40 പേര്‍സെന്റ് സര്‍ക്കാര്‍! കര്‍ണാടകയില്‍ ബിജെപി തോറ്റമ്പിയത് ഇങ്ങനെ

അഴിമതി ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകൾ  സ്ഥാപിച്ച സര്‍ക്കാര്‍ അയിരുന്നു കര്‍ണ്ണാടകയില്‍ ബിജെപിയടേത്. എന്തിനും ഏതിനും നേതാക്കള്‍ക്ക് കമ്മീഷന്‍ കൊടുക്കണം. 40 പേര്‍സെന്റ് സര്‍ക്കാര്‍ എന്നാണ് ബസവരാജ്‌ ബൊമ്മെ സര്‍ക്കാര്‍ അറിയപ്പെട്ടിരുന്നത്.  എല്ലാ വിവാദങ്ങളും സാമുദായിക ധ്രുവീകരണത്തിലുടെ മറികടക്കാമെന്ന ബിജെപി നേതാക്കളുടെ കുരുട്ടുബുദ്ധിക്കും കന്നട മണ്ണ് എട്ടിന്റെ പണികൊടുത്തു.

എം മാധവദാസ്

ഫോർട്ടി  പേര്‍സെന്റ് സര്‍ക്കാര്‍! കർണാടകയിലെ ബസവരാജ്‌ ബൊമ്മെ സർക്കാർ രാഷ്ട്രീയ ഉപശാലകളിൽ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ് .ശ്രീലങ്കയിലെ  മഹേന്ദ രജപക്‌സെ സർക്കാരിനെ  ടെൻ  പേഴ്്‌സന്റ് സര്‍ക്കാര്‍ എന്നാണ്  ജനം പരിഹസിച്ചിരുന്നത്.എന്തിനും ഏതിനും കമ്മിഷൻ പത്തു ശതമാനം.  കർണാടക പക്ഷെ അഴിമതിയുടെ എല്ലാ മാനങ്ങളും ലംഘിച്ചു 40 ശതമാനം വരെ കമ്മിഷൻ വാങ്ങുന്ന സംസ്ഥാനമായി.  അഴിമതി ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകളാണ് ബൊമ്മെ സർക്കാർ സ്ഥാപിച്ചത്. എന്തിനും ഏതിനും നേതാക്കാള്‍ക്ക് കമ്മീഷന്‍ കൊടുക്കണം എന്നതായിരുന്നു അവിടുത്തെ അവസ്ഥ. ഭരണ   കാലാവധി അവസാനിക്കവേ, സർക്കാരിലും പാര്‍ട്ടിയിലുമുള്ള  നേതാക്കന്മാരെല്ലാം ശതകോടീശ്വരന്മാരായി. . അനധികൃത ഖനനംതൊട്ട് ഐടി പാര്‍ക്കുകളില്‍ വരെ അഴിമതി പൂത്തുലഞ്ഞു. . 

 തങ്ങള്‍ നടത്തുന്ന എല്ലാ അഴിമതികളും സാമുദായിക ധ്രുവീകരണത്തിലുടെ മറികടക്കാമെന്നായിരുന്നു ബിജെപി കരുതിയത്.  ടിപ്പുവിനെയും ഹനുമാനെയുമൊക്കെയാണ് തെരഞ്ഞെടുപ്പിൽ അവർ എടുത്തിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിപോലും ഹനുമാന്റെ പേരിലാണ് വോട്ട് തേടിയത്. പക്ഷേ അതൊന്നും യാതൊരു ഫലവും കണ്ടില്ല  എന്ന്  ഫലം വ്യക്തമാക്കുന്നു.  കർണാടകയിൽ കോണ്‍ഗ്രസ് ജയിച്ചുകയറുമ്പോള്‍ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാൻ കഴിയുമെന്ന ബിജെപിയുടെ പ്രതീക്ഷകളെ കൂടി അത്  തകർത്തെറിയുകയാണ്  . ബൊമ്മെ മന്ത്രിസഭയിലെ നിരവധി  മന്ത്രിമാര്‍ തോറ്റത്  ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ്. കോവിഡ് കാലത്ത് സ്വിമ്മിങ്ങ് പൂളിൽ  പുളച്ചു മറിഞ്ഞ ആരോഗ്യമന്ത്രി ഡോ സുധാകറും തോറ്റവരില്‍ പെടുന്നു.  

ബൊമ്മെ-യെദൂരിയപ്പ കലഹം

അഴിമതിപോലെ തന്നെ ബിജെപിക്ക് വലിയ പ്രതിസന്ധിയായത് മുതിര്‍ന്ന നേതാക്കളായ യെദിയൂരപ്പയും ബൊമ്മെയും തമ്മിലുള്ള കലഹം ആയിരുന്നു. സത്യത്തില്‍ യദിയൂരപ്പയുടെ  ബിനാമി എന്ന പേരില്‍ അധികാരത്തില്‍ ഏറിയ ആളാണ് ബൊമ്മൈ. ഇദ്ദേഹം ബിജെപിക്കാരന്‍ പോലുമായിരുന്നില്ല. സോഷ്യലിസ്റ്റ് പശ്ചാത്തലത്തില്‍നിന്നുവന്ന നേതാവാണ് .. ജനതാ പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി എസ്.ആര്‍. ബൊമ്മെയുടെ മകനാണ് ബസവരാജ.  ജനതാദള്‍ യുനൈറ്റഡില്‍നിന്ന് 2008ലാണ് അദ്ദേഹം ബി.ജെ.പിയിലെത്തുന്നത്. അതിനുപിന്നിലും യെദിയൂരപ്പയായിരുന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ നടത്തിയ  ഓപറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യസര്‍ക്കാറിനെ അട്ടിമറിച്ചാണു യെദിയൂരപ്പ  കർണാടകത്തിൽ ബിജെപി സർക്കാരിനെ ഭരണത്തിൽ എത്തിച്ചത്. .
 പിന്നീട് യെദിയൂരപ്പക്കെതിരെ പാർട്ടിയിൽ  കലാപം ഉണ്ടായപ്പോഴാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് ബൊമ്മെ മുഖ്യമന്ത്രിയായത്. . പക്ഷേ അധികാരം കിട്ടിയതോടെ ബൊമ്മെയുടെ മട്ടുമാറി. യെദിയൂരപ്പയെ അനുസരിക്കാതെ  സ്വന്തം നിലക്ക് അഴിമതി നടത്താന്‍ തുടങ്ങി. അതോടെ യെദിയൂരപ്പ പാർട്ടിയിൽ നിന്നകന്നു.   അവസാന ഘട്ടത്തിലാണ് യെദിയൂരപ്പ പ്രചാരണത്തിന് എത്തിയത്. അദ്ദേഹത്തിന്റെ സമുദായമായ ലിംഗായത്തുകള്‍, ബിജെപിയെ കൈവിടുന്നതിന് ഒരു കാരണം അതാണ്.

ബൊമ്മൈ സര്‍ക്കാര്‍ വന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിട്ടും, കടുത്ത അഴിമതി ആരോപണത്തെതുടര്‍ന്ന് മുതിര്‍ന്ന മന്ത്രി ഈശ്വരപ്പ രാജിവെക്കേണ്ടിവന്നിട്ടും, എസ്.ഐ നിയമന പരീക്ഷ ക്രമക്കേടില്‍ എ.ഡി.ജി.പിയും വനിതാ മോര്‍ച്ച നേതാവുമടക്കം അറസ്റ്റിലായിട്ടും അതൊന്നും സര്‍ക്കാറിനെ ബാധിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു ബിജെപിയുടെ പ്രചാരണം. അഴിമതിയെ വര്‍ഗീയതകൊണ്ട് മൂടാമെന്നാണ് അവര്‍ കരുതിയത്.  ഹിജാബ് വിവാദവും, ടിപ്പുവും,ഹനുമാന്‍ വിവാദമുമൊക്കെ തുണക്കുമെന്നാണ് അവര്‍ കരുതിയത്. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുടെ മുഖമായി എടുത്തുകാട്ടാന്‍ പറ്റിയ ഒരു നേതാവുപോലും ഇല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി  നേരിട്ടാണ് കന്നഡ മണ്ണിലെ പ്രചാരണം നയിച്ചത്. കേന്ദ്രീകൃത  സംവിധാനത്തിലുടെ മോദിയെ ഉയര്‍ത്തിക്കാട്ടി ഭരണം പിടിക്കാമെന്ന ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ഏറ്റ തിരിച്ചടികൂടിയാണിത്.

ഡികെ- സിദ്ധരാമയ്യ ഡബിള്‍ എഞ്ചിന്‍

എടുത്തുപറയാന്‍ ഒരു സംസ്ഥാന നേതാവ് പോലുമില്ലാതെ  ബിജെപി ബുദ്ധിമുട്ടിയേപ്പോള്‍, പിസിസി അധ്യക്ഷനും, രാജ്യത്തെ  സമ്പന്നനായ രാഷ്ട്രീയ നേതാവുമായ  ഡി കെ ശിവകുമാറിന്റെയും, മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെയും ഡബിള്‍ എഞ്ചിന്‍ കോമ്പോയുമായി കോണ്‍ഗ്രസ് അടിച്ചുകയറുകയായിരുന്നു. ഡി കെ ശിവകുമാറാണ് ഈ തെരഞ്ഞെടുപ്പിലെ കിങ്് മേക്കര്‍ എന്ന് പറയാം. പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടക്കുന്ന വ്യവസായ ശൃഖലയുടെ ഉടമകൂടിയായ ഡി കെ ,അമിത്ഷായെ പോലെ  കാശിറക്കി കളിക്കാന്‍ പ്രാപ്തനായ നേതാവാണ്.  ഡി കെയെ പൂട്ടുക എന്നതായിരുന്നു ബിജെപി കുറച്ചു കാലമായി നടപ്പിലാക്കികൊണ്ടിരുന്ന തന്ത്രം. ഇൻകം ടാക്സ്, എൻഫോഴ്‌സ്‌മെന്റ് തുടങ്ങി കേന്ദ്ര ഏജൻസികളെ അതിനു വേണ്ടി രംഗത്തിറക്കിയിട്ടും അതൊന്നും ഫലിച്ചില്ല. . താന്‍ ബിജെപി നേതാക്കളെപ്പോലെ നികുതി വെട്ടിക്കുന്നില്ലെന്നും തന്റെ എല്ലാം പരസ്യമാണെന്നും തുറന്നു പറയാനുള്ള തന്റേടം ഡി കെ കാണിച്ചു.  1200 കോടിയോളം ആസ്തിയുള്ള നേതാവാണ് ഇദ്ദേഹം. എന്നാല്‍ താന്‍ സ്വത്ത് വിവരം മറച്ചുവെക്കാറില്ലെന്നും, അത് കൃത്യമായി പറയുന്നത് കൊണ്ടാണ് തന്റെ സ്വത്തില്‍ വര്‍ധനവുണ്ടാകുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡി കെയെ  അപമാനിക്കാനായി അദ്ദേഹം ടിപ്പുവിറെ ബന്ധുവാണെന്നു വരെ   അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് അടക്കമുള്ളവര്‍ അടിച്ചു വിട്ടു. . തന്റെ പിതാവും മുത്തഛനുമൊക്കെ ആരാണെന്ന് ഈ നാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നാണ് ശിവകുമാര്‍ തിരിച്ചടിച്ചത്. അതുപോലെ ശിവകുമാര്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് മടങ്ങുന്ന  വീഡിയോയും ബിജെപിക്കാര്‍  ആനക്കാര്യംപോലെ പ്രചരിപ്പിച്ചു.  താന്‍ വല്ലപ്പോഴും മദ്യപിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും, അതില്‍ എന്താണ് പ്രശ്‌നമെന്നും ഡി കെ തിരിച്ചടിച്ചതോടെ ബിജെപിക്കാരുടെ ഫ്യൂസ് പോയി.
തന്റെ മണ്ഡലമായ കനകപുരയില്‍ അധികം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവേശം പകരാൻ  കര്‍ണ്ണാടക മുഴവന്‍ ഓടി നടന്ന് ഡികെ പ്രചാരണം നടത്തി. സാധാരണ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്കാണ് ഒഴുക്ക് ഉണ്ടാവാറുള്ളത്. പക്ഷേ ഇത്തവണ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള ഒരു ഡസനിലേറെ നേതാക്കളെ അടക്കം  ശിവുകുമാര്‍ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നു..
 ഡി കെ യോടൊപ്പം കോൺഗ്രസ് വിജയത്തിൽ  പ്രധാന പങ്കു വഹിച്ച മുൻ മുഖ്യമന്ത്രി കൂടിയായ തിര്‍ന്ന  സിദ്ധരാമയ്യ  ,കര്‍ണ്ണാടകയില്‍  അഴിമതിരഹിത പ്രതിഛായയുള്ള നേതാവാണ്. . കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ ഫോർട്ടി  പേര്‍സന്റ് സര്‍ക്കാര്‍ എന്ന് പറഞ്ഞാണ് സിദ്ധരാമയ്യ പൊതുയോഗങ്ങളില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത് . തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  അഴിമതിയെക്കുറിച്ച് സംവാദം നടത്താന്‍ സിദ്ധരാമയ്യ, കര്‍ണാടക മുഖ്യമന്ത്രി ബൊമ്മയെ വെല്ലുവിളിച്ചിരുന്നു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കര്ണാടകത്തിലുടനീളം ഈ തെരഞ്ഞടുപ്പിൽ പ്രചാരണത്തിനുണ്ടായിരുന്നു. കോടതി വിധിയെ തുടർന്ന് ലോക്‌സഭയിൽ നിന്ന് തിരക്കിട്ടു അയോഗ്യനാക്കുകയും എം പി ക്വർട്ടേഴ്‌സിൽ നിന്ന്   പുറത്താക്കുകയും ചെയ്ത ശേഷം രാഹുൽ നടത്തിയ ആദ്യ ഷോ ക്ലിക്ക് ചെയ്തു എന്നാണ് കർണാടക തെളിയിക്കുന്നത്. അഭൂതപൂർവ ജനക്കൂട്ടമാണ് രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചാരണ യോഗങ്ങളിൽ എത്തിയത്. ഒരർത്ഥത്തിൽ മോദിയും രാഹുലും നേരിട്ട്ഏറ്റുമുട്ടുന്ന തെരഞ്ഞടുപ്പ് എന്ന പ്രതീതി  കർണാടക സൃഷ്ടിച്ചിരുന്നു. അതിൽ മോദി പരാജയപ്പെടുകയും വിജയം രാഹുലിനെ തുണയ്ക്കുകയും ചെയ്തത് ദേശീയ .  രാഷ്ട്രീയത്തിൽ   മോദിക്ക് വലിയ വെല്ലുവിളിയായി മാറുക തന്നെ ചെയ്യും. നരേന്ദ്ര മോദിക്ക് പറ്റിയ രാഷ്ട്രീയ പ്രതിയോഗി അല്ല രാഹുൽ ഗാന്ധി എന്ന വിശകലനമൊക്കെ ഇനി തള്ളപ്പെടും. തകർച്ചയിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകിയിരുന്ന കോൺഗ്രസിന് തിരിച്ചു വരവിന്റെ പ്രതീക്ഷ കൂടിയാണ്  കർണാടക നൽകുന്നത്. .  

ഇനിയിപ്പോള്‍ ആര് മുഖ്യമന്ത്രിയാവും  എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. . ഡി കെയോ അതോ സിദ്ധരാമയ്യയ്യോ. ?  ഭൂരിഭാഗം പേരും കര്‍ണ്ണാടക കിങ്ങ് മേക്കറായ ഡി കെ ക്കായി മറുവിളി കൂട്ടുന്നുണ്ട്. അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനായിരിക്കും. എന്തായാലും, 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസിന് വലിയ ആശ്വാസമാവുകയാണ്, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയുടെ  തട്ടകത്തിലെ ജയം. 

Leave a Reply

Your email address will not be published. Required fields are marked *