പത്ത് ദിവസംകൊണ്ട് നൂറ് കോടി; വിജയകുതിപ്പിൽ 2018
റിലീസായി പത്തു ദിവസത്തിനുള്ളിൽ നൂറ് കോടി ക്ലബ്ബിലിടം നേടി ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018. ഇതോടെ കുറച്ച് നാളുകളായി തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന മലയാള സിനിമ വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇതോടെ ചിത്രം. 8 ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 45 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷൻ. റിലീസായി ഒരാഴ്ച കൊണ്ട് തന്നെ 50 കോടി ക്ലബിലെത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കൂടി പ്രദർശനം ആരംഭിച്ചതോടെയാണ് 10 ദിവസത്തിനുള്ളിൽ 100 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് കളക്ഷൻ കുതിച്ചുകയറിയത്.
ജൂഡിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് കൂടിയാണ് കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി എത്തിയ ചിത്രം. ഇനിയുള്ള ദിവസങ്ങളിലും തീയറ്ററുകളിലെ അനുകൂല പ്രതികരണം തുടർന്നാൽ പുലിമുരുകനെ പോലും മറികടന്ന് ചിത്രം ഇൻഡസ്ട്രി ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വലിയ അവകാശവാദങ്ങളോ പ്രൊമോഷനോ ഇല്ലാതെയായിരുന്നു ചിത്രം എത്തിയത്. എന്നാൽ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം വൈറലായതോടെ പിന്നീടുള്ള ഷോയ്ക്കായി ജനം തീയേറ്ററിലേക്ക് ഒഴുകിയെത്തി. 2018 എന്ന ചിത്രത്തിന്റെ ഹിറ്റിലേക്കുള്ള കുതിപ്പാണ് പിന്നെ കണ്ടത്. ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. അഖിൽ പി ധർമജനാണ് തിരക്കഥ, വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.