ശശി തരൂർ കോൺഗ്രസിനെ പിന്നിൽ നിന്നു കുത്തിയോ?
കർണാടക നിയമസഭാ തെരഞ്ഞടുപ്പിലെ കോൺഗ്രസ് വിജയത്തെ പറ്റി ശശി തരൂർ എം പി വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാചാലനായിക്കൊണ്ടിരിക്കുകയാണ്. ചാനലുകളിൽ വന്നു അദ്ദേഹം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. പത്രങ്ങളിൽ ലേഖനം എഴുതുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നു. എന്നാൽ, ഈ വിജയത്തിൽ തന്റെ സ്വന്തം പങ്ക് എന്തായിരുന്നുവെന്ന് അദ്ദേഹം ഒരിടത്തും പറയുന്നില്ല. കർണാടകത്തിലേക്കു കോൺഗ്രസ് പാർട്ടി നിയോഗിച്ച താര പ്രചാരകരിൽ , അഥവാ സ്റ്റാർ ക്യാമ്പയിനർമാരിൽ ഒരാൾ ആയിരുന്നു തരൂർ. ഏപ്രിൽ രണ്ടാം വാരത്തിലാണ് 40 താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് നേതൃത്വം ഇലക്ഷൻ കമ്മിഷന് കൈമാറിയത്. തെരഞ്ഞടുപ്പ് ചട്ടപ്രകാരം ദേശീയ പാർട്ടികൾക്ക് 40 പേരെയും സംസ്ഥാന പാർട്ടികൾക്ക് 20 പേരെയും താര പ്രചാരകരായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കാം . ഇവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടില്ല എന്നതാണ് അതിന്റെ ഒരു നേട്ടം.
കേരളത്തിൽ നിന്നു കെ സി വേണുഗോപാലിനു പുറമെ രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരെയാണ് താര പ്രചാരകരായി എ ഐ സി സി നിശ്ചയിച്ചത്. ഇവരിൽ വേണുഗോപാൽ മുഴുവൻ സമയ പ്രചാരകൻ ആയിരുന്നു. രമേശ് ചെന്നിത്തല പാർട്ടി അദ്ദേഹത്തെ ഏല്പിച്ച ജോലി തികഞ്ഞ ആത്മാർത്ഥതയോടെ നിർവഹിച്ചു. അദ്ദേഹം കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അവിടുത്തെ പ്രദേശ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ട പ്രകാരം പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും മലയാളി ഏരിയകളിൽ സഞ്ചരിച്ചു വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതേ സമയം താര പ്രചാരകനായി പാർട്ടി നിയോഗിച്ച ശശി തരൂർ കർണാടകയിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഏപ്രിൽ 19 നാണു കർണാടകയിലെ സ്റ്റാർ പ്രചാരകരെ എ ഐ സി സി നിശ്ചയിച്ചത്. ഗുജറാത്ത് തെരഞ്ഞടുപ്പിൽ ശശി തരൂരിനെ സ്റ്റാർ ക്യാമ്പയിനർ ആക്കിയില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. അത് കൂടി കണക്കിലെടുത്തു ആദ്യ പേരുകളിൽ ഒന്നായാണ് തരൂരിനെ ഉൾപ്പെടുത്തിയത്. തരൂരിനെ പോലെ ഒരാൾ മെട്രോപൊളിറ്റൻ നഗരമായ ബംഗളുരുവിലും മറ്റും പ്രചാരണത്തിനെത്തുന്നത് പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകും. ബംഗളുരുവിൽ ഐ ടി രംഗത്തടക്കമുള്ള പ്രൊഫഷണലുകൾക്കിടയിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന ആളാണ് തരൂർ. എന്നാൽ, സ്റ്റാർ ക്യാമ്പയിനർ ആയ തരൂർ ഒരു ദിവസം പോലും പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ല. ഏപ്രിൽ ആദ്യ വാരം ബംഗളുരുവിൽ എത്തിയ തരൂർ അവിടെ ബംഗളുരു ക്ലബ്ബിലും മറ്റും പ്രസംഗിച്ചിരുന്നു . എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച നാളുകളിൽ അദ്ദേഹം കർണാടകയിലേക്ക് തിരിഞ്ഞു നോക്കിയില്ല. എന്ന് മാത്രമല്ല. സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുള്ള തരൂർ കർണാടകയിലെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ കുറിച്ച് ഫേസ്‌ബുക്കിൽ ഒരു വരി പോലും എഴുതിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് അങ്ങിനെ ഒന്ന് അവിടെ നടന്നതായി അദ്ദേഹം കുറിച്ചത്.
എന്തു കൊണ്ടാണ് തരൂരിനെ പോലെ ഒരാൾ ഈവിധം പെരുമാറിയത് ? ആരോഗ്യ പ്രശ്നങ്ങളോ മറ്റു പ്രയാസങ്ങളോ ഈ ഘട്ടത്തിൽ അദ്ദേഹത്തെ അലട്ടിയതായി അറിവില്ല. രാജ്യത്തിനകത്തും പുറത്തും യാത്രകളിലും പ്രസംഗങ്ങളിലും ആയിരുന്നു തരൂർ. കർണാടക തെരഞ്ഞെടുപ്പിൽ തരൂർ സജീവമായിരുന്നെങ്കിൽ അതിന്റെ നേട്ടം അദ്ദേഹത്തിന്റെ കൂടി പേരിൽ കുറിക്കപ്പെടുമായിരുന്നു. ഒരു നിർണായക സന്ദർഭത്തിൽ പാർട്ടി ഏല്പിച്ച ചുമതല നിർവഹിക്കാതെ തരൂർ മുങ്ങിയത് പ്രത്യക്ഷത്തിൽ തന്നെ കോൺഗ്രസിനോട് കാണിച്ച കടുത്ത വഞ്ചനയാണ്.
അടുത്ത തെരഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫിന് ഭരണത്തിൽ എത്താൻ ശശി തരൂരിനെ മുന്നിൽ നിർത്തണമെന്ന പ്രചാരണം ഈയിടെ ചില കേന്ദ്രങ്ങൾ അഴിച്ചു വിട്ടിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം അതിലേക്കു ആകർഷിക്കപ്പെടുകയും പൊടുന്നനെ അവർക്ക് തരൂർ ഫാൻസായി രൂപമാറ്റം സംഭവിക്കുകയും ചെയ്‌തു .പാർട്ടി അറിയാതെ തരൂരിനെ പങ്കെടുപ്പിച്ചു പൊതുയോഗങ്ങളും സ്വീകരണ ചടങ്ങുകളും നടത്തുകയും ചില കോൺഗ്രസ് നേതാക്കളെ തരൂർ അവരുടെ വീടുകളിൽ സന്ദർശിച്ചു കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയുമുണ്ടായി. ഗ്രൂപ്പിന് ഒരു ക്ഷാമവും ഇല്ലാത്ത കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുതിയൊരു തരൂർ ഗ്രൂപ്പ് ഉദയം ചെയ്യുന്നതിൽ നേതാക്കന്മാരെല്ലാം അസ്വസ്ഥരായിരുന്നു. എന്നാൽ, ഈ വിശ്വ പൗരനെ പാർട്ടിക്ക് വിശ്വാസത്തിൽ എടുക്കാൻ കഴിയില്ലെന്നാണ് കർണാടക അനുഭവം തെളിയിക്കുന്നത്. തരൂരിനെ നമ്പാൻ പറ്റില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത ആളുകൾ വരെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ReplyForward |