മങ്ങുന്ന മോദി പ്രഭാവം ; കോൺഗ്രസിന് ഊർജ്ജം
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ബിജെപി കേരളത്തിലും അധികാരത്തിൽ വരുമെന്നാണ് . അത് പറഞ്ഞു അധികം വൈകും മുൻപേ , ദക്ഷിണേന്ത്യയിൽ അധികാരമുണ്ടായിരുന്ന പ്രധാനപ്പെട്ട സംസ്ഥാനം ബിജെപിയെ കൈവിട്ടിരിക്കുന്നു. കൊച്ചു സംസ്ഥാനമായ ഗോവയിൽ മാത്രമാണ് നിലവിൽ തെക്കേ ഇന്ത്യയിൽ ബിജെപിക്ക് ഭരണം ഉള്ളത്. കർണാടകയിലെ ബിജെപി തോൽവി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ പരാജയം കൂടിയാണ്. അതോടൊപ്പം മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിയോഗിയായ രാഹുൽ ഗാന്ധിയുടെ വിജയവും കൂടിയാണ്. . അടുത്ത കാലത്തു മറ്റൊരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്ര കഠിനമായി നരേന്ദ്രമോദി ജോലി ചെയ്തിട്ടില്ല. ദിവസങ്ങളോളം കർണാടകയിൽ തമ്പടിച്ചാണ് മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതിനാൽ ഈ തോൽവിക്കൊപ്പം കുറിക്കപ്പെടുന്നത് മോദി പ്രഭാവം , മോദി മാജിക് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തിനു ഇടിവ് തട്ടിതുടങ്ങി എന്നാണ്. അത് താത്കാലികമാണോ , അതോ സ്ഥായിയായ ഒന്നായി മാറുമോ എന്നറിയാൻ മധ്യപ്രദേശ് , രാജസ്ഥാൻ , ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിയണം. മധ്യപ്രദേശിലെ പോലെ തന്നെ ജനവിധി അട്ടിമറിച്ചു ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെ ബിജെപി ഭരണത്തിലെത്തിയ സംസ്ഥാനമാണ് കർണാടക. അവിടെ ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ബിജെപി സർക്കാരിന്റെ പുറത്താക്കൽ അതീവ ദയനീയമായിപ്പോവുകയും ചെയ്‌തു . ഒരു ബഹുസ്വര സമൂഹത്തിൽ ജാതി – മത വർഗീയ രാഷ്ട്രീയത്തിന് അധിക കാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം . അഴിമതിയും സ്വജന പക്ഷപാതവും ഭരണത്തിന്റെ മുഖമുദ്ര ആകുമ്പോൾ പൊറുതി മുട്ടിയ ജനം അവരെ നിർദയം ഇറക്കി വിടും.
ഇനി 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കർണാടക ഫലം സ്വാധീനിക്കുമോ എന്ന് പരിശോധിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടു പലകയാണ് ഈ ഫലം എന്നൊക്കെ അഭിപ്രായ പ്രകടനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം അതേപ്പറ്റി വിലയിരുത്തൽ നടത്തലാകും ഉചിതം. . എന്നാൽ, കർണാടക വിജയം കോൺഗ്രസിന് ദേശീയ തലത്തിൽ നൽകുന്ന ഊർജ്ജം ചെറുതല്ല. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപപ്പെടുത്തിയെടുക്കാൻ കോൺഗ്രസിനെ അത് സഹായിക്കും. രാഹുൽ ഗാന്ധിയുടേത് പരിപക്വമായ നേതൃത്വം അല്ലെന്നും തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ അദ്ദേഹം പ്രാപ്‌തനല്ലെന്നും ആരോപിക്കുന്ന പ്രതിപക്ഷ പാർട്ടികൾ നിലപാട് മാറ്റാൻ നിർബന്ധിതരാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണയ്ക്കാൻ കർണാടക തയ്യാറായാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തകിടം മറിയും . 28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ നിലവിൽ ഒരു സ്വതന്ത്രൻ അടക്കം 26 പേർ ബിജെപിക്കാരാണ് .കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് കഴിഞ്ഞ തവണ ജയിക്കാൻ കഴിഞ്ഞത്. ഒരു സീറ്റ് ജെ ഡി എസിനും ലഭിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ ജെ ഡി എസിന്റെ വിലപേശൽ ശേഷി ഇല്ലാതായതാണ് ഈ തെരഞ്ഞടുപ്പിന്റെ മറ്റൊരു സവിശേഷത. തൂക്കു സഭ വരുമ്പോൾ ചുളുവിൽ മുഖ്യമന്ത്രി ആകാൻ കുപ്പായം തയ്പ്പിച്ചു ഇരിക്കുകയായിരുന്നു കുമാരസ്വാമി. കേരള രാഷ്ട്രീയത്തിലും കോൺഗ്രസിന് അനുകൂലമായ കാറ്റാണ് കർണാടകത്തിൽ നിന്നടിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച തകർപ്പൻ വിജയം ഇത്തവണ ആവർത്തിക്കാൻ കോൺഗ്രസിന് പ്രയാസമാണെന്ന സുചനകളാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ, കേന്ദ്ര ഭരണത്തിൽ മാറ്റം വരുമെന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ പാർട്ടിക്ക് അനുകൂലമായ തരംഗം തന്നെ വീണ്ടും ഉണ്ടായേക്കാം. സംസ്ഥാനത്തു അത് വലിയ തിരിച്ചടിയാവുക സിപിഎമ്മിനാണ് . യു ഡി എഫ് വിട്ടു എൽ ഡി എഫിലേക്കു പോകാൻ തയ്യാറായി നിൽക്കുന്ന മുസ്‌ലിം ലീഗ് നേതാക്കൾക്ക് സഡൻ ബ്രേക്ക് ഇടേണ്ട സാഹചര്യവും കർണാടക ഫലം ഉണ്ടാക്കിയിരിക്കുകയാണ്.