ആ പെണ്‍കുട്ടി മദ്രസയില്‍ തൂങ്ങിമരിച്ചത് എന്തിന്; അസ്മിയക്കുവേണ്ടി സോഷ്യല്‍ മീഡിയ കാമ്പയിന്‍
ബാലരാമപുരത്തെ അല്‍ അമന്‍ എന്ന ഇസ്‌ലാമിക മതപാഠശാലയില്‍ അസ്മിയ എന്ന ബീമാപ്പള്ളി സ്വദേശിയായ 17 കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുസരണ ഇല്ലാത്തവളെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ, സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും അടക്കം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രത്യക്ഷമായോ പരോക്ഷമായോ മതം ഇടപെടുന്ന കേസുകള്‍ എല്ലാം നമ്മുടെ നാട്ടില്‍ തേഞ്ഞുമാഞ്ഞുപോവുകയാണ് പതിവ്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ മഠങ്ങളുടെ കിണറ്റില്‍ വീണും മറ്റുമായി രണ്ടു ഡസന്‍ കന്യാസ്ത്രീകള്‍ മരിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഒരു കേസുപോലും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. കാക്കകള്‍ മരിക്കുന്നതുപോലെ ആരും അറിയാതെയാണ് കേരളത്തിലെ കന്യാസ്ത്രീകള്‍ മരിക്കുന്നത് എന്നാണ് ഈ വിഷയത്തില്‍ പോരാട്ടം നടത്തുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അടക്കമുള്ളര്‍ പറയുന്നത്. അതുപോലെ ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളില്‍ നടക്കുന്ന മരണങ്ങളും നാലുദിവസത്തെ വാര്‍ത്തക്ക് അപ്പുറം ഒന്നും ആവുന്നില്ല. മദ്രസകളില്‍ ഉസ്്്താദുമാരുടെ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഒരോ ആഴ്ചയിലും പുറത്തുവരുന്നത്. ഇതില്‍ പലതിലും പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. അതുകൊണ്ടുതന്നെ മതപൗരോഹിത്യം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഓരോ കേസിലും, പൊതുസമൂഹത്തിന്റെ ജാഗ്രത സജീവമായി വേണ്ടതാണ്്.

അതുപോലെ ഒരു കേസാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തെ അല്‍ അമന്‍ എന്ന ഇസ്‌ലാമിക മതപാഠശാലയില്‍ സംഭവിച്ചത്. അസ്മിയ എന്ന ബീമാപ്പള്ളി സ്വദേശിയായ 17 കാരിയെയാണ് ഇവിടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുസരണ ഇല്ലാത്തവളെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ, സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും അടക്കം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മതപഠന കേന്ദ്രത്തിലെ പീഡനം സഹിക്കാന്‍ വയ്യാതെ പെണ്‍കുട്ടി ‘ഉമ്മാ, കൂട്ടിക്കൊണ്ടു പോകണേ’ എന്നു കരഞ്ഞു വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹ മരണവും.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്മിയക്ക് നീതി തേടി സൈബറിടങ്ങളില്‍ ഹാഷ് ടാഗും ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷമായി ഈ സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിലേക്ക് കുട്ടി വിളിക്കാറുണ്ടെന്നായിരുന്നു പിതാവ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.
ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി കരയുകയായിരുന്നു. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോള്‍, , ‘നിങ്ങളുടെ മകള്‍ക്ക് അനുസരണയില്ല. വലിയ സംസാരമാണ്, അവള്‍ക്ക് ശരിക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. നിങ്ങള്‍ കൊണ്ടുപോണെങ്കില്‍ കൊണ്ട് പൊയ്‌ക്കോള്ളൂ എന്നാണ്’ അധികൃതര്‍ പറഞ്ഞത്.
ഇതോടെ ഒന്നരമണിക്കൂറിനുള്ളില്‍ തന്നെ ഉമ്മ സ്ഥാപനത്തിലേക്ക് എത്തി. അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാന്‍ അനുമതി നല്‍കിയത്. മാതാവ് അസ്മിയയുടെ അടുത്ത് എത്തിയപ്പോള്‍ കുട്ടി മുറിയില്‍ വീണു കിടക്കുയയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തൂങ്ങി മരിച്ചതാണ് എന്നാണ് സ്ഥാപന അധികൃതര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
അസ്മിയയുടെ മരണത്തില്‍ സംശയമുണ്ടെന്നാണ് ബീമാപ്പള്ളി ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള നാട്ടുകാര്‍ ആരോപിക്കുന്നത്. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും് പറയുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടവും നടത്തി.
മതം ഇടപെട്ട കേസ് ആയതുകൊണ്ട് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ സംഭവത്തില്‍ വലിയ താല്‍പ്പര്യം കാട്ടിയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയാവട്ടെ കുട്ടിക്ക് നീതി തേടി ശക്തമായ കാമ്പയിനും തുടങ്ങിയിട്ടുണ്ട്.