയ്യണമോ എന്ന്, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ തീരുമാനിക്കട്ടെ.

ഇൗ പരിപാടിയെ വിമർശിക്കുന്നതിന്റെ അടിസ്ഥാനം അത് നിരോധിക്കണമെന്നോ നിയന്ത്രിക്കണമെന്നോ ഒന്നുമല്ല. മറിച്ച് അത് വിദേശരാജ്യങ്ങളിൽ ഉള്ള ഷോകൾ പോലെ നിലവാരമുള്ള രീതിയിലേക്ക് മാറണം എന്നതുകൊണ്ടാണ്. ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ് ആ നാട്ടിൽ നടക്കുന്ന വിനോദ പരിപാടികളുടെ ഉള്ളടക്കവും. വെറുപ്പും, അസൂയയും, പരദൂഷണവും, സ്പർധയും, സ്ത്രീവിരുദ്ധതയും ഇതേയേറെ പ്രസരിപ്പിക്കുന്ന ഒരു പരിപാടി മലയാളികളുടെ പ്രബുദ്ധതയെ കൊഞ്ഞനം കുത്തുകയാണ്. ഇങ്ങനെ ഇൗ പരിപാടി തുടരുകയാണെങ്കിൽ, ഇതിൽനിന്ന് പിൻമാറാനുള്ള ധാർമ്മികയയെങ്കിലും, മോഹൻലാൽ കാട്ടേണ്ടതാണ്്്.

Leave a Reply

Your email address will not be published. Required fields are marked *