ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി; അമിതാഭ് ബച്ചൻ ലൊക്കേഷനിലെത്തിയത് ആരാധകന്റെ ബൈക്കിൽ
രാവിലെ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയ അമിതാഭ് ബച്ചൻ ലൊക്കേഷനിലെത്തിയത് ആരാധകന്റെ ബൈക്കിൽ. ചിത്രം സഹിതം സംഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും അമിതാഭ് ബച്ചൻ തന്നെയാണ്. ബൈക്കിന്റെ ഉടമയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ബച്ചന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
“ബൈക്ക് യാത്രയ്ക്ക് നന്ദി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിച്ചു. പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. തൊപ്പിയും ഷോർട്ട്സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടിന് ഉടമയായ നിങ്ങൾക്ക് നന്ദി” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ദീപിക പദുക്കോണും പ്രഭാസും പ്രധാന വേഷത്തിലെത്തുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ ഇപ്പോൾ അഭിനയിക്കുന്നത്. ഒരേസമയം പല ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്. റിഭു ദാസ് ഗുപ്തയുടെ കോർട്ട് ഡ്രാമ ചിത്രം ‘സെക്ഷൻ 84’ ആണ് വരാനിരിക്കുന്ന മറ്റൊരു അമിതാഭ് ചിത്രം.