മാഞ്ഞുപോകുന്ന ചിരി

മാമുക്കോയയുടെ വിയോഗം അന്ത്യം കുറിച്ചത് മലയാള സിനിമയിലെ ഹാസ്യത്തിന്റെ  സുവർണ കാലത്തിന് കൂടിയാണ്. ഒരു കാലത്ത് മലയാള സിനിമ പ്രഗൽഭരായ ഹാസ്യ നടന്മാരാൽ സമ്പന്നമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഇവരിൽ ഏതാണ്ട് എല്ലാവരും കാലത്തിന്റെ യവനികയിൽ മറഞ്ഞു. മാമുക്കോയയും ഇന്നസെന്റുമാണ് ആ പട്ടികയിലെ ഒടുവിലത്തെ പേരുകൾ. അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, ശങ്കരാടി, കൽപന, ഫിലോമിന, മാള അരവിന്ദൻ, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിഎസ്സി ലളിത, കലാഭവൻ മണി എന്നിങ്ങനെ നീളുന്നു ആ പട്ടിക.

കോമഡി ഉണ്ടായിരുന്ന ആദ്യകാല ചിത്രങ്ങളിലൊന്ന് സത്യൻ-ഷീല ചിത്രമായ ഭാഗ്യജാതകമായിരുന്നു. പിന്നീടിങ്ങോട്ട് അടൂർ ഭാസിയും ബഹദൂറും എസ്പി പിള്ളയുമൊക്കെ ചേർന്ന് ഹാസ്യകഥാപാത്രങ്ങളെ ഗംഭീരമാക്കി. ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടം ആവശ്യപ്പെട്ടിരുന്ന ശാരീരികമായ പ്രവൃത്തികൾ കൊണ്ടായിരുന്നു അവരൊക്കെ ആസ്വാദകരെ ചിരിപ്പിച്ചിരുന്നത്. അമിതമായി ഭക്ഷണം കഴിക്കുക,സൈക്കിൾ ടയറിൻറെ കാറ്റ് അഴിച്ചു വിടുക ആ കാലഘട്ടത്തിലെ തമാശരംഗങ്ങൾ അങ്ങനെ നീളുന്നു. നസീർ,സത്യൻ യുഗത്തിലെ നായകന്മാർ ഒരിക്കലും തമാശ പറഞ്ഞിരുന്നില്ല. എൺപതുകളുടെ പകുതിയോടു കൂടിയാണ് നായകന്മാർ ഹാസ്യം കൈകാര്യം ചെയ്ത് തുടങ്ങിയത്. പ്രിയദർശന്റെയും മോഹൻലാലിൻറെയും  വരവ് അതിന് ഏറെ ശക്തി പകർന്നു. നായികയുടെ ഇഷ്ടം നേടുന്നതിന് ഹാസ്യത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ആ കാലഘട്ടത്തിലെ സിനിമകൾ തെളിയിച്ചു.നായകനോട് ചെറിയ തോതിൽ  അസൂയയുള്ള ,അതേ സമയം നായകനെ പാരവെയ്ക്കാൻ ശ്രമിച്ച് കുഴിയിൽ ചാടുന്ന ഹാസ്യ നടന്മാർ ഈ കാലഘട്ടത്തിൽ ഉണ്ടായി(വന്ദനത്തിലെ ജഗദീഷിൻറെ കഥാപാത്രത്തെ ഓർക്കുക).

ചെറുതല്ലാത്ത ചിത്രങ്ങളിൽ നായികയെ സ്വന്തമാക്കാൻ നായകനോട് മത്സരിക്കുന്നതിനിടയിൽ സംഭവിക്കുന്ന അമളികളും ഹാസ്യങ്ങളായി പരിണമിച്ചു(അക്കരെയക്കരെയിലെ ശ്രീനിവാസൻറെ കഥാപാത്രം ഉദാഹരണമാണ്).
ഡയലോഗുകൾ കൊണ്ടും ശാരീരിക പ്രകടനങ്ങൾ കൊണ്ടും മലയാളിയെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത  നടനാണ് ജഗതി ശ്രീകുമാർ. ജൂനിയർ മാൻഡ്രേക്കെന്ന ചിത്രത്തിൽ തലമാത്രം പുറത്തു കാണുന്ന അവസ്ഥയിൽ മണ്ണിൽ കുഴിച്ചിട്ട ജഗതിയുടെ കഥാപാത്രത്തിൻറെ മുഖത്ത് ഈച്ച വന്നിരിക്കുമ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മാത്രം മതി ആ പ്രതിഭയുടെ ക്ളാസ്സ് മനസ്സില്ലാക്കാൻ. എന്നാൽ വാഹനാപകടത്തിൽ  ശാരീരീകമായി തളർന്നതോടെ അദ്ദേഹം സിനിമയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയാണ്. ശ്രീനിവാസന്റേതും ഏറെക്കുറെ സമാന സാഹചര്യമാണ്. രോഗം അദ്ദേഹത്തെയും സിനിമയിൽ നിന്നകറ്റി. അവശേഷിക്കുന്ന താരങ്ങളായ സുരാജ് വെഞ്ഞാറമൂട്,, ഇന്ദ്രൻസ്, സലിം കുമാർ തുടങ്ങിയവരൊക്കെ ഹാസ്യം വിട്ട് ഗൗരവമുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്.

ഇപ്പോൾ ഹാസ്യ സിനിമകളുടെ എണ്ണവും  വളരെ കുറവാണ്. രോമാഞ്ചം, ജയ ജയ ജയ ഹേ, ന്നാ താൻ കേസ് കൊട്, മദനോത്സവം തുടങ്ങിയവയാണ് ഈയടുത്തിറങ്ങിയ ഹാസ്യ സിനിമകൾ. ആ സിനിമകൾ തീയറ്ററിൽ നിന്ന് നേടിയ വിജയം സൂചിപ്പിക്കുന്നത് കോമഡി സിനിമകൾ ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരമാണ് എന്നാണ്. പണ്ടത്തേതു പോലെ ഹാസ്യ താരങ്ങളില്ലാത്തതും അത്തരം സിനിമകളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. മലയാള സിനിമയുടെ ഇനിയൊരിക്കലും തിരികെ വരാത്ത ആ സുവർണ കാലം നമ്മളൊക്കെ മിസ് ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ മലയാള സിനിമയിൽ നിന്നും ചിരി മാഞ്ഞു കൊണ്ടിരിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *